ന്യൂഡല്‍ഹി: വാട്സാപ്പിൽ ഔദ്യോഗികമോ അതീവ പ്രധാനമോ ആയ കാര്യങ്ങൾ കൈകാര്യം ചെയ്യുന്നത് ഒഴിവാക്കണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള ഇന്ത്യൻ സൈബർ ക്രൈം കോർഡിനേഷൻ സെന്ററിന്റെ കർശന മുന്നറിയിപ്പ്. വാട്സാപ്പ് വെബ് സെഷനുകൾ ദുരുപയോഗം ചെയ്ത് സൈബർ കുറ്റവാളികൾ അക്കൗണ്ടുകൾ കൈക്കലാക്കാൻ സാധ്യതയുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് ഈ സുരക്ഷാ നിർദേശം.
ഓഫീസുകളിലെയും മറ്റ് പൊതുവായ ഇടങ്ങളിലെയും കമ്പ്യൂട്ടറുകളിൽ വാട്സാപ്പ് വെബ് ലോഗിൻ ചെയ്ത് ഔദ്യോഗികമോ അതീവ പ്രധാനമോ ആയ കാര്യങ്ങൾ കൈകാര്യം ചെയ്യുന്നത് ഒഴിവാക്കണമെന്ന് കർശന മുന്നറിയിപ്പ്. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള ഇന്ത്യൻ സൈബർ ക്രൈം കോർഡിനേഷൻ സെന്ററാണ് ജാഗ്രത മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. വാട്സാപ്പ് വെബ് ദുരുപയോഗം ചെയ്ത് സൈബർ കുറ്റവാളികൾ അക്കൗണ്ടുകൾ കൈക്കലാക്കാൻ സാധ്യതയുണ്ട്.
ലോകമെമ്പാടുമുള്ള ബിസിനസ് സ്ഥാപനങ്ങളെയും സംഘടനകളെയും ലക്ഷ്യമിട്ട് തുടർച്ചയായി സൈബർ ആക്രമണങ്ങൾ നടക്കുന്ന സാഹചര്യത്തിലാണ് ഈ മുന്നറിയിപ്പ്. അക്കൗണ്ട് ഉടമയുടെ പേരിൽ ആൾമാറാട്ടം നടത്താനും, വിശ്വസ്തരായ വ്യക്തികളുടെ ഐഡന്റിറ്റി ദുരുപയോഗം ചെയ്യാനും സാധിക്കുമെന്ന് ഇന്ത്യൻ സൈബർ ക്രൈം കോർഡിനേഷൻ സെന്ററിന്റെ നാഷണൽ സൈബർ ക്രൈം ത്രെറ്റ് അനലിറ്റിക്സ് യൂണിറ്റ് പുറപ്പെടുവിച്ച പ്രസ്താവനയിൽ വ്യക്തമാക്കുന്നു.
കമ്പ്യൂട്ടറുകളിൽ ലോഗിൻ ചെയ്തിരിക്കുന്ന വാട്സാപ്പ് വെബ് സെഷനുകൾ ഉപയോക്താവ് അറിയാതെ മറ്റുള്ളവർക്ക് ദുരുപയോഗം ചെയ്യാൻ സാധിക്കും. ബ്രൗസർ വിൻഡോയോ ടാബോ വെറുതെ ക്ലോസ് ചെയ്തതുകൊണ്ട് മാത്രം വാട്സാപ്പ് വെബ് സെഷൻ അവസാനിക്കുന്നില്ല. ഇത് പലപ്പോഴും അക്കൗണ്ട് സജീവമായി തുടരാൻ കാരണമാകുകയും യഥാർഥ ഉടമയുടെ അറിവോടെയല്ലാതെ കൈകാര്യം ചെയ്യാനും സാധിക്കുന്നത് വഴിയാണ് അപകടകരമാകുന്ന സുരക്ഷാ സാഹചര്യം ഉണ്ടാകുന്നത്.
ഇത്തരം സജീവമായ വെബുകളിലേക്ക് അനധികൃതമായി പ്രവേശിക്കുന്ന തട്ടിപ്പുകാർക്ക് നിങ്ങളുടെ സന്ദേശങ്ങൾ വായിക്കാനും, നിങ്ങളുടെ പേരിൽ മറ്റുള്ളവർക്ക് സന്ദേശങ്ങൾ അയച്ച് പണം തട്ടാനും, ഗ്രൂപ്പ് ചാറ്റുകളിൽ കടന്നുകൂടാനും സാധിക്കും. സ്ഥിരമായി ഒരേ സിസ്റ്റത്തിൽ ലോഗിൻ ചെയ്യരുതെന്നും ഓരോ സെഷനുശേഷവും സ്വമേധയാ ലോഗ് ഔട്ട് ചെയ്യണമെന്നും പ്രസ്താവനയിൽ പറയുന്നു. ഒരു ബ്രൗസർ ടാബ് അല്ലെങ്കിൽ വിൻഡോയിൽ നിന്ന് ഇറങ്ങുമ്പോൾ ലോഗ് ഔട്ട് ചെയ്തെന്ന് ഉറപ്പാക്കുക.
ആക്സസ് ഒഴിവാക്കാനാവാത്തപ്പോൾ ഇൻകോഗ്നിറ്റോ അല്ലെങ്കിൽ പ്രൈവറ്റ് ബ്രൗസിംഗ് മോഡ് ഉപയോഗിക്കാനും പൊതു അല്ലെങ്കിൽ വിശ്വസനീയമല്ലാത്ത കമ്പ്യൂട്ടറുകൾ ഒഴിവാക്കാനും ഓപ്പറേറ്റിംഗ് സിസ്റ്റങ്ങൾ, ബ്രൗസറുകൾ, സുരക്ഷാ സോഫ്റ്റ്വെയർ എന്നിവ അപ്ഡേറ്റ് ചെയ്ത് സൂക്ഷിക്കാനും ആഭ്യന്തര മന്ത്രാലയം ശുപാർശ ചെയ്തു.
വാട്സ്ആപ്പ് വെബ് ദുരുപയോഗം കൂടുന്നു; ഔദ്യോഗിക കാര്യങ്ങൾ വാട്സ്ആപ്പില്‍ വേണ്ട; കേന്ദ്ര സര്‍ക്കാരിന്റെ കർശന മുന്നറിയിപ്പ്
