അമേരിക്കയില്‍ താമസിക്കുന്ന കാശ്മീര്‍ ആക്ടിവിസ്റ്റ് ഫായിയുടെ ഭൂമി പിടിച്ചെടുക്കാന്‍ എന്‍ഐഎ കോടതി ഉത്തരവിട്ടു

അമേരിക്കയില്‍ താമസിക്കുന്ന കാശ്മീര്‍ ആക്ടിവിസ്റ്റ് ഫായിയുടെ ഭൂമി പിടിച്ചെടുക്കാന്‍ എന്‍ഐഎ കോടതി ഉത്തരവിട്ടു


ന്യൂഡല്‍ഹി: അമേരിക്കയില്‍ താമസിക്കുന്ന കാശ്മീര്‍ ആക്ടിവിസ്റ്റും വേള്‍ഡ് ഫോറം ഫോര്‍ പീസ് ആന്‍ഡ് ജസ്റ്റിസ് ചെയര്‍മാനുമായ ഡോ. സയ്യദ് ഗുലാം നബി ഫായിയുടെ (77) ബുദ്ഗാം ജില്ലയിലെ ഭൂമികള്‍ പിടിച്ചെടുക്കാന്‍ പ്രത്യേക എന്‍ഐഎ കോടതി ഉത്തരവിട്ടു. ബുദ്ഗാം എന്‍ഐഎ പ്രത്യേക കോടതി ചൊവ്വാഴ്ചയാണ് ഭൂമി ഉടന്‍ ഏറ്റെടുക്കാന്‍ ജില്ലാ കലക്ടറോട് നിര്‍ദേശിച്ചത്.

ബുദ്ഗാം ജില്ലയിലെ വഡ്വാന്‍ ഗ്രാമത്തില്‍ 1 കനാല്‍ 2 മര്‍ലയും, ചട്ടാബുഗ് ഗ്രാമത്തില്‍ 11 മര്‍ലയും ഉള്‍പ്പെടുന്ന അചഞ്ചല സ്വത്തുക്കള്‍ ഏറ്റെടുക്കാനാണ് കോടതി ഉത്തരവ്. ഭൂമി തിരിച്ചറിയുന്നതിനും അതിര്‍ത്തി നിശ്ചയിക്കുന്നതിനും റവന്യൂ വകുപ്പിന്റെ സഹായം ഉറപ്പാക്കാനും, ആവശ്യമെങ്കില്‍ പൊലീസ് സംരക്ഷണം നല്‍കാനും ബുദ്ഗാം എസ്.എസ്.പിയോട് കോടതി നിര്‍ദേശിച്ചു.

2020ല്‍ ബുദ്ഗാം പൊലീസ് സ്‌റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ അന്വേഷണ ഉദ്യോഗസ്ഥന്റെ മുന്നില്‍ ഹാജരാകാന്‍ 30 ദിവസത്തെ സമയം നല്‍കിയിട്ടും ഫായി ഹാജരായില്ലെന്ന് കോടതി നിരീക്ഷിച്ചു. നിയമ നടപടികളില്‍ നിന്ന് ഒഴിഞ്ഞുമാറിയതിനെ തുടര്‍ന്നാണ് ക്രിമിനല്‍ പ്രൊസീജര്‍ കോഡ് സെക്ഷന്‍ 83 (ഭാരതീയ നാഗരിക് സുരക്ഷാ സംഹിതയിലെ സെക്ഷന്‍ 85) പ്രകാരം സ്വത്ത് പിടിച്ചെടുക്കാനുള്ള നടപടി സ്വീകരിച്ചതെന്നും കോടതി വ്യക്തമാക്കി.

അന്വേഷണത്തില്‍ സഹകരിക്കാതെ ഫായി ഒളിവില്‍ കഴിയുന്നതായി രേഖകളില്‍ നിന്ന് വ്യക്തമായതിനാല്‍ സ്വത്ത് പിടിച്ചെടുക്കല്‍ അനിവാര്യമാണെന്നും കോടതി വിലയിരുത്തി. യുഎപിഎ നിയമത്തിലെ 10, 13, 39 വകുപ്പുകള്‍ പ്രകാരം രജിസ്റ്റര്‍ ചെയ്ത കേസില്‍ മെയ് 2025ല്‍ എന്‍ഐഎ ഫായിയെ പ്രഖ്യാപിത കുറ്റവാളിയായി പ്രഖ്യാപിച്ചിരുന്നു. ജമ്മു കശ്മീര്‍ പൊലീസിന് മുന്നില്‍ കീഴടങ്ങാന്‍ നല്‍കിയ നിര്‍ദേശം ഫായി പാലിച്ചിരുന്നില്ല.

അലിഗഢ് മുസ്ലിം സര്‍വകലാശാലയില്‍ നിന്ന് പഠനം പൂര്‍ത്തിയാക്കിയ ഫായി 1977ല്‍ അമേരിക്കയിലേക്ക് കുടിയേറിയതായിരുന്നു. പിന്നീട് യുഎസ് പൗരത്വം നേടിയ ഫായി, കാശ്മീര്‍ അമേരിക്കന്‍ കൗണ്‍സില്‍ സ്ഥാപിക്കുകയും കാശ്മീര്‍ വിഷയത്തില്‍ വേര്‍തിരിവ് വാദ നേതാക്കളോടൊപ്പം അന്താരാഷ്ട്ര തലത്തില്‍ ലോബിയിംഗ് നടത്തിയതായും അന്വേഷണ ഏജന്‍സികള്‍ പറയുന്നു. റിപ്പബ്ലിക്കന്‍-ഡെമോക്രാറ്റിക് പാര്‍ട്ടികളുടെ ഉന്നത നേതാക്കളുമായി നടത്തിയ പിന്‍വാതില്‍ ചര്‍ച്ചകളിലൂടെയും ഫായി ശ്രദ്ധേയനായിരുന്നു.