മോസ്‌കോ: ടെലഗ്രാം സ്ഥാപകനും റഷ്യന്‍ ടെക് ശതകോടീശ്വരനുമായ പാവല്‍ ദുരോവ് (41) 37 വയസിന് താഴെയുള്ള സ്ത്രീകള്‍ക്ക് തന്റെ ബീജം ഉപയോഗിച്ച് ഗര്‍ഭം ധരിക്കുന്നതിനായി ഇന്‍ വിറ്റ്രോ ഫെര്‍ട്ടിലൈസേഷന്‍ (IVF) ചികിത്സയുടെ മുഴുവന്‍ ചെലവും വഹിക്കുമെന്ന് പ്രഖ്യാപിച്ചു. തന്റെ ജൈവ സന്തതികളായ എല്ലാ കുട്ടികള്‍ക്കും ഒരുനാള്‍ തന്റെ സ്വത്തില്‍ അവകാശം ഉണ്ടായിരിക്കുമെന്നും ദുരോവ് വ്യക്തമാക്കി. ഏകദേശം 17 ബില്യണ്‍ ഡോളര്‍ ആസ്തിയുള്ള ദുരോവ് ഇതിനകം തന്നെ സ്‌പേം ഡൊണേഷനിലൂടെ കുറഞ്ഞത് 100 കുട്ടികളുടെ പിതാവായതായി അവകാശപ്പെടുന്നു. കൂടാതെ മൂന്ന് പങ്കാളികളില്‍ നിന്ന് ആറ് കുട്ടികളും അദ്ദേഹത്തിനുണ്ട് എന്നാണ് റിപ്പോര്‍ട്ട്.
സ്‌പേം ഡൊണേഷന്‍ ഒരു 'സിവിക് ഡ്യൂട്ടി' ആണെന്ന് വിശേഷിപ്പിച്ച ദുരോവ്, ലോകത്ത് 'ഉയര്‍ന്ന നിലവാരമുള്ള ഡോണര്‍ മെറ്റീരിയലിന്റെ' ക്ഷാമമുണ്ടെന്നും സ്‌പേം ഡൊണേഷനെ ചുറ്റിപ്പറ്റിയുള്ള സാമൂഹിക കളങ്കം മാറ്റേണ്ടതുണ്ടെന്നും അഭിപ്രായപ്പെട്ടു. ലെക്‌സ് ഫ്രിഡ്മാന്‍ പോഡ്കാസ്റ്റിന് ഒക്ടോബറില്‍ നല്‍കിയ അഭിമുഖത്തില്‍, തന്റെ ജൈവ സന്തതികള്‍ ഡിഎന്‍എ തെളിയിക്കാന്‍ കഴിഞ്ഞാല്‍, താന്‍ മരിച്ച ശേഷം ഏകദേശം 30 വര്‍ഷങ്ങള്‍ക്ക് ശേഷം പോലും തന്റെ സ്വത്തില്‍ അവകാശം ലഭിക്കുമെന്ന് ദുരോവ് പറഞ്ഞു. 'എന്റെ കുട്ടികളില്‍ ഞാന്‍ വ്യത്യാസം കാണുന്നില്ല,' എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്ലാസ്റ്റിക് മലിനീകരണം പോലുള്ള പരിസ്ഥിതി ഘടകങ്ങളാണ് ലോകമെമ്പാടും സ്‌പേം കൗണ്ടുകള്‍ കുറയുന്നതിനും വന്ധ്യത വര്‍ധിക്കുന്നതിനും കാരണമാകുന്നതെന്ന് ദുരോവ് പറഞ്ഞു. ഈ പ്രശ്‌നം പരിഹരിക്കാന്‍ തനിക്ക് കഴിയുന്ന സഹായം നല്‍കുന്നതില്‍ സന്തോഷമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. 2010ല്‍ കുട്ടികള്‍ ഉണ്ടാകാന്‍ ബുദ്ധിമുട്ടുന്ന ഒരു സുഹൃത്തിന് സഹായമായി ആരംഭിച്ചതാണ് തന്റെ സ്‌പേം ഡൊണേഷന്‍ എന്നും, പിന്നീട് ഫര്‍ട്ടിലിറ്റി വിദഗ്ധര്‍ സ്‌പേം ക്ഷാമത്തെക്കുറിച്ച് അറിയിച്ചതോടെ ഇത് തുടര്‍ന്നതായും ദുരോവ് പറഞ്ഞു. 2024 ജൂലൈയില്‍ ടെലഗ്രാമില്‍ പങ്കുവെച്ച കുറിപ്പില്‍, 12 രാജ്യങ്ങളിലായി നൂറിലധികം ദമ്പതികള്‍ക്ക് തന്റെ ഡൊണേഷന്‍ മാതാപിതാക്കളാകാന്‍ സഹായിച്ചതായും ദുരോവ് വെളിപ്പെടുത്തിയിരുന്നു.
'തീര്‍ച്ചയായും അപകടസാധ്യതകളുണ്ട്, പക്ഷേ ഡോണറായതില്‍ എനിക്ക് ഖേദമില്ല,' എന്നും 'ആരോഗ്യകരമായ സ്‌പേം ലഭ്യതയുടെ കുറവ് ഇന്ന് ലോകവ്യാപകമായ ഗൗരവകരമായ പ്രശ്‌നമായി മാറിയിട്ടുണ്ട്; അതില്‍ എന്റെ പങ്ക് വഹിക്കാന്‍ കഴിഞ്ഞതില്‍ ഞാന്‍ അഭിമാനിക്കുന്നു,' എന്നും ദുരോവ് പറഞ്ഞു.
ഐവിഎഫ് ചെലവ് മുഴുവന്‍ വഹിക്കും; തന്റെ ജൈവ സന്തതികള്‍ക്ക് സ്വത്തില്‍ അവകാശം: ടെലഗ്രാം സ്ഥാപകന്‍ പാവല്‍ ദുരോവിന്റെ പ്രഖ്യാപനം
