ന്യൂഡല്‍ഹി: രാജ്യവ്യാപകമായി നടന്ന പ്രത്യേക തീവ്ര വോട്ടര്‍പട്ടിക പരിഷ്‌കരണത്തിന്റെ (എസ് ഐ ആര്‍) ഭാഗമായി കരട് വോട്ടര്‍പട്ടികകളില്‍ നിന്ന് 13 കോടിയോളം പേരെ ഒഴിവാക്കിയതിനെതിരെ വിമര്‍ശനം ശക്തമായിരിക്കെ പട്ടികയില്‍ നിന്ന് വിട്ടുപോയവരെ കണ്ടെത്തി ഉള്‍പ്പെടുത്താന്‍ പ്രത്യേക നടപടി സ്വീകരിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദേശം നല്‍കി.
എസ് ഐ ആര്‍ നടപടികള്‍ പൂര്‍ത്തിയായ 20 സംസ്ഥാനങ്ങളോടും കേന്ദ്രഭരണ പ്രദേശങ്ങളോടുമാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ 'പ്രത്യേക പ്രചാരണം' നടത്താന്‍ നിര്‍ദേശിച്ചിരിക്കുന്നത്. പട്ടികയില്‍ ഉള്‍പ്പെടാതെ പോയവരെയും ആദ്യമായി വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കാന്‍ അര്‍ഹരായ യുവാക്കളെയും തുടര്‍ച്ചയായ പട്ടിക പുതുക്കല്‍ നടപടിയിലൂടെ ഉള്‍പ്പെടുത്തണമെന്നാണ് നിര്‍ദേശം.
സെപ്റ്റംബര്‍ 29ന് സംസ്ഥാനങ്ങളിലെ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍മാര്‍ക്ക് അയച്ച കത്തിലൂടെയാണ് നിര്‍ദേശം നല്‍കിയത്. വ്യാഴാഴ്ച എല്ലാ സംസ്ഥാനങ്ങളിലെയും ചീഫ് ഇലക്ഷന്‍ ഓഫിസര്‍മാരുമായി നടത്തിയ വീഡിയോ കോണ്‍ഫറന്‍സിലും നിര്‍ദേശം ആവര്‍ത്തിച്ചു.
30 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമായി കരട് വോട്ടര്‍പട്ടികയില്‍ നിന്ന് 13 കോടി പേരെ ഒഴിവാക്കിയതിനെ തുടര്‍ന്ന് കമ്മീഷന്‍ കടുത്ത പരിശോധന നേരിടുന്നതിനിടെയാണ് പുതിയ നിര്‍ദേശം. വോട്ടര്‍പട്ടികയില്‍ ആരെ ഉള്‍പ്പെടുത്തണം, ആരെ ഒഴിവാക്കണം എന്നതുമായി ബന്ധപ്പെട്ട് കമ്മീഷനുള്ളില്‍ തന്നെ ആശങ്കകള്‍ ഉയര്‍ന്നിരുന്നുവെന്ന് സെപ്റ്റംബര്‍ 23ന് ദി ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു.
ഫോം 6 വഴി പുനഃപ്രവേശനം
സെപ്റ്റംബര്‍ 29ലെ കമ്മീഷന്‍ കത്തില്‍ പറയുന്നതനുസരിച്ച്, എസ് ഐ ആര്‍ പൂര്‍ത്തിയായ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും 'പട്ടികയില്‍ നിന്ന് വിട്ടുപോയവരെയും ആദ്യമായി വോട്ടര്‍പട്ടികയില്‍ ഉള്‍പ്പെടാന്‍ അര്‍ഹരായ യുവാക്കളെയും' ചേര്‍ക്കുന്നതിനായി പ്രത്യേക നടപടി സ്വീകരിക്കണം.
ഇതിനായി ഫോം 6 ആണ് ഉപയോഗിക്കുക. ജൂലൈയില്‍ ഫോം 6ല്‍ ഉള്‍പ്പെടുത്തിയിരുന്ന അധിക ചോദ്യമില്ലാത്ത സാധാരണ നിയമാനുസൃത ഫോമായിരിക്കും ഉപയോഗിക്കുക.
എസ് ഐ ആര്‍ നടപടിക്കിടെ ഓണ്‍ലൈന്‍ ഫോം 6ല്‍ അപേക്ഷകനോ മാതാപിതാക്കളോ മുന്‍ എസ് ഐ ആറിന് ശേഷമുള്ള വോട്ടര്‍പട്ടികയില്‍ ഉള്‍പ്പെട്ടിരുന്നോ എന്ന ചോദ്യം ചേര്‍ത്തിരുന്നു. അതിന് മറുപടി നല്‍കാതെ അപേക്ഷ സമര്‍പ്പിക്കാനാകാത്ത സാഹചര്യമുണ്ടായിരുന്നു. മാതാപിതാക്കളുടെ പേര് പട്ടികയില്‍ നിന്ന് നീക്കം ചെയ്യപ്പെട്ട 18 വയസ്സുകാരന് ഈ ചോദ്യത്തിന് സത്യസന്ധമായി മറുപടി നല്‍കാന്‍ കഴിയാത്ത സാഹചര്യം ഇതുമൂലം ഉണ്ടാകാമെന്ന ആശങ്കയും ഉയര്‍ന്നിരുന്നു.
ഫോമിലെ മാറ്റം നിയമങ്ങളില്‍ ഭേദഗതി വരുത്താതെ സര്‍ക്കാറിന് മാത്രമേ വരുത്താനാകൂ എന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷണര്‍മാരായ സുഖ്ബീര്‍ സിങ് സന്ധുവും വിവേക് ജോഷിയും നേരത്തെ ചൂണ്ടിക്കാട്ടിയിരുന്നത്. ഓഗസ്റ്റില്‍ സന്ധു ഈ മാറ്റത്തെ 'അനുമതിയില്ലാത്തതും നിയമവിരുദ്ധവുമാണ്' എന്ന് വിശേഷിപ്പിക്കുകയും ചെയ്തിരുന്നു.
എന്നാല്‍ സെപ്റ്റംബര്‍ 29ലെ കത്തില്‍ ഈ അധിക പ്രഖ്യാപനം 'എസ് ഐ ആര്‍ ഘട്ടത്തില്‍ മാത്രം' ഉപയോഗിക്കുമെന്ന് കമ്മീഷന്‍ വ്യക്തമാക്കി. എസ് ഐ ആര്‍ പൂര്‍ത്തിയായ 20 സംസ്ഥാനങ്ങളില്‍ ആദ്യമായി വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കുന്നവരും പട്ടികയില്‍ നിന്ന് പുറത്തായവരും സാധാരണ ഫോം 6 ഉപയോഗിക്കണം.
വീടുകളിലെത്തി പരിശോധിക്കും
വ്യാഴാഴ്ച നടന്ന വീഡിയോ കോണ്‍ഫറന്‍സില്‍ നിര്‍ദേശം കൂടുതല്‍ വിശദീകരിച്ചതായി യോഗത്തില്‍ പങ്കെടുത്ത ഉദ്യോഗസ്ഥര്‍ പറഞ്ഞു. എസ് ഐ ആറിന് മുമ്പുള്ള വോട്ടര്‍പട്ടികയും എസ് ഐ ആറിന് ശേഷമുള്ള പട്ടികയും താരതമ്യം ചെയ്ത് ഒഴിവാക്കപ്പെട്ടവരുടെ പട്ടിക തയ്യാറാക്കാനും അതില്‍ നിന്ന് ആരെങ്കിലും അന്യായമായി പുറത്തായിട്ടുണ്ടോ എന്ന് പരിശോധിക്കാനും ഡെപ്യൂട്ടി തെരഞ്ഞെടുപ്പ് കമ്മീഷണര്‍ സംസ്ഥാന ചീഫ് ഇലക്ഷന്‍ കമ്മീഷണര്‍മാരോട് നിര്‍ദേശിച്ചു.
മറ്റൊരു സ്ഥലത്ത് വോട്ടറായി മാപ്പ് ചെയ്തിട്ടില്ലാത്തവരോ ഇരട്ടപ്പേരുള്ളവരല്ലാത്തവരോ മരിച്ചവരല്ലാത്തവരോ ആയവരുടെ വീടുകളില്‍ പ്രത്യേകമായി സന്ദര്‍ശനം നടത്തി ഫോം 6 പൂരിപ്പിക്കണമെന്ന് നിര്‍ദേശിച്ചതായി ഒരു ഉദ്യോഗസ്ഥന്‍ പറഞ്ഞു.
ഈ നടപടിക്ക് രാഷ്ട്രീയ പാര്‍ട്ടികളുടെയും അവരുടെ ബൂത്ത് ലെവല്‍ ഏജന്റുമാരുടെയും സഹായം തേടാനും ചീഫ് ഇലക്ഷന്‍ ഓഫിസര്‍മാരോട് ആവശ്യപ്പെട്ടിട്ടുണ്ട്.
അന്യായമായി പട്ടികയില്‍ നിന്ന് ഒഴിവാക്കപ്പെട്ടവരെ ഫോം 6 മുഖേന വീണ്ടും ഉള്‍പ്പെടുത്തണമെന്നാണ് എല്ലാ ചീഫ് ഇലക്ഷന്‍ ഓഫിസര്‍മാര്‍ക്കും നല്‍കിയിരിക്കുന്ന നിര്‍ദേശം.
ഗോവയില്‍ 97 പേരുടെ പേര് തിരിച്ചെത്തിക്കണം
ഗോവയില്‍ അന്തിമ വോട്ടര്‍പട്ടികയില്‍ നിന്ന് ഒഴിവാക്കപ്പെട്ട 97 പേരെ വീണ്ടും ഉള്‍പ്പെടുത്താനും ഇതേ നടപടിയാണ് സ്വീകരിക്കേണ്ടത്. സ്വന്തം തിരഞ്ഞെടുപ്പ് രജിസ്‌ട്രേഷന്‍ ഓഫീസര്‍മാര്‍ (ഇ ആര്‍ ഒ) അര്‍ഹരാണെന്ന് കണ്ടെത്തിയിട്ടും ഫെബ്രുവരി 21ന് പ്രസിദ്ധീകരിച്ച അന്തിമ പട്ടികയില്‍ ഇവരുടെ പേരുകള്‍ ഉണ്ടായിരുന്നില്ല.
കരട് പട്ടികയില്‍ നിന്ന് ഒഴിവാക്കപ്പെട്ട ഇവര്‍ ആവശ്യമായ രേഖകള്‍ സമര്‍പ്പിക്കുകയും ഇ ആര്‍ ഒമാര്‍ ഇവരെ അര്‍ഹരായി അംഗീകരിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഇസിഐനെറ്റ് സംവിധാനത്തില്‍ ഒഴിവാക്കിയ പേര് തിരിച്ചെടുക്കാനുള്ള സൗകര്യം ഉണ്ടായിരുന്നില്ലെന്നാണ് റിപ്പോര്‍ട്ട്.
ഏഴ് ദിവസത്തിനിടെ ഗോവ ചീഫ് ഇലക്ഷന്‍ കമ്മീഷന്‍ ഓഫീസ് കമ്മീഷന് എട്ട് കത്തുകള്‍ അയച്ചെങ്കിലും മറുപടി ലഭിച്ചില്ല. തുടര്‍ന്ന് ഇവരുടെ പേരുകള്‍ ഇല്ലാതെയാണ് അന്തിമ വോട്ടര്‍പട്ടിക പ്രസിദ്ധീകരിച്ചത്.
ഈ വിഷയത്തിലാണ് ഓഗസ്റ്റ് 14ന് തെരഞ്ഞെടുപ്പ് കമ്മീഷണര്‍ സുഖ്ബീര്‍ സിങ് സന്ധു ആശങ്ക രേഖപ്പെടുത്തിയത്. നിയമപ്രകാരം വോട്ടര്‍പട്ടികയുമായി ബന്ധപ്പെട്ട ഉത്തരവാദിത്തം ഇ ആര്‍ ഒമാര്‍ക്കും ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍മാര്‍ക്കും ചീഫ് ഇലക്ഷന്‍ ഓഫിസര്‍മാര്‍ക്കുമാണെന്നും എന്നാല്‍ ഇലക്ഷന്‍ കമ്മീഷന്റെ ഐ ടി വിഭാഗം സംവിധാനത്തിന്റെ നിയന്ത്രണം കേന്ദ്രീകരിച്ചിരിക്കുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു.
മേയില്‍ വിവേക് ജോഷിയും വോട്ടര്‍പട്ടിക ഡാറ്റാബേസ് ക്രമേണ കേന്ദ്രീകരിക്കുന്നതിനെക്കുറിച്ച് ആശങ്ക പ്രകടിപ്പിച്ച് ഓഡിറ്റ് ആവശ്യപ്പെട്ടിരുന്നു.
സെപ്റ്റംബര്‍ 26ലെ തീരുമാനം
സെപ്റ്റംബര്‍ 26ന് നടന്ന കമ്മീഷന്റെ യോഗത്തിന് മൂന്ന് ദിവസങ്ങള്‍ക്ക് ശേഷമാണ് സെപ്റ്റംബര്‍ 29ലെ കത്ത് പുറത്തിറങ്ങിയത്. ഏപ്രിലിന് ശേഷമുള്ള കമ്മീഷന്റെ രണ്ടാമത്തെ സമ്പൂര്‍ണ യോഗമായിരുന്നു ഇത്.
'മാപ്പ് ചെയ്യാത്തവര്‍', 'യുക്തിപരമായ പൊരുത്തക്കേടുകള്‍' എന്നിവയുടെ പേരില്‍ നോട്ടീസ് ലഭിച്ച വോട്ടര്‍മാര്‍ ഇനി നേരിട്ട് ഹിയറിങ്ങിന് ഹാജരാകേണ്ടതില്ലെന്ന് യോഗം തീരുമാനിച്ചിരുന്നു.
ഇസിഐനെറ്റ് സംവിധാനം സ്വതന്ത്ര ഐഐടി, ട്രിപിള്‍ ഐടി വിദഗ്ധന്‍ ഉള്‍പ്പെടുന്ന സമിതി പരിശോധിക്കാനും തീരുമാനിച്ചു. ഫീല്‍ഡ് ഉദ്യോഗസ്ഥര്‍ക്ക് ആവശ്യമായ കൂടുതല്‍ സൗകര്യങ്ങള്‍ സോഫ്റ്റ്വെയറില്‍ ലഭ്യമാക്കുമെന്നും കമ്മീഷന്‍ വ്യക്തമാക്കിയിരുന്നു.
ഈ തീരുമാനങ്ങള്‍ സംസ്ഥാനങ്ങളെ അറിയിക്കുന്നതിനൊപ്പം ആവശ്യമായ മാറ്റങ്ങള്‍ ഇസിഐനെറ്റില്‍ വരുത്താന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഐ ടി വിഭാഗം ഡയറക്ടര്‍ ജനറലിനും കത്തിന്റെ പകര്‍പ്പ് നല്‍കിയിട്ടുണ്ട്.
മഹാരാഷ്ട്രയില്‍ തിടുക്കത്തില്‍ പേരുകള്‍ ഒഴിവാക്കരുതെന്ന് നിര്‍ദേശം
അതേസമയം, രാജ്യത്തെ ഏറ്റവും വലിയ എസ് ഐ ആര്‍ നടപടികളിലൊന്ന് നിലവില്‍ പുരോഗമിക്കുന്ന മഹാരാഷ്ട്രയില്‍ വോട്ടര്‍മാരുടെ പേരുകള്‍ തിടുക്കത്തില്‍ ഒഴിവാക്കരുതെന്ന് ഇ ആ്ര്‍ ഒമാര്‍ക്ക് നിര്‍ദേശം നല്‍കി.
മുംബൈ സിറ്റി, മുംബൈ സബര്‍ബന്‍ മേഖലകളിലെ ഉദ്യോഗസ്ഥര്‍ക്ക് സംസ്ഥാന മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറുടെ ഓഫീസ് വ്യാഴാഴ്ച അയച്ച കുറിപ്പിലാണ് നിര്‍ദേശം.
ഒരു വോട്ടറുടെ പേര് പട്ടികയില്‍ നിന്ന് ഒഴിവാക്കുന്നതിന് മുമ്പ് ആവശ്യമായ രേഖകള്‍ സമര്‍പ്പിക്കാന്‍ മതിയായ അവസരം നല്‍കണമെന്നും ഹിയറിംഗ് നടത്തുകയും തുടര്‍ന്ന് ആവശ്യമായ ഉത്തരവ് പുറപ്പെടുവിക്കുകയും വേണമെന്നും കുറിപ്പില്‍ വ്യക്തമാക്കുന്നു.
ഇ ആര്‍ ഒ തലത്തില്‍ രേഖകളുടെ പൂര്‍ണ പരിശോധന ഉറപ്പാക്കണമെന്നും തിടുക്കത്തില്‍ പ്രതികൂല തീരുമാനം എടുക്കരുതെന്നും ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
സെപ്റ്റംബര്‍ 26ലെ കമ്മീഷന്‍ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് ഈ നടപടി. 'മാപ്പ് ചെയ്യാത്തവര്‍', 'യുക്തിപരമായ പൊരുത്തക്കേടുകള്‍' എന്നിവയുടെ പേരില്‍ നോട്ടീസ് ലഭിച്ചവര്‍ നേരിട്ട് ഹിയറിങ്ങിന് എത്തേണ്ടതില്ല.
പകരം, പൗരന്മാരുമായി ആദ്യം ബന്ധപ്പെടുന്ന ബൂത്ത് ലെവല്‍ ഓഫീസര്‍മാര്‍ (ബി എല്‍ ഒ) വോട്ടര്‍മാരുടെ വീടുകളിലെത്തി രേഖകള്‍ ശേഖരിച്ച് അവ അപ്ലോഡ് ചെയ്യും. തുടര്‍ന്ന് ഇ ആര്‍ ഒ ആയിരിക്കും അന്തിമ തീരുമാനം എടുക്കുക. നേരത്തെ ഹിയറിങ്ങിന് നോട്ടീസ് ലഭിച്ചവരെ ഫോണ്‍ വഴിയോ വാട്‌സ്ആപ്പ് വഴിയോ ഹിയറിങ്ങിന് നേരിട്ട് എത്തേണ്ടതില്ലെന്ന് അറിയിക്കും.
ഒക്ടോബര്‍ 3, 4, 10, 11 തിയ്യതികളില്‍ പ്രത്യേക ക്യാമ്പുകളും നടത്തും. ബി എല്‍ ഒയുടെ സന്ദര്‍ശനത്തിലൂടെ പ്രശ്‌നം പരിഹരിക്കപ്പെടാത്ത കേസുകളില്‍ രേഖകള്‍ സമര്‍പ്പിക്കാന്‍ മറ്റൊരു അവസരം നല്‍കും. തുടര്‍ന്ന് ഹിയറിംഗ്് നടത്തി ഉത്തരവ് പുറപ്പെടുവിച്ച ശേഷമേ പേര് പട്ടികയില്‍ നിന്ന് നീക്കം ചെയ്യുകയുള്ളൂ.
മഹാരാഷ്ട്രയിലെ കരട് വോട്ടര്‍പട്ടികയില്‍ 1.22 കോടി രേഖകളാണ് പരിശോധനയ്ക്കായി അടയാളപ്പെടുത്തിയിരിക്കുന്നത്. ഇതില്‍ 62.48 ലക്ഷം പേരുടെ ബന്ധുക്കളുടെ വിവരങ്ങളുമായി ബന്ധപ്പെട്ട പൊരുത്തക്കേടുകളും 59.75 ലക്ഷം പേരുടെ പേരുകള്‍ മുന്‍ പട്ടികയിലെ ബന്ധുക്കളുമായി ബന്ധിപ്പിക്കാന്‍ കഴിയാത്തതുമാണ് കാരണം.
ഇസിഐനെറ്റ്, ബി എല്‍ ഒ ആപ്പ് എന്നിവയില്‍ ആവശ്യമായ മാറ്റങ്ങള്‍ ഇപ്പോഴും തെരഞ്ഞെടുപ്പ് കമ്മീഷന്‍ തലത്തില്‍ നടപ്പാക്കിവരികയാണെന്നും സംസ്ഥാന ചീഫ് ഇലക്ഷന്‍ ഒഫീസറുടെ ഓഫീസ് പുറത്തിറക്കിയ കുറിപ്പില്‍ വ്യക്തമാക്കുന്നു.
