മലനിരകളില്‍ മഞ്ഞണിഞ്ഞ് സൗദി അറേബ്യ

മലനിരകളില്‍ മഞ്ഞണിഞ്ഞ് സൗദി അറേബ്യ


റിയാദ്: സൗദി മരുഭൂമിയില്‍ കനത്ത മഞ്ഞുവീഴ്ച. അതോടൊപ്പം രാജ്യത്തിന്റെ പല ഭാഗങ്ങളിലും മഴയും അനുഭവപ്പെട്ടു. ഇതോടെ സൗദിയുടെ വ്യത്യസ്ത ഭാഗങ്ങളില്‍ താപനില താഴേക്ക് പതിച്ചു. 

അപൂര്‍വമായ കാലാവസ്ഥാ പ്രതിഭാസം ജനങ്ങളില്‍ ആവേശത്തോടൊപ്പം ആശങ്കയും സഷ്ടിച്ചു. ഇത്തരം അതിതീവ്ര സാഹചര്യങ്ങളില്ലാത്ത പ്രദേശങ്ങളില്‍ കാലാവസ്ഥാ മാറ്റം എത്രത്തോളം അനിശ്ചിതത്വം സൃഷ്ടിക്കുന്നു എന്നതിന്റെ ശക്തമായ ഓര്‍മ്മപ്പെടുത്തലായിരുന്നു ഇത്.

വടക്കന്‍ സൗദി അറേബ്യയില്‍ മഞ്ഞുവീഴ്ച തബൂക്ക് പ്രവിശ്യയിലെ മലനിരകളുടെ ഭൂപ്രകൃതി തന്നെ മാറ്റി. സമുദ്രനിരപ്പില്‍ നിന്ന് 2,600 മീറ്റര്‍ ഉയരത്തിലുള്ള ജബല്‍ അല്‍-ലൗസിലെ ട്രോജേന പ്രദേശം മഞ്ഞുപുതച്ച് മൂടപ്പെട്ടു. പ്രദേശത്ത് ലഘു മഴയും ലഭിച്ചു. സാധാരണയായി വരണ്ട മധ്യപൂര്‍വ്വദേശത്ത് അപൂര്‍വമായ സംഭവമായി ഹയില്‍ മേഖലയിലെ ചില ഭാഗങ്ങളിലും മഞ്ഞുവീഴ്ച രേഖപ്പെടുത്തി. പുലര്‍ച്ചെ ചില പ്രദേശങ്ങളില്‍ താപനില പൂജ്യത്തിന് താഴെയായി. ഉയരം കൂടിയ ഭാഗങ്ങളില്‍ മഞ്ഞ് വര്‍ധിക്കാന്‍ അനുയോജ്യമായ സാഹചര്യങ്ങള്‍ സൃഷ്ടിച്ചു.

മഞ്ഞിനൊപ്പം തന്നെ രാജ്യത്തിന്റെ വിവിധ മേഖലകളില്‍ വ്യാപകമായി മഴയും ലഭിച്ചു. ബിര്‍ ബിന്‍ ഹെര്‍മാസ്, അല്‍-അയീന, അമ്മാര്‍, അല്‍ഉല ഗവര്‍ണറേറ്റ്, ശാഖ്ര, അതിനോട് ചേര്‍ന്ന പ്രദേശങ്ങള്‍ എന്നിവിടങ്ങളില്‍ ചെറുതും മിതവുമായ മഴ ലഭിച്ചു. റിയാദ്, ഖാസിം, ഈസ്റ്റേണ്‍ മേഖലകളില്‍ ചില ഭാഗങ്ങളില്‍ കനത്ത മഴ രേഖപ്പെടുത്തി. ദേശീയ കാലാവസ്ഥാ കേന്ദ്രം (എന്‍ സി എം) സ്ഥിരീകരിച്ചതനുസരിച്ച് റിയാദിന്റെ വടക്കുള്ള അല്‍-മജ്മാഅയും അല്‍-ഘാത്തും പ്രദേശങ്ങളിലും മഞ്ഞുവീഴ്ച ഉണ്ടായി. തുറന്ന നിലങ്ങളിലെയും ഉയര്‍ന്ന പ്രദേശങ്ങളിലെയും മഞ്ഞ് അടിഞ്ഞുകൂടി.

മഴവാഹക മേഘങ്ങളുമായി ചേര്‍ന്ന ശക്തമായ തണുത്ത കാറ്റാണ് രാജ്യത്തിന്റെ മധ്യ- വടക്കന്‍ ഭാഗങ്ങളില്‍ ഈ അതിതീവ്ര കാലാവസ്ഥ കൊണ്ടുവന്നതെന്നാണ് എന്‍ സി എമ്മിന്റെ വക്താവായ ഹുസൈന്‍ അല്‍-ഖാഹ്താനി വിശദീകരിച്ചത്.  വടക്കന്‍, മധ്യ പ്രദേശങ്ങളില്‍ താപനില കുറവായിത്തന്നെ തുടരുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കി. വാഹനമോടിക്കുമ്പോള്‍ ജാഗ്രത പാലിക്കാനും വെള്ളപ്പൊക്ക സാധ്യതയുള്ള താഴ്‌വരകള്‍ ഒഴിവാക്കാനും അദ്ദേഹം ജനങ്ങളോട് അഭ്യര്‍ഥിച്ചു. മഞ്ഞുപുതഞ്ഞ മലനിരകളുടെ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചതോടെ അല്‍-മജ്മാഅയിലേക്കും അല്‍-ഘാത്തിലേക്കും ആളുകള്‍ എത്തി. പ്രതികൂല കാലാവസ്ഥയെ തുടര്‍ന്ന് സുരക്ഷയ്ക്കായി റിയാദിലെ സ്‌കൂളുകള്‍ ഓണ്‍ലൈന്‍ പഠനത്തിലേക്ക് മാറ്റി.

ഈ സംഭവത്തിന് പ്രത്യേകമായ അന്തരീക്ഷ സാഹചര്യങ്ങളാണ് കാരണം എന്നിരുന്നാലും, ഇത്തരത്തിലുള്ള അപൂര്‍വമായ കാലാവസ്ഥാ രീതികളുടെ ആവര്‍ത്തനം വര്‍ധിക്കുകയാണെന്ന് കാലാവസ്ഥാ വിദഗ്ധര്‍ പറയുന്നു. ഇത് കാലാവസ്ഥാ മാറ്റത്തിന്റെ വ്യാപക പ്രത്യാഘാതങ്ങളെ കുറിച്ച് ആശങ്കകള്‍ ഉയര്‍ത്തുന്നു. സൗദി അറേബ്യയിലെ ഈ അപൂര്‍വ മഞ്ഞുവീഴ്ച, യു എ ഇയിലെ അപ്രതീക്ഷിത മഴ, ദക്ഷിണേഷ്യയിലെ കഠിനമായ ചൂട് തരംഗങ്ങള്‍, സാധാരണയായി വരണ്ട മിഡില്‍ ഈസ്റ്റ് മേഖലകളിലെ പെട്ടെന്നുള്ള വെള്ളപ്പൊക്കങ്ങള്‍, യൂറോപ്പിന്റെയും വടക്കേ ആഫ്രിക്കയുടെയും ചില ഭാഗങ്ങളിലെ അസാധാരണമായ മഞ്ഞുവീഴ്ച എന്നിവയോടൊപ്പം ചേര്‍ന്ന്, ലോകമെമ്പാടും കാലാവസ്ഥ എങ്ങനെ മാറിക്കൊണ്ടിരിക്കുകയാണെന്ന് വ്യക്തമാക്കുന്നു.