വാഷിംഗ്ടണ്‍: പതിറ്റാണ്ടുകളായി യുഎസ് സൈന്യം പിന്തുടരുന്ന ഒരു പാരമ്പര്യം ലംഘിച്ച്, സ്വന്തം പേരില്‍ പുതിയ യുദ്ധക്കപ്പല്‍ ക്ലാസ് പ്രഖ്യാപിച്ച് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. 'ട്രംപ് ക്ലാസ്' എന്ന പേരില്‍ അതിശക്തമായ പുതിയ യുദ്ധക്കപ്പലുകള്‍ നിര്‍മ്മിക്കുമെന്ന് ട്രംപ് തിങ്കളാഴ്ച (ഡിസംബര്‍ 22) പ്രഖ്യാപിച്ചു. സാധാരണയായി അധികാര കാലാവധി അവസാനിച്ചശേഷമാണ് ഇത്തരമൊരു ബഹുമതി നല്‍കാറുള്ളത്.
ഫ്‌ലോറിഡയിലെ മാര്‍എലാഗോയില്‍ നടത്തിയ പ്രഖ്യാപനത്തില്‍ ആദ്യഘട്ടമായി രണ്ട് കപ്പലുകള്‍ നിര്‍മ്മിക്കുമെന്നും പിന്നീട് കൂടുതല്‍ കപ്പലുകള്‍ ഉണ്ടാകാമെന്നും ട്രംപ് പറഞ്ഞു. ഇവയെ 'രാജ്യത്തിന്റെ ചരിത്രത്തിലെ ഏറ്റവും മാരകമായ സര്‍ഫേസ് വാര്‍ഫെയര്‍ കപ്പലുകള്‍' ആയിരിക്കും എന്നും 'അമേരിക്ക ഇതുവരെ കണ്ട ഏറ്റവും വലിയ യുദ്ധക്കപ്പലുകള്‍ ആയിരിക്കും' എന്നും ട്രംപ് വിശേഷിപ്പിച്ചു.
പ്രഖ്യാപന ചടങ്ങില്‍ പ്രതിരോധ സെക്രട്ടറി പീറ്റ്‌ഹെഗ്‌സെത്ത്, വിദേശകാര്യ സെക്രട്ടറി മാര്‍ക്കോ റൂബിയോ, നാവികസേന സെക്രട്ടറി ജോണ്‍ ഫീലന്‍ എന്നിവരും പങ്കെടുത്തു. 30,000 മുതല്‍ 40,000 ടണ്‍ വരെ ഭാരമുള്ള കപ്പലുകളില്‍ മിസൈലുകള്‍, ഹെവി ഗണ്ണുകള്‍, ലേസര്‍ സംവിധാനങ്ങള്‍, വികസന ഘട്ടത്തിലുള്ള ഹൈപ്പര്‍സോണിക് ആയുധങ്ങള്‍ എന്നിവ ഉള്‍പ്പെടുത്തുമെന്ന് ട്രംപ് പറഞ്ഞു.
ന്യൂക്ലിയര്‍ വോര്‍ഹെഡ് ഘടിപ്പിച്ച കടല്‍മാര്‍ഗ ക്രൂസ് മിസൈലുകള്‍ വഹിക്കാന്‍ കഴിയുന്ന ശേഷിയും ഈ കപ്പലുകള്‍ക്കുണ്ടാകുമെന്ന് ട്രംപ് വ്യക്തമാക്കി. നിലവിലുള്ള യുഎസ് ഡെസ്‌ട്രോയറുകളേക്കാളും ക്രൂസറുകളേക്കാളും വലുതായിരിക്കും 'ട്രംപ്ക്ലാസ്' കപ്പലുകള്‍. എന്നാല്‍ 1990കളില്‍ സേവനം അവസാനിപ്പിച്ച ഐവാക്ലാസ് ബാറ്റില്‍ഷിപ്പുകളേക്കാള്‍ ചെറുതായിരിക്കും.
കപ്പലുകളുടെ രൂപകല്‍പ്പനയിലും നേരിട്ട് ഇടപെടുമെന്ന് പറഞ്ഞ ട്രംപ്, 'അഗ്‌നിശക്തിയോടൊപ്പം സൗന്ദര്യവും പ്രധാനമാണ് ' എന്നും കൂട്ടിച്ചേര്‍ത്തു.
ചൈനയെ ലക്ഷ്യമിട്ടുള്ള നീക്കമാണോയെന്ന ചോദ്യത്തിന് ട്രംപ് മറുപടി ഒഴിവാക്കി. 'ഇത് ചൈനയ്‌ക്കെതിരെയല്ല, എല്ലാവര്‍ക്കുമുള്ള പ്രതിരോധമാണ്. ചൈനയുമായി ഞങ്ങള്‍ നല്ല ബന്ധത്തിലാണ്,' അദ്ദേഹം പറഞ്ഞു.
അതേസമയം, നാവികസേനയുടെ ആകെ കപ്പല്‍സംഖ്യയില്‍ യുഎസ് ചൈനയേക്കാള്‍ പിന്നിലാകുന്നുവെന്ന ആശങ്ക പെന്റഗണ്‍ നേരത്തേ തന്നെ ഉയര്‍ത്തിയിരുന്നു. കോണ്‍ഗ്രസിലേക്ക് സമര്‍പ്പിച്ച റിപ്പോര്‍ട്ടുകളും ചൈനയുടെ വേഗതയേറിയ കപ്പല്‍നിര്‍മാണത്തെക്കുറിച്ച് മുന്നറിയിപ്പ് നല്‍കിയിരുന്നു.
'അമേരിക്കയെ വീണ്ടും വലിയൊരു കപ്പല്‍നിര്‍മാണ ശക്തിയാക്കും. ലോകത്തിലെ ഏറ്റവും ശക്തമായ നാവികസേന നമ്മള്‍ ഉറപ്പാക്കും,' ട്രംപ് പറഞ്ഞു.
നാവികസേനയില്‍ ട്രംപ് മുദ്ര: പതിറ്റാണ്ടുകളായ പാരമ്പര്യം ലംഘിച്ച് സ്വന്തം പേരില്‍ പുതിയ യുദ്ധക്കപ്പല്‍ ക്ലാസ് പ്രഖ്യാപിച്ചു
