ഹോര്‍മുസ് കടലിടുക്കില്‍ 15 കിലോമീറ്റര്‍ നീന്തി ബ്രിട്ടീഷ് നീന്തല്‍ താരം; യുദ്ധം സമുദ്രപരിസ്ഥിതിക്ക് വന്‍ ഭീഷണിയെന്ന് മുന്നറിയിപ്പ്

ഹോര്‍മുസ് കടലിടുക്കില്‍ 15 കിലോമീറ്റര്‍ നീന്തി ബ്രിട്ടീഷ് നീന്തല്‍ താരം; യുദ്ധം സമുദ്രപരിസ്ഥിതിക്ക് വന്‍ ഭീഷണിയെന്ന് മുന്നറിയിപ്പ്


ദോഹ: ഹോര്‍മുസ് കടലിടുക്കില്‍ 15 കിലോമീറ്റര്‍ ദൂരം നീന്തി ബ്രിട്ടീഷ് എന്‍ഡുറന്‍സ് നീന്തല്‍ താരവും ഐക്യരാഷ്ട്രസഭയുടെ സമുദ്ര സംരക്ഷണ അംബാസഡറുമായ ലൂയിസ് പ്യൂ. മൂന്ന് ദിവസം നീണ്ട നീന്തല്‍ ദൗത്യത്തിലൂടെ യുദ്ധം സമുദ്രപരിസ്ഥിതിക്ക് വരുത്തുന്ന ഗുരുതരമായ പ്രത്യാഘാതങ്ങള്‍ ലോകശ്രദ്ധയില്‍ കൊണ്ടുവരികയായിരുന്നു ലക്ഷ്യം. കടലിടുക്ക് വീണ്ടും തുറക്കണമെന്നും സമുദ്രത്തിലെ മലിനീകരണം നീക്കം ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.


ഒമാന്‍ തീരത്തോട് ചേര്‍ന്നുള്ള ഹോര്‍മുസ് കടലിടുക്കിന്റെ ഭാഗങ്ങളിലായിരുന്നു കഴിഞ്ഞയാഴ്ച പ്യൂ നീന്തിയത്. നീന്തല്‍ തുടങ്ങി അരമണിക്കൂറിനകം ഏതാനും കിലോമീറ്റര്‍ അകലെ ഒരു എണ്ണക്കപ്പലിനു നേരെ ആക്രമണമുണ്ടായി. തുടര്‍ന്നുള്ള ദിവസങ്ങളിലും ആക്രമണങ്ങള്‍ ഉണ്ടാകുകയും ചില കപ്പലുകള്‍ക്ക് തീപിടിക്കുകയും ചെയ്തു. ഇതൊന്നും വകവയ്ക്കാതെ മസ്‌കന്ദം ഉപദ്വീപില്‍നിന്ന് നീന്തല്‍ ആരംഭിച്ച അദ്ദേഹം കേപ് ഓഫ് ഹോര്‍മുസിന്റെ ഒരു ഭാഗം ചുറ്റി ദൗത്യം പൂര്‍ത്തിയാക്കി.

ഏറ്റവും കുറഞ്ഞ വീതിയില്‍ 39 കിലോമീറ്റര്‍ മാത്രം അകലമുള്ള കടലിടുക്കിന്റെ ഒരു വശത്ത് ഒമാനും മറുവശത്ത് ഇറാനുമാണ്. തന്ത്രപ്രധാനമായ കപ്പല്‍ ഗതാഗത പാത എന്നതിനപ്പുറം അതീവ മനോഹരമായ സമുദ്ര ആവാസവ്യവസ്ഥ കൂടിയാണ് ഹോര്‍മുസ് കടലിടുക്കെന്ന് പ്യൂ പറഞ്ഞു. ഡോള്‍ഫിനുകള്‍, കടലാമകള്‍, ഡുഗോങ് തുടങ്ങിയ സമുദ്രജീവികളുടെ ആവാസകേന്ദ്രമാണിത്.

എണ്ണക്കപ്പലുകള്‍ക്കും വാതകവാഹക കപ്പലുകള്‍ക്കും മറ്റ് ചരക്കുകപ്പലുകള്‍ക്കും നേരെ തുടര്‍ച്ചയായി ആക്രമണങ്ങള്‍ നടക്കുകയാണ്. യുദ്ധം സൃഷ്ടിക്കുന്ന പരിസ്ഥിതി ആഘാതങ്ങള്‍ തലമുറകളോളം നിലനില്‍ക്കുമെന്ന് തന്റെ വെബ്‌സൈറ്റിലെ കുറിപ്പില്‍ പ്യൂ മുന്നറിയിപ്പ് നല്‍കി.

യുദ്ധം അവസാനിപ്പിക്കുക, ഹോര്‍മുസ് കടലിടുക്ക് തുറക്കുക, മലിനീകരണം നീക്കം ചെയ്യുക എന്നതാണ് തന്റെ സന്ദേശമെന്നും അദ്ദേഹം വ്യക്തമാക്കി.

അന്റാര്‍ട്ടിക്ക, ഉത്തരധ്രുവം, ചെങ്കടല്‍ എന്നിവിടങ്ങളില്‍ നേരത്തെയും ശ്രദ്ധേയമായ നീന്തല്‍ ദൗത്യങ്ങള്‍ നടത്തിയിട്ടുള്ള പ്യൂ, സുരക്ഷിതമായി നീന്താനും മത്സ്യബന്ധനം നടത്താനും കഴിയുന്നത്ര ശുദ്ധമായ നദികളും ജലാശയങ്ങളും സംരക്ഷിക്കണമെന്ന സന്ദേശമാണ് ഇത്തരം പ്രവര്‍ത്തനങ്ങളിലൂടെ മുന്നോട്ടുവയ്ക്കുന്നത്.