ഒഴിപ്പിക്കല്‍: അസമിലെ കര്‍ബി ആംഗ്ലോങ്ങില്‍ സംഘര്‍ഷം; നിരോധനാജ്ഞ, ഇന്റര്‍നെറ്റ് സേവനങ്ങള്‍ നിലച്ചു

ഒഴിപ്പിക്കല്‍: അസമിലെ കര്‍ബി ആംഗ്ലോങ്ങില്‍ സംഘര്‍ഷം; നിരോധനാജ്ഞ, ഇന്റര്‍നെറ്റ് സേവനങ്ങള്‍ നിലച്ചു


ന്യൂഡല്‍ഹി:  അസമിലെ കര്‍ബി ആംഗ്ലോങ്ങ് ജില്ലയില്‍ ഒഴിപ്പിക്കല്‍ നടപടികളുമായി ബന്ധപ്പെട്ടുണ്ടായ സംഘര്‍ഷത്തെ തുടര്‍ന്ന് സ്ഥിതിഗതികള്‍ വഷളായതോടെ ഇന്റര്‍നെറ്റ് സേവനങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചു. രണ്ട് ജില്ലകളിലുണ്ടായ ഏറ്റുമുട്ടലുകളില്‍ എട്ട് പേര്‍ക്ക് പരുക്കേറ്റതായി അധികൃതര്‍ അറിയിച്ചു. പ്രതിഷേധക്കാര്‍ തമ്മിലുണ്ടായ സംഘര്‍ഷം നിയന്ത്രിക്കാന്‍ പൊലീസ് ലാത്തിച്ചാര്‍ജും കണ്ണീര്‍വാതക ഷെല്ലുകളും പ്രയോഗിച്ചു.

ക്രമസമാധാനം നിലനിര്‍ത്തുന്നതിനും വ്യാജവാര്‍ത്തകള്‍ പ്രചരിക്കുന്നത് തടയുന്നതിനുമായാണ് ഇന്റര്‍നെറ്റ് നിയന്ത്രണം ഏര്‍പ്പെടുത്തിയതെന്ന് ഹോം ആന്‍ഡ് പൊളിറ്റിക്കല്‍ ഡിപ്പാര്‍ട്‌മെന്റ് വ്യക്തമാക്കി. ഉത്തരവ് തുടര്‍ നിര്‍ദേശങ്ങള്‍ ഉണ്ടാകുന്നതുവരെ പ്രാബല്യത്തിലായിരിക്കും. വലിയ കൂട്ടായ്മകള്‍ക്ക് വിലക്കുണ്ടായിരുന്നിട്ടും, തിങ്കളാഴ്ച പ്രതിഷേധത്തിനിടെ കടകള്‍ കത്തിച്ചതായി ആരോപിക്കുന്ന സംഭവത്തെ തുടര്‍ന്ന് സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ നിരവധി പേര്‍ തെരുവിലിറങ്ങി പ്രതിഷേധിച്ചു. അതേസമയം, ആദിവാസി പ്രദേശങ്ങളില്‍നിന്ന് അനധികൃത കൈയേറ്റങ്ങള്‍ ഒഴിപ്പിക്കണമെന്ന ആവശ്യമുന്നയിച്ച് മറ്റൊരു സംഘം ഖെറോണി മാര്‍ക്കറ്റ് പ്രദേശത്തും ഒത്തുകൂടി.

സ്ഥിതി നിയന്ത്രണവിധേയമാക്കുന്നതിനായി ജില്ലയില്‍ കനത്ത സുരക്ഷാ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയതായി അസം ഇന്‍സ്‌പെക്ടര്‍ ജനറല്‍ ഓഫ് പൊലീസ് (ലോ ആന്‍ഡ് ഓര്‍ഡര്‍) അഖിലേഷ് കുമാര്‍ സിംഗ് അറിയിച്ചു. സംഘര്‍ഷം ശമിപ്പിക്കാന്‍ ചര്‍ച്ചകള്‍ നടത്തിയതായും, പരാതികള്‍ നിയമപരമായ വഴികളിലൂടെ അറിയിക്കണമെന്നും അദ്ദേഹം ജനങ്ങളോട് അഭ്യര്‍ത്ഥിച്ചു. ഒഴിപ്പിക്കല്‍ നടപടികളില്‍ ഒരു ഭാഗം പൂര്‍ത്തിയായതായും ശേഷിക്കുന്ന പ്രദേശങ്ങളും ഉടന്‍ ക്ലിയര്‍ ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി. ആരും നിയമം കൈയിലെടുക്കരുതെന്നും ആവശ്യമായ പൊലീസ് സേന വിന്യസിച്ചിട്ടുണ്ടെന്നും ഐജിപി കൂട്ടിച്ചേര്‍ത്തു.

സമാധാനം ഉറപ്പാക്കുന്നതിനായി ജില്ലാ മജിസ്‌ട്രേറ്റ് ഭാരതീയ ന്യായ സുരക്ഷാ സംഹിതയിലെ (BNSS) സെക്ഷന്‍ 163 പ്രകാരമുള്ള നിരോധനാജ്ഞ ജില്ലയില്‍ പ്രാബല്യത്തില്‍ കൊണ്ടുവന്നു. അഞ്ച് പേരില്‍ കൂടുതല്‍ ആളുകള്‍ ഒരുമിച്ച് കൂടുന്നതിന് വിലക്കേര്‍പ്പെടുത്തിയതോടൊപ്പം വൈകിട്ട് അഞ്ച് മുതല്‍ രാവിലെ ആറുവരെയായി കര്‍ഫ്യൂയും പ്രഖ്യാപിച്ചു. റാലികള്‍, പ്രകടനങ്ങള്‍, പൊതുപ്രതിഷേധങ്ങള്‍ എന്നിവ നിരോധിച്ചിരിക്കുകയാണ്. അനുമതിയില്ലാതെ ആയുധങ്ങള്‍, പടക്കങ്ങള്‍, ലൗഡ് സ്പീക്കറുകള്‍ എന്നിവ ഉപയോഗിക്കുന്നതിനും വിലക്കുണ്ട്. ജാതിയിലോ സമുദായത്തിലോ അധിഷ്ഠിതമായ കലാപങ്ങള്‍ ഒഴിവാക്കി പൊതുജീവിതവും സ്വത്തുസുരക്ഷയും ഉറപ്പാക്കാന്‍ നടപടി തുടരുകയാണെന്ന് അധികൃതര്‍ അറിയിച്ചു.