ലിബിയന്‍ തീരത്ത് രണ്ട് റഷ്യന്‍ കപ്പലുകള്‍ക്കുനേരെ ആക്രമണം; ഉത്തരവാദിത്തം ഏറ്റെടുത്ത് യുക്രെയ്ന്‍

ലിബിയന്‍ തീരത്ത് രണ്ട് റഷ്യന്‍ കപ്പലുകള്‍ക്കുനേരെ ആക്രമണം; ഉത്തരവാദിത്തം ഏറ്റെടുത്ത് യുക്രെയ്ന്‍


കീവ്: ലിബിയന്‍ തീരത്ത് രണ്ട് റഷ്യന്‍ കപ്പലുകള്‍ക്കുനേരെ നടത്തിയ ആക്രമണത്തിന്റെ ഉത്തരവാദിത്തം യുക്രെയ്ന്‍ ഏറ്റെടുത്തു. ആക്രമണത്തില്‍ റഷ്യന്‍ യുദ്ധക്കപ്പലായ 'മെര്‍ക്കുറി' മുക്കിയതായും പ്രസിഡന്റ് വൊളോഡിമിര്‍ സെലന്‍സ്‌കി അവകാശപ്പെട്ടു. റഷ്യയും യുക്രെയ്നും തമ്മിലുള്ള യുദ്ധം പുറത്തേക്കും വ്യാപിക്കുന്നതിന്റെ സൂചനയായാണ് സംഭവം വിലയിരുത്തപ്പെടുന്നത്.

ഞായറാഴ്ച ലിബിയയിലെ ബെന്‍ഗാസി തുറമുഖത്തിന് സമീപമായിരുന്നു ആക്രമണം. റഷ്യന്‍ ലക്ഷ്യങ്ങള്‍ക്കെതിരെ യുദ്ധമേഖലയില്‍നിന്ന് അകലെയുള്ള പ്രദേശങ്ങളിലും ആക്രമണം ശക്തമാക്കിവരുന്നതിനിടെയാണ് യുക്രെയ്ന്റെ നടപടി.

ഏഴ് യുക്രെയ്ന്‍ നിര്‍മിത നാവിക ഡ്രോണുകള്‍ ഉപയോഗിച്ചാണ് ആക്രമണം നടത്തിയതെന്ന് സെലന്‍സ്‌കി എക്‌സില്‍ കുറിച്ചു. ശത്രുവിന്റെ പ്രതിരോധശ്രമങ്ങള്‍ മറികടന്ന് റഷ്യന്‍ കൊര്‍വെറ്റ് യുദ്ധക്കപ്പലായ 'മെര്‍ക്കുറി' മുക്കിയെന്നാണ് അദ്ദേഹത്തിന്റെ അവകാശവാദം. 2023ല്‍ സര്‍വീസില്‍ പ്രവേശിപ്പിച്ച റഷ്യയുടെ ഏറ്റവും പുതിയ യുദ്ധക്കപ്പലുകളിലൊന്നാണ് മെര്‍ക്കുറിയെന്നും അദ്ദേഹം പറഞ്ഞു.

ആയുധങ്ങള്‍ കടത്താന്‍ റഷ്യ ഉപയോഗിച്ചിരുന്ന എം വി അംഗാര എന്ന ചരക്കുകപ്പലായിരുന്നു രണ്ടാമത്തെ ലക്ഷ്യമെന്നും ആക്രമണത്തില്‍ കപ്പലിന് പ്രഹരമേറ്റതായും സെലന്‍സ്‌കി അവകാശപ്പെട്ടു. മെര്‍ക്കുറി കപ്പലിനുനേരെയുണ്ടായ ആക്രമണത്തില്‍ കെ എ-27 വിഭാഗത്തില്‍പ്പെട്ട യുദ്ധ ഹെലികോപ്റ്ററും തകര്‍ത്തതായി അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം, ആക്രമണങ്ങളെ ഐക്യരാഷ്ട്രസഭ ശക്തമായി അപലപിച്ചു. ആഭ്യന്തര യുദ്ധത്തിനുശേഷവും രാഷ്ട്രീയമായി വിഭജിക്കപ്പെട്ട നിലയില്‍ തുടരുന്ന ലിബിയ വിദേശ സംഘര്‍ഷങ്ങളുടെ യുദ്ധഭൂമിയായി മാറുമോയെന്ന ആശങ്കയും യു എന്‍ പ്രകടിപ്പിച്ചു.

'ലിബിയയ്ക്ക് വിദേശ സംഘര്‍ഷങ്ങളുടെ യുദ്ധഭൂമിയായി മാറാന്‍ കഴിയില്ല; അങ്ങനെ സംഭവിക്കാനും പാടില്ല' എന്ന് ലിബിയയിലെ ഐക്യരാഷ്ട്രസഭാ പിന്തുണാ ദൗത്യമായ യു എന്‍ എസ് എം ഐ എല്‍ എക്‌സില്‍ കുറിച്ചു. ആക്രമണങ്ങളെക്കുറിച്ച് അടിയന്തരവും സ്വതന്ത്രവും സുതാര്യവുമായ അന്വേഷണം നടത്തണമെന്നും സംഘടന ആവശ്യപ്പെട്ടു.

ഫിന്‍ലന്‍ഡിന്റെ സമുദ്രാതിര്‍ത്തിക്ക് സമീപം കിഴക്കന്‍ ബാള്‍ട്ടിക് കടലില്‍ ശനിയാഴ്ച റഷ്യന്‍ ചരക്കുകപ്പലിനുനേരെ ഡ്രോണ്‍ ആക്രമണം നടന്നിരുന്നു. ഇതിന് പിന്നില്‍ യുക്രെയ്നാണെന്നാണ് ഫിന്‍ലന്‍ഡ് അതിര്‍ത്തി സേനയുടെ വിലയിരുത്തല്‍. ഇതിന് പിന്നാലെയാണ് ലിബിയന്‍ തീരത്തും ആക്രമണമുണ്ടായത്.

അതിനിടെ, ഞായറാഴ്ച വൈകുന്നേരം ബെന്‍ഗാസി തീരത്ത് മാള്‍ട്ടയുടെ പതാകയേന്തിയ വാണിജ്യക്കപ്പലിനുനേരെയും കടല്‍ ഡ്രോണ്‍ ആക്രമണമുണ്ടായി. ആക്രമണത്തില്‍ പരിക്കേറ്റ കപ്പല്‍ ജീവനക്കാരെയെല്ലാം രക്ഷപ്പെടുത്തിയതായും അവര്‍ക്ക് ചികിത്സ ലഭ്യമാക്കിവരുന്നതായും കിഴക്കന്‍ ലിബിയന്‍ ഭരണകൂടത്തിനു കീഴിലുള്ള ആരോഗ്യ മന്ത്രാലയം അറിയിച്ചു.