ബെംഗാസി: ലിബിയയിലെ ബെംഗാസി തുറമുഖത്ത് നങ്കൂരമിട്ടിരുന്ന റഷ്യന്‍ നാവികസേനയുടെ യുദ്ധക്കപ്പലിന് നേരെ യുക്രെയ്ന്‍ കടല്‍ ഡ്രോണ്‍ ആക്രമണമെന്ന് സംശയം. ആക്രമണത്തെത്തുടര്‍ന്നുണ്ടായ സ്‌ഫോടനത്തിലും തീപിടിത്തത്തിലും കപ്പല്‍ ഭാഗികമായി മുങ്ങി. റഷ്യന്‍ യുദ്ധക്കപ്പലായ മെര്‍ക്കുറിയാണ് ആക്രമണത്തിനിരയായത്. ഇന്ധനം നിറയ്ക്കുന്നതിനും മറ്റ് അവശ്യസാധനങ്ങള്‍ ശേഖരിക്കുന്നതിനുമായി റഷ്യയും കിഴക്കന്‍ ലിബിയയിലെ ഭരണകൂടവും തമ്മിലുള്ള സഹകരണ കരാറിന്റെ അടിസ്ഥാനത്തിലാണ് കപ്പല്‍ തുറമുഖത്തെത്തിയത്.
കപ്പലിന്റെ ഭൂരിഭാഗവും വെള്ളത്തിനടിയിലായെന്നും മുന്‍ഭാഗം മാത്രമാണ് വെള്ളത്തിന് മുകളില്‍ ദൃശ്യമായതെന്നും ഉപഗ്രഹ ചിത്രങ്ങള്‍ വ്യക്തമാക്കുന്നു. ചിത്രങ്ങള്‍ പുറത്തുവിട്ട വാന്റര്‍ എന്ന ഉപഗ്രഹ ചിത്രീകരണ സ്ഥാപനത്തിന്റെ ദൃശ്യങ്ങളില്‍ കപ്പലിനു ചുറ്റും പുകയും അവശിഷ്ടങ്ങളും കാണാം. യുക്രെയ്ന്‍ സേനയുടെ നിയന്ത്രണത്തിലുള്ള പടിഞ്ഞാറന്‍ ലിബിയയിലെ ഒരു കേന്ദ്രത്തില്‍നിന്നാണ് കടല്‍ ഡ്രോണുകള്‍ വിക്ഷേപിച്ചതെന്ന് രണ്ട് ലിബിയന്‍ സൈനിക ഉദ്യോഗസ്ഥര്‍ അസോസിയേറ്റഡ് പ്രസിനോട് പറഞ്ഞു.
നാലിലധികം ഡ്രോണുകളെ പ്രതിരോധസേന തടഞ്ഞെങ്കിലും രണ്ടെണ്ണം കപ്പലില്‍ പതിച്ചതായാണ് ഉദ്യോഗസ്ഥരുടെ വിശദീകരണം. സംഭവത്തില്‍ റഷ്യയോ യുക്രെയ്‌നോ ഔദ്യോഗിക പ്രതികരണം നടത്തിയിട്ടില്ല. അതേസമയം, ആക്രമണത്തില്‍ ലിബിയന്‍, റഷ്യന്‍ പൗരന്മാര്‍ കൊല്ലപ്പെട്ടതായി പ്രാദേശിക വൃത്തങ്ങളെ ഉദ്ധരിച്ച് അല്‍ജസീറ റിപ്പോര്‍ട്ട് ചെയ്തു. കപ്പലില്‍ ആയുധങ്ങളും വെടിക്കോപ്പുകളും ഡ്രോണുകളും ഉണ്ടായിരുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. മൂന്ന് ഡ്രോണുകള്‍ കപ്പലിനെ ആക്രമിക്കുന്നത് കണ്ടതായി പ്രദേശവാസികള്‍ അറിയിച്ചെങ്കിലും ഈ വിവരങ്ങള്‍ സ്വതന്ത്രമായി സ്ഥിരീകരിച്ചിട്ടില്ല.
തീപിടിത്തം നിയന്ത്രണവിധേയമാക്കിയതായി കിഴക്കന്‍ ലിബിയയിലെ ഭരണകൂടം അറിയിച്ചു. ആക്രമണം എവിടെനിന്നാണ് ഉണ്ടായതെന്ന് കണ്ടെത്താന്‍ റഷ്യയുമായി ചേര്‍ന്ന് സംയുക്ത അന്വേഷണം നടത്തുമെന്നും വ്യക്തമാക്കി. ലിബിയയുടെ പരമാധികാരത്തിനുമേലുള്ള കടന്നുകയറ്റവും സമുദ്രസുരക്ഷയ്ക്കുള്ള ഭീഷണിയുമാണ് ആക്രമണമെന്ന് ഭരണകൂടം കുറ്റപ്പെടുത്തി. അന്താരാഷ്ട്ര സംഘര്‍ഷങ്ങള്‍ തീര്‍പ്പാക്കാനുള്ള വേദിയായി ലിബിയന്‍ തുറമുഖങ്ങളെയും ഭൂപ്രദേശങ്ങളെയും സമുദ്രാതിര്‍ത്തികളെയും ഉപയോഗിക്കാന്‍ അനുവദിക്കില്ലെന്നും റഷ്യയുക്രെയ്ന്‍ യുദ്ധത്തില്‍ ലിബിയ കക്ഷിയല്ലെന്നും ഭരണകൂടം പ്രസ്താവനയില്‍ വ്യക്തമാക്കി.
അതിനിടെ, ബെംഗാസി തീരത്തിന് സമീപം മാള്‍ട്ടയുടെ പതാകയുള്ള വാണിജ്യക്കപ്പലിനുനേരെയും ഞായറാഴ്ച വൈകുന്നേരം കടല്‍ ഡ്രോണ്‍ ആക്രമണമുണ്ടായി. ആക്രമണത്തില്‍ പരിക്കേറ്റ ജീവനക്കാരെല്ലാവരെയും രക്ഷപ്പെടുത്തി ചികിത്സയ്ക്കായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി കിഴക്കന്‍ ലിബിയയിലെ ആരോഗ്യ മന്ത്രാലയം അറിയിച്ചു. മെഡിറ്ററേനിയന്‍ തീരത്ത് ലിബിയന്‍ നാവികവ്യോമസേനകള്‍ കുറഞ്ഞത് 12 കടല്‍ ഡ്രോണുകള്‍ കൂടി തകര്‍ത്തതായി അല്‍മസാര്‍ ടെലിവിഷന്‍ റിപ്പോര്‍ട്ട് ചെയ്തു. രാജ്യത്തെ തുറമുഖങ്ങളെയും സിവിലിയന്‍ അടിസ്ഥാനസൗകര്യങ്ങളെയും വിദേശ സംഘര്‍ഷങ്ങളിലേക്ക് വലിച്ചിഴയ്ക്കാനുള്ള നീക്കങ്ങളില്‍ പടിഞ്ഞാറന്‍ ലിബിയയിലെ ഭരണകൂടവും ആശങ്ക പ്രകടിപ്പിച്ചു.
ലിബിയയില്‍ യുക്രെയ്ന്‍ സൈനികരഹസ്യാന്വേഷണ ഉദ്യോഗസ്ഥര്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന ആരോപണങ്ങള്‍ക്കിടയിലാണ് പുതിയ ആക്രമണം. 2011ല്‍ നാറ്റോ പിന്തുണയോടെ നടന്ന കലാപത്തില്‍ ദീര്‍ഘകാല ഭരണാധികാരിയായിരുന്ന മുഅമ്മര്‍ ഗദ്ദാഫി പുറത്താക്കപ്പെട്ടതിനു പിന്നാലെ രാജ്യം എതിരാളികളായ രണ്ട് ഭരണകൂടങ്ങളുടെ നിയന്ത്രണത്തിലായി. യു.എന്‍ അംഗീകരിച്ച സര്‍ക്കാര്‍ തലസ്ഥാനമായ ട്രിപ്പോളി കേന്ദ്രീകരിച്ച് പടിഞ്ഞാറന്‍ ലിബിയ ഭരിക്കുമ്പോള്‍ കിഴക്കന്‍ മേഖലയില്‍ മറ്റൊരു ഭരണകൂടമാണ് അധികാരം കൈയാളുന്നത്.
കിഴക്കന്‍ ലിബിയന്‍ സര്‍ക്കാരിന്റെ തലവന്‍ ഒസാമ ഹമ്മാദ് സംഭവത്തില്‍ അന്താരാഷ്ട്ര അന്വേഷണം ആവശ്യപ്പെട്ടിട്ടുണ്ട്. ഡ്രോണുകള്‍ വിക്ഷേപിച്ചത് പടിഞ്ഞാറന്‍ ലിബിയയില്‍നിന്നാണോയെന്ന് ഐക്യരാഷ്ട്രസഭ പരിശോധിക്കണമെന്നും രാജ്യത്ത് യുക്രെയ്ന്‍ സൈനിക വിദഗ്ധരുടെ സാന്നിധ്യമുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ സ്ഥിരീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. റഷ്യന്‍ യുദ്ധക്കപ്പലിനെതിരായ ആക്രമണം മേഖലയില്‍ കൂടുതല്‍ നയതന്ത്രസൈനിക സംഘര്‍ഷങ്ങള്‍ക്ക് വഴിവെക്കുമോയെന്ന ആശങ്കയും ഉയര്‍ന്നിട്ടുണ്ട്.
ലിബിയന്‍ തുറമുഖത്ത് റഷ്യന്‍ യുദ്ധക്കപ്പലിന് നേരെ ഡ്രോണ്‍ ആക്രമണം; കപ്പല്‍ ഭാഗികമായി മുങ്ങി
