എല്‍ സാല്‍വദോര്‍ ജയിലിലേക്ക് നാടുകടത്തിയ കുടിയേറ്റക്കാര്‍ക്ക് നീതി: തിരികെ കൊണ്ടുവരാനോ വാദം കേള്‍ക്കാനോ പദ്ധതി സമര്‍പ്പിക്കണമെന്ന് ട്രംപ് ഭരണകൂടത്തോട് കോടതി

എല്‍ സാല്‍വദോര്‍ ജയിലിലേക്ക് നാടുകടത്തിയ കുടിയേറ്റക്കാര്‍ക്ക് നീതി: തിരികെ കൊണ്ടുവരാനോ വാദം കേള്‍ക്കാനോ പദ്ധതി സമര്‍പ്പിക്കണമെന്ന് ട്രംപ് ഭരണകൂടത്തോട് കോടതി


വാഷിംഗ്ടണ്‍: എലിയന്‍ എനിമീസ് ആക്ട് (AEA) ചൂണ്ടിക്കാട്ടി എല്‍ സാല്‍വദോറിലെ 'സെക്കോട്ട്' (CECOT) എന്ന കുപ്രസിദ്ധ ജയിലിലേക്ക് നാടുകടത്തിയ 200ലേറെ കുടിയേറ്റക്കാര്‍ക്ക് നിയമപരമായ സംരക്ഷണം ഉറപ്പാക്കണമെന്ന് ഉത്തരവിട്ട് അമേരിക്കന്‍ ഫെഡറല്‍ കോടതി. യു.എസ്. ഇവരെ അമേരിക്കയിലേക്ക് തിരിച്ചുകൊണ്ടുവരുകയോ അല്ലെങ്കില്‍ നിയമപരമായ വാദം കേള്‍ക്കാനുള്ള അവസരം നല്‍കുകയോ ചെയ്യുന്ന പദ്ധതി ജനുവരി 5നകം സമര്‍പ്പിക്കാന്‍ ജില്ലാ ജഡ്ജി ജെയിംസ് ബോസ്ബര്‍ഗ്, ട്രംപ് ഭരണകൂടത്തോട് നിര്‍ദേശിച്ചു.

എല്‍ സാല്‍വദോര്‍ ജയിലിലേക്ക് അയച്ച എല്ലാ കുടിയേറ്റക്കാരെയും ഉള്‍പ്പെടുത്തി ക്ലാസ് ആക്ഷന്‍ കേസ് അംഗീകരിച്ച കോടതി, ഇവരെ 'ട്രെന്‍ ഡി അറഗ്വ' എന്ന വെനിസ്വേലന്‍ ഗ്യാംഗിന്റെ അംഗങ്ങളായി പ്രഖ്യാപിച്ചതില്‍ ഗുരുതരമായ ഭരണഘടനാ ലംഘനം നടന്നതായി നിരീക്ഷിച്ചു. യാതൊരു മുന്‍കൂര്‍ അറിയിപ്പോ വാദം കേള്‍ക്കാനുള്ള അവസരമോ നല്‍കാതെയാണ് നാടുകടത്തല്‍ നടത്തിയതെന്ന് കോടതി ചൂണ്ടിക്കാട്ടി.

18ാം നൂറ്റാണ്ടിലെ യുദ്ധകാല നിയമമായ AEA ഉപയോഗിച്ചാണ് ട്രംപ് ഭരണകൂടം മാര്‍ച്ചില്‍ രണ്ട് വിമാനങ്ങളില്‍ കുടിയേറ്റക്കാരെ എല്‍ സാല്‍വദോറിലേക്ക് അയച്ചത്. എന്നാല്‍, നാടുകടത്തല്‍ തടയാന്‍ കോടതി നല്‍കിയ ഉത്തരവ് സര്‍ക്കാര്‍ ലംഘിച്ചതായും ജഡ്ജി ബോസ്ബര്‍ഗ് വ്യക്തമാക്കി. എല്‍ സാല്‍വദോര്‍ സര്‍ക്കാരിന് 4.7 മില്യണ്‍ ഡോളര്‍ നല്‍കിയാണ് തടങ്കല്‍ നടത്തിയതെന്നും കോടതി രേഖപ്പെടുത്തി.

ജൂലൈയില്‍ തടവിലായിരുന്നവരെ വെനിസ്വേലയിലേക്ക് കൈമാറിയെങ്കിലും, ജയിലിലിരിക്കെ യു.എസ്. സര്‍ക്കാരിന് മേല്‍നോട്ട ബാധ്യതയുണ്ടായിരുന്നുവെന്ന് കോടതി വിലയിരുത്തി. അതിനാല്‍ തന്നെ, ഇവര്‍ക്ക് നിയമപരമായ വാദം കേള്‍ക്കാനുള്ള അവകാശം നിഷേധിക്കപ്പെട്ടതായാണ് വിധി.

കേസിന് നേതൃത്വം നല്‍കുന്ന എസിഎല്‍യു അഭിഭാഷകന്‍ ലീ ഗെര്‍ലന്റ്റ്, 'നീതി നിഷേധിക്കപ്പെട്ട പുരുഷന്മാര്‍ക്ക് ഒടുവില്‍ നിയമപരമായ സംരക്ഷണം ലഭിക്കുന്നു' എന്ന് പ്രതികരിച്ചു.

യാതൊരു ക്രിമിനല്‍ പശ്ചാത്തലവുമില്ലാതെയാണ് ജയിലിലേക്കയച്ചതെന്ന് സോക്കര്‍ പരിശീലകനായ ജെര്‍സി റെയസ് ബാരിയോസ്, പറഞ്ഞു. ജയിലിലെ അനുഭവങ്ങള്‍ ഇപ്പോഴും മാനസികമായി വേട്ടയാടുന്നുവെന്നും, നിലവില്‍ അമേരിക്കയിലേക്ക് മടങ്ങാന്‍ തയ്യാറല്ലെന്നും അദ്ദേഹം പറഞ്ഞു.

കുടിയേറ്റ നയങ്ങളില്‍ ട്രംപ് ഭരണകൂടം സ്വീകരിച്ച കടുത്ത സമീപനത്തിനെതിരെ വലിയ നിയമപരമായ തിരിച്ചടിയായാണ് കോടതി വിധിയെ വിലയിരുത്തുന്നത്.