തിരുവനന്തപുരം കോര്‍പറേഷന്‍ മേയര്‍ തിരഞ്ഞെടുപ്പ്: ബിജെപിക്കെതിരെ എല്‍ഡിഎഫും യുഡിഎഫും പോരാട്ടത്തിന്

തിരുവനന്തപുരം കോര്‍പറേഷന്‍ മേയര്‍ തിരഞ്ഞെടുപ്പ്: ബിജെപിക്കെതിരെ എല്‍ഡിഎഫും യുഡിഎഫും പോരാട്ടത്തിന്


തിരുവനന്തപുരം: തിരുവനന്തപുരം കോര്‍പറേഷന്‍ മേയര്‍ സ്ഥാനത്തേക്ക് യുഡിഎഫില്‍ നിന്ന് കെ.എസ്. ശബരീനാഥന്‍ മത്സരിക്കും. ഡപ്യൂട്ടി മേയര്‍ സ്ഥാനാര്‍ഥിയായി മേരി പുഷ്പവും രംഗത്തുണ്ടാകും. മേയറും ഡപ്യൂട്ടി മേയറും സ്ഥാനങ്ങളിലേക്ക് മത്സരിക്കാന്‍ എല്‍ഡിഎഫും തീരുമാനിച്ചിട്ടുണ്ട്.

ഇതോടെ കോര്‍പറേഷനില്‍ വീണ്ടും ഒരു രാഷ്ട്രീയ പോരാട്ടത്തിനുള്ള വേദി ഒരുങ്ങിയിരിക്കുകയാണ്. നിലവിലെ 100 കൗണ്‍സിലര്‍മാരില്‍ 50 പേരുടെ പിന്തുണയുള്ള ബിജെപി ഏറ്റവും വലിയ ഒറ്റകക്ഷിയായതിനാല്‍ വിജയം ഉറപ്പാണെങ്കിലും, മത്സരം കൂടാതെ അധികാരം കൈവരിക്കുന്ന സാഹചര്യം ഒഴിവാക്കുകയെന്നതാണ് എല്‍ഡിഎഫിന്റെയും യുഡിഎഫിന്റെയും ലക്ഷ്യം.

ബിജെപിക്കെതിരെ സ്ഥാനാര്‍ഥിയെ നിര്‍ത്താതിരുന്നാല്‍ രാഷ്ട്രീയമായി അടിയറവ് പറഞ്ഞുവെന്ന ആരോപണം ഉയരാനിടയുണ്ടെന്നും, അത് നിയമസഭാ തിരഞ്ഞെടുപ്പില്‍ തിരുവനന്തപുരത്ത് ബിജെപി പ്രചാരണായുധമാക്കുമെന്നും ഇരുമുന്നണികളും വിലയിരുത്തിയിരുന്നു. മേയര്‍ തിരഞ്ഞെടുപ്പ് 26ന് രാവിലെ 10.30നാണ് നടക്കുക. ഉച്ചകഴിഞ്ഞ് ഡപ്യൂട്ടി മേയര്‍ തിരഞ്ഞെടുപ്പും നടക്കും.

എല്‍ഡിഎഫിന്റെ മേയര്‍ സ്ഥാനാര്‍ഥിയായി ആര്‍.പി. ശിവജിയെയാണ് പ്രഖ്യാപിച്ചത്. ബിജെപിയുടെ മേയര്‍ സ്ഥാനാര്‍ഥിയെക്കുറിച്ച് അന്തിമ തീരുമാനം ഇതുവരെ എടുത്തിട്ടില്ല. വി.വി. രാജേഷ്, മുന്‍ ഡിജിപി ആര്‍. ശ്രീലേഖ എന്നിവരുടെ പേരുകള്‍ ചര്‍ച്ചയിലുണ്ടെങ്കിലും, അപ്രതീക്ഷിത സ്ഥാനാര്‍ഥിയെ അവസാന നിമിഷം പ്രഖ്യാപിക്കാനുള്ള സാധ്യതയും നിലനില്‍ക്കുന്നു.