തേജസ്വി യാദവിനെ ഉദ്ഘാടനച്ചടങ്ങിലേക്ക് ക്ഷണിച്ചില്ല; നിതീഷ് സേതു ഉദ്ഘാടനത്തിന് പിന്നാലെ വിവാദം

തേജസ്വി യാദവിനെ ഉദ്ഘാടനച്ചടങ്ങിലേക്ക് ക്ഷണിച്ചില്ല; നിതീഷ് സേതു ഉദ്ഘാടനത്തിന് പിന്നാലെ വിവാദം


പട്‌ന: പ്രധാനമന്ത്രി നരേന്ദ്ര മോഡി ഉദ്ഘാടനം ചെയ്ത് മണിക്കൂറുകള്‍ക്കകം ബിഹാറിലെ നിതീഷ് സേതുവില്‍ എന്‍ഡിഎയുടെ ബാനറുകളും പോസ്റ്ററുകളും വലിച്ചുകീറി രാഷ്ട്രീയ വിവാദം സൃഷ്ടിച്ച് രാഷ്ട്രീയ ജനതാദള്‍ (ആര്‍ ജെ ഡി) പ്രവര്‍ത്തകര്‍. പട്‌നയില്‍ പാലത്തിന്റെ ഉദ്ഘാടനം കഴിഞ്ഞതിന് പിന്നാലെയാണ് സംഭവം. പ്രതിപക്ഷ നേതാവ് തേജസ്വി യാദവിനെ ഉദ്ഘാടനച്ചടങ്ങിലേക്ക് ക്ഷണിക്കാത്തതിലുള്ള പ്രതിഷേധമാണ് സംഘര്‍ഷാവസ്ഥയ്ക്ക് കാരണമായതെന്നാണ് റിപ്പോര്‍ട്ടുകള്‍.

ആര്‍ ജെ ഡി പ്രവര്‍ത്തകര്‍ കൂട്ടമായെത്തി ഭരണകക്ഷിയായ എന്‍ ഡി എയുടെ ബാനറുകളും പോസ്റ്ററുകളും നശിപ്പിക്കുന്നതിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചു. പാര്‍ട്ടി അധ്യക്ഷന്‍ ലാലു പ്രസാദ് യാദവിനും തേജസ്വി യാദവിനും അനുകൂലമായി പ്രവര്‍ത്തകര്‍ മുദ്രാവാക്യം വിളിച്ചു. പാര്‍ട്ടി പതാകകളുമായി പാലത്തിലെത്തിയ പ്രവര്‍ത്തകര്‍ പോസ്റ്ററുകള്‍ വലിച്ചുകീറുകയും മുദ്രാവാക്യം മുഴക്കുകയും ചെയ്തു. സ്ഥലത്ത് വിന്യസിച്ചിരുന്ന പൊലീസിന് ജനക്കൂട്ടത്തെ നിയന്ത്രിക്കാന്‍ കഴിയാത്ത സ്ഥിതിയുണ്ടായതായും ദൃശ്യങ്ങളില്‍ കാണാം.

പാലത്തിന്റെ പേരിനെച്ചൊല്ലിയും ബിഹാറില്‍ രാഷ്ട്രീയ വിവാദം ശക്തമായി. മുന്‍ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ പേരില്‍ പാലത്തിന് 'നിതീഷ് സേതു' എന്ന് പേരിടുമെന്ന് ബി ജെ പി പ്രഖ്യാപിച്ചിരുന്നു. എന്നാല്‍, നേരത്തെ ബിഹാര്‍ നിയമസഭയില്‍ ഗുരു ഗോബിന്ദ് സിങ്ങിന്റെ പേര് പാലത്തിന് നല്‍കണമെന്നാവശ്യപ്പെട്ട് സ്വകാര്യ അംഗപ്രമേയം അവതരിപ്പിച്ചിരുന്നതായി തേജസ്വി യാദവ് അവകാശപ്പെട്ടു. രാഷ്ട്രീയ താത്പര്യങ്ങള്‍ മുന്‍നിര്‍ത്തി സര്‍ക്കാര്‍ മുന്‍ നിലപാടില്‍നിന്ന് പിന്നോട്ടുപോയെന്നും അദ്ദേഹം ആരോപിച്ചു.

വികസനപ്രവര്‍ത്തനങ്ങളെ സ്വാഗതം ചെയ്യുന്നതിനുപകരം രാഷ്ട്രീയ നാടകങ്ങളുമായി രംഗത്തെത്തുകയാണ് പ്രതിപക്ഷമെന്ന് ബി ജെ പി വക്താവ് നീരജ് കുമാര്‍ ശര്‍മ ആരോപിച്ചു. പാലം ഉദ്ഘാടനം ചെയ്യാന്‍ പ്രധാനമന്ത്രി എത്തിയതിനെയും അദ്ദേഹം ചോദ്യം ചെയ്തു. ഏകദേശം 18 മാസം മുമ്പ് നിതീഷ് കുമാര്‍ തന്നെ പാലം ഉദ്ഘാടനം ചെയ്തതാണെന്നായിരുന്നു അദ്ദേഹത്തിന്റെ വാദം.

നവംബര്‍ 21നാണ് 9.76 കിലോമീറ്റര്‍ നീളമുള്ള നിതീഷ് സേതു പ്രധാനമന്ത്രി നരേന്ദ്ര മോഡി ഉദ്ഘാടനം ചെയ്തത്. ഏകദേശം 4,280 കോടി രൂപ ചെലവില്‍ നിര്‍മിച്ച ആറുവരി പാലം കച്ചി ദര്‍ഗയെയും ബിദുപുരിനെയും ബന്ധിപ്പിക്കുന്നു.