വാഷിംഗ്ടണ്‍/കാരക്കാസ് : വെനസ്വേലയിലെ പ്രസിഡന്റ് നിക്കോളാസ് മദൂറോ പടിയിറങ്ങുന്നത് 'ബുദ്ധിമുട്ടല്ല' എന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. അമേരിക്ക ലക്ഷ്യമിടുന്നത് ഭരണകൂട മാറ്റമാണെന്ന കാരക്കാസിന്റെ ആരോപണത്തിന് ബലമേകുന്നതാണ് ട്രംപിന്റെ പ്രസ്താവന-. വെനസ്വേലയുടെ എണ്ണ കയറ്റുമതിക്കെതിരെ അമേരിക്കന്‍ നാവിക സാന്നിധ്യം ശക്തമാകുന്നതിനിടെയാണ് ട്രംപിന്റെ പരാമര്‍ശം.
ഫ്‌ലോറിഡയിലെ വസതിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവേ, മദൂറോയെ അധികാരത്തില്‍ നിന്ന് മാറ്റാന്‍ അമേരിക്ക ശ്രമിക്കുകയാണോ എന്ന ചോദ്യത്തിന് ട്രംപ് നേരിട്ടു മറുപടി നല്‍കിയില്ല. എന്നാല്‍, 'അത് അദ്ദേഹമാണ് തീരുമാനിക്കണ്ടത്, പടിയിറങ്ങുന്നത് ബുദ്ധിമുട്ടല്ലെന്ന് ഞാന്‍ കരുതുന്നു' എന്നായിരുന്നു പ്രതികരണം. മദൂറോ 'കഠിനനിലപാട്' തുടര്‍ന്നാല്‍ അത് 'അവസാനമായിരിക്കും' എന്നും ട്രംപ് മുന്നറിയിപ്പ് നല്‍കി.
വെനസ്വേലന്‍ തീരത്തിന് സമീപം പിടിച്ചെടുത്ത എണ്ണക്കപ്പലുകളെയും എണ്ണയും അമേരിക്ക കൈവശംവയ്ക്കുമെന്നും, അവ വിറ്റഴിക്കാനോ തന്ത്രപ്രധാന എണ്ണശേഖരം പുനര്‍നിറയ്ക്കാനോ സാധ്യതയുണ്ടെന്നും ട്രംപ് പറഞ്ഞു. പിടിച്ചെടുത്ത കപ്പലുകളും അമേരിക്ക സൂക്ഷിക്കുമെന്ന സൂചനയും അദ്ദേഹം നല്‍കി.
ട്രംപിന്റെ പരാമര്‍ശങ്ങള്‍ക്ക് മണിക്കൂറുകള്‍ക്കകം മദൂറോ മറുപടിയുമായി രംഗത്തെത്തി. സ്‌റ്റേറ്റ് ടെലിവിഷനിലൂടെ നടത്തിയ പ്രസംഗത്തില്‍, അമേരിക്കന്‍ പ്രസിഡന്റ് സ്വന്തം രാജ്യത്തെ സാമ്പത്തിക-സാമൂഹിക പ്രശ്‌നങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നായിരുന്നു മദൂറോയുടെ പ്രതികരണം. 'മറ്റൊരു രാജ്യത്തെ ഭീഷണിപ്പെടുത്തുന്നതിന് പകരം സ്വന്തം രാജ്യകാര്യങ്ങള്‍ നോക്കിയാല്‍ ലോകത്തിനും അമേരിക്കയ്ക്കും അതാണ് നല്ലത്' എന്നും മദൂറോ പറഞ്ഞു.
അമേരിക്കയുടെ കടുത്ത നിലപാടുകളും ട്രംപിന്റെ പരസ്യമായ പരാമര്‍ശങ്ങളും വെനസ്വേല-അമേരിക്ക ബന്ധം കൂടുതല്‍ സംഘര്‍ഷത്തിലേക്ക് നീങ്ങുന്നുവെന്ന സൂചനയാണെന്ന് നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നു.
'പടിയിറങ്ങിയാല്‍ നല്ലത്' - വെനസ്വേല പ്രസിഡന്റിന് തുറന്ന നിര്‍ദ്ദേശം നല്‍കി ട്രംപ്: 'സ്വന്തം നാട്ടിലെ കാര്യം നോക്കെന്ന്' തിരിച്ചടിച്ച് മദുറോ
