ആഢംബര ആഭരണലോകത്തെ അതികായന്‍ പൗലോ ബള്‍ഗാരി അന്തരിച്ചു; വിടവാങ്ങിയത് 89ാം വയസില്‍

ആഢംബര ആഭരണലോകത്തെ അതികായന്‍ പൗലോ ബള്‍ഗാരി അന്തരിച്ചു; വിടവാങ്ങിയത് 89ാം വയസില്‍


റോം: ലോകപ്രശസ്ത ആഢംബര ആഭരണ ബ്രാന്‍ഡായ ബള്‍ഗാരിയെ (Bvlgari) ആഗോളതലത്തില്‍ ശ്രദ്ധേയമായ സ്ഥാപനമാക്കി വളര്‍ത്തുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച ഇറ്റാലിയന്‍ വ്യവസായി പൗലോ ബള്‍ഗാരി (89) അന്തരിച്ചു. നവംബര്‍ 21നായിരുന്നു അന്ത്യം. മരണകാരണം സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. ബള്‍ഗാരി കമ്പനി സമൂഹമാധ്യമങ്ങളിലൂടെ പുറത്തിറക്കിയ പ്രസ്താവനയിലാണ് മരണവിവരം അറിയിച്ചത്.

കമ്പനിയുടെ സ്ഥാപകനായ സോതിരിയോ ബള്‍ഗാരിയുടെ കൊച്ചുമകനും 1984 മുതല്‍ ബള്‍ഗാരി ഗ്രൂപ്പിന്റെ ചെയര്‍മാനുമായിരുന്നു പൗലോ. 1960ല്‍ പിതാവിനൊപ്പം കുടുംബ ബിസിനസില്‍ പ്രവര്‍ത്തനം ആരംഭിച്ച അദ്ദേഹം വിലയേറിയ രത്‌നങ്ങളെക്കുറിച്ചുള്ള ആഴത്തിലുള്ള അറിവും ആഭരണനിര്‍മാണത്തിലെ സവിശേഷമായ സൗന്ദര്യബോധവും കൊണ്ട് ശ്രദ്ധേയനായി. ലോകത്തെ പ്രമുഖ രത്‌നവിദഗ്ധരില്‍ ഒരാളായി അറിയപ്പെട്ടിരുന്ന അദ്ദേഹം ബള്‍ഗാരി ആഭരണങ്ങളുടെ തനതായ രൂപശൈലി വികസിപ്പിക്കുന്നതില്‍ വലിയ പങ്കുവഹിച്ചു.

1937ല്‍ റോമിലായിരുന്നു പൗലോ ബള്‍ഗാരിയുടെ ജനനം. ഗ്രീക്ക് വെള്ളിപ്പണിക്കാരനായിരുന്ന മുത്തച്ഛന്‍ സോതിരിയോ ബള്‍ഗാരിയാണ് കുടുംബ ബിസിനസിന് തുടക്കമിട്ടത്. വടക്കുപടിഞ്ഞാറന്‍ ഗ്രീസിലെ പരാമിത്തിയ ഗ്രാമത്തില്‍ ജനിച്ച സോതിരിയോ 1884ല്‍ ഇറ്റലിയിലെ റോമില്‍ ആഭരണനിര്‍മാണ സ്ഥാപനം ആരംഭിക്കുകയായിരുന്നു. കുടുംബത്തിലെ മൂന്നാം തലമുറയെ പ്രതിനിധീകരിച്ച പൗലോ 1960ല്‍ പിതാവ് ജോര്‍ജിയോയ്‌ക്കൊപ്പം സ്ഥാപനത്തിന്റെ പ്രവര്‍ത്തനങ്ങളില്‍ സജീവമായി.

രത്‌നങ്ങളുടെ പ്രത്യേകതകളും അവയുടെ ഉപയോഗവും സംബന്ധിച്ച അറിവ് ആഭരണനിര്‍മാണത്തില്‍ പ്രയോജനപ്പെടുത്തിയ പൗലോയുടെ സൃഷ്ടിപരമായ സമീപനമാണ് ബള്‍ഗാരിയുടെ തനതായ ശൈലിക്ക് രൂപം നല്‍കിയത്. തിളക്കമുള്ള വിലയേറിയ രത്‌നങ്ങള്‍, വ്യത്യസ്ത നിറങ്ങളുടെ സമന്വയം, വലിപ്പമേറിയ സ്വര്‍ണാഭരണങ്ങള്‍ എന്നിവ ബള്‍ഗാരി ആഭരണങ്ങളുടെ മുഖമുദ്രയായി. പുരാതന റോമന്‍, ഇറ്റാലിയന്‍ കലാരൂപങ്ങളില്‍നിന്നുള്ള പ്രചോദനവും ഈ ശൈലിയില്‍ പ്രകടമായിരുന്നു.

1984ല്‍ കമ്പനിയുടെ ചെയര്‍മാനായ പൗലോ, സഹോദരന്‍ നിക്കോളയോടും സഹോദരപുത്രന്‍ ഫ്രാന്‍സെസ്‌കോ ട്രപാനിയോടുമൊപ്പം സ്ഥാപനത്തിന്റെ ആഗോളവ്യാപനത്തിന് നേതൃത്വം നല്‍കി. ഇറ്റലിക്ക് പുറത്തേക്ക് പ്രവര്‍ത്തനം വ്യാപിപ്പിച്ച കമ്പനി ന്യൂയോര്‍ക്ക്, പാരിസ്, ജനീവ, മോണ്ടെ കാര്‍ലോ തുടങ്ങിയ നഗരങ്ങളില്‍ ആഡംബര ഷോറൂമുകള്‍ ആരംഭിച്ചു. ആഭരണങ്ങള്‍ക്കു പുറമെ വാച്ചുകള്‍, സുഗന്ധദ്രവ്യങ്ങള്‍, തുകല്‍ ഉല്‍പന്നങ്ങള്‍, ആഡംബര ഹോട്ടലുകള്‍ തുടങ്ങിയ മേഖലകളിലേക്കും ബള്‍ഗാരി പ്രവര്‍ത്തനം വ്യാപിപ്പിച്ചു.

അന്താരാഷ്ട്ര സിനിമാതാരങ്ങള്‍ക്കും പ്രമുഖ വ്യക്തികള്‍ക്കും പ്രിയപ്പെട്ട ആഡംബര ബ്രാന്‍ഡായി ബള്‍ഗാരി മാറിയതിനു പിന്നിലും പൗലോയുടെ സംഭാവനയുണ്ട്. ഹോളിവുഡ് ഇതിഹാസതാരം എലിസബത്ത് ടെയ്‌ലര്‍ ബള്‍ഗാരി ആഭരണങ്ങളുടെ ഏറ്റവും പ്രശസ്തയായ ആരാധികയായിരുന്നു. സോഫിയ ലോറന്‍, ആന്‍ ഹാതവേ, റിഹാന, സെന്‍ഡയ തുടങ്ങിയ പ്രമുഖരും ബ്രാന്‍ഡുമായി ബന്ധപ്പെട്ടിട്ടുണ്ട്.

2011ല്‍ അഞ്ച് ബില്യണ്‍ ഡോളറിലേറെ മൂല്യമുള്ള ഇടപാടിലൂടെ ബള്‍ഗാരി കുടുംബം കമ്പനിയിലെ നിയന്ത്രണ ഓഹരികള്‍ ഫ്രഞ്ച് ആഡംബര ഉല്‍പന്ന ഗ്രൂപ്പായ എല്‍വിഎംഎച്ചിന് (ഘഢങഒ) വിറ്റു. ഇതോടെ പതിറ്റാണ്ടുകളായി കുടുംബത്തിന്റെ നേരിട്ടുള്ള ഉടമസ്ഥതയിലായിരുന്ന സ്ഥാപനത്തിന്റെ നിയന്ത്രണം മാറി. രണ്ടു വിവാഹങ്ങളിലായി ആറു മക്കളുണ്ട്. സംസ്‌കാരം നവംബര്‍ 23ന് റോമിലെ ബസിലിക്ക ഓഫ് സാന്താ ക്രോച്ചെ ഇന്‍ ജെറുസലേമില്‍ നടക്കും. രത്‌നങ്ങളുടെ സൗന്ദര്യവും കലാപരമായ മികവും സമന്വയിപ്പിച്ച് ആഗോള ആഭരണവിപണിയില്‍ ബള്‍ഗാരിക്ക് സവിശേഷമായ സ്ഥാനം നേടിക്കൊടുത്ത വ്യക്തിത്വമായിരുന്നു പൗലോ ബള്‍ഗാരി.