കൊല്‍ക്കത്ത: കലാപബാധിതമായ ബംഗ്ലാദേശില്‍ നിന്ന് ഇന്ത്യയിലേക്ക് നുഴഞ്ഞുകയറാന്‍ ശ്രമിച്ച 600 ഓളം പേരെ ബംഗാളിലെ അതിര്‍ത്തി പോയിന്റില്‍ നിന്ന് അതിര്‍ത്തി സുരക്ഷാ സേന (ബിഎസ്എഫ്) തടഞ്ഞു. ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന രാജിവെച്ച് രാജ്യം വിട്ടതിനുശേഷം അതിര്‍ത്തിയില്‍ ഇന്ത്യ അതീവ ജാഗ്രതയിലാണ്.
ബംഗ്ലാദേശില്‍ ഒരു ഇടക്കാല സര്‍ക്കാര്‍ നിയന്ത്രണം ഏറ്റെടുക്കുന്നതിന് ഒരു ദിവസം മുമ്പാണ് ബുധനാഴ്ച (ഓഗസ്റ്റ് 7), രാജ്യത്ത് നിന്ന് നൂറുകണക്കിന് ആളുകള്‍ ഇന്ത്യയിലേക്ക് പ്രവേശിക്കാന്‍ ശ്രമിച്ചത്. അതിര്‍ത്തിയില്‍ തടഞ്ഞ ഇന്ത്യന്‍ സുരക്ഷാസേനയോട് ബംഗ്ലാദേശില്‍ തങ്ങളുടെ ജീവന്‍ അപകടത്തിലാണെന്ന് പറഞ്ഞുകൊണ്ടാണ് ഇവര്‍ പ്രവേശനാഭ്യര്‍ത്ഥന നടത്തിയത്.
ബംഗ്ലാദേശിലെ അസ്ഥിരമായ സാഹചര്യങ്ങള്‍ കാരണം ഏകദേശം 1,000 ബംഗ്ലാദേശ് ഹിന്ദുക്കള്‍ പശ്ചിമ ബംഗാളിലെ ജല്‍പായ്ഗുരിയിലെ ഇന്ത്യ-ബംഗ്ലാദേശ് അതിര്‍ത്തിയില്‍ ഒത്തുകൂടിയിട്ടുണ്ട്. എന്നാല്‍ ഇന്ത്യയിലേക്ക് കടക്കുന്നതില്‍ നിന്ന് ബി. എസ്. എഫ് അവരെ തടഞ്ഞിരിക്കുകയാണ്.
പശ്ചിമ ബംഗാളിലെ ജല്‍പൈഗുരി ജില്ലയിലെ ദക്ഷിണ ബെറുബാരി ഗ്രാമത്തില്‍വെച്ചാണ് സംഘം ഇന്ത്യയിലേക്ക് കടക്കാന്‍ ശ്രമിച്ചതെന്ന് ഉദ്യോഗസ്ഥര്‍ റിപ്പോര്‍ട്ട് ചെയ്തു.
ഈ രീതിയില്‍ അവരെ ഇന്ത്യയിലേക്ക് പ്രവേശിക്കാന്‍ അനുവദിക്കാനാവില്ലെന്ന് അവരോട് വിശദീകരിച്ചതായി ഒരു ഉദ്യോഗസ്ഥന്‍ പറഞ്ഞു.
സംഘത്തിലെ ചിലര്‍ തിരികെ പോയപ്പോള്‍, പ്രവേശനം അനുവദിച്ചേക്കുമെന്ന പ്രതീക്ഷയില്‍ പലരും ബുധനാഴ്ച വൈകുന്നേരം അതിര്‍ത്തിയില്‍ തന്നെ തുടര്‍ന്നു. മുള്ളുവേലിക്ക് കുറുകെ തടിച്ചുകൂടിയ ആളുകള്‍ അകത്തേക്ക് കടക്കാന്‍ അനുവദിക്കണമെന്ന് അപേക്ഷിക്കുന്നതായി ഒരു പ്രദേശവാസി വാര്‍ത്താ ഏജന്‍സിയായ പി. ടി. ഐയോട് പറഞ്ഞു.
'അവര്‍ അവരുടെ ഭയാനകമായ അനുഭവങ്ങള്‍ വിവരിച്ചു. എന്നാല്‍ ഞങ്ങള്‍ നിസ്സഹായരാണ്. ', പ്രദേശവാസി പറഞ്ഞു.
അഭയം തേടി ബംഗാള്‍ അതിര്‍ത്തിയിലെത്തിയ നൂറുകണക്കിന് ബംഗ്ലാദേശികളെ ബിഎസ്എഫ് തടഞ്ഞു