സിഡ്നി: ബോണ്ടി ബീച്ച് ആക്രമണം സൂക്ഷ്മമായി ആസൂത്രണം ചെയ്തതാണെന്ന് അന്വേഷകര്‍. പൊലീസ് പരിശോധിച്ച സി സി ടി വി ദൃശ്യങ്ങളില്‍ ആക്രമണത്തിന് രണ്ട് ദിവസം മുമ്പ് ഇരുവരും ബോണ്ടി പ്രദേശം സന്ദര്‍ശിച്ച് സ്ഥലപരിശോധന നടത്തുന്നതായി കാണുന്നുണ്ട്. പിന്നീട് വെടിവെപ്പ് നടന്ന സ്ഥലത്തിന് സമീപമുള്ള അതേ ഫുട്ബ്രിഡ്ജിന് സമീപമാണ് ഇവര്‍ വാഹനം നിര്‍ത്തിയതെന്നും പൊലീസ് വ്യക്തമാക്കി.
ഓസ്‌ട്രേലിയയെ ഞെട്ടിച്ച ബോണ്ടി ബീച്ച് ഭീകരാക്രമണത്തില്‍ 15 പേര്‍ കൊല്ലപ്പെടുകയും പന്ത്രണ്ടിലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
ഈ ആക്രമണം നടത്തിയത് അച്ഛനും മകനുമടങ്ങുന്ന സംഘമാണെന്ന് അധികൃതര്‍ ആരോപിക്കുന്നു. ഓസ്ട്രേലിയന്‍ പൗരനായ 24 വയസ്സുകാരന്‍ നവീദ് അക്രവും അദ്ദേഹത്തിന്റെ പിതാവ് 50 വയസ്സുകാരന്‍ സജീദ് അക്രവും ചേര്‍ന്നാണ് ആക്രമണം നടത്തിയതെന്ന് പൊലീസ് പറയുന്നു. സംഭവസ്ഥലത്ത് പോലീസുമായുണ്ടായ ഏറ്റുമുട്ടലില്‍ സജീദ് കൊല്ലപ്പെട്ടു. വെടിയേറ്റ് ഗുരുതരമായി പരിക്കേറ്റ നവീദ് രക്ഷപ്പെടുകയും ഇപ്പോള്‍ പൊലീസ് കാവലില്‍ ചികിത്സയില്‍ തുടരുകയും ചെയ്യുന്നു. ഭീകരവാദവുമായി ബന്ധപ്പെട്ട കുറ്റങ്ങള്‍ ഉള്‍പ്പെടെ 15 കൊലപാതകക്കുറ്റങ്ങള്‍ നവീദിനെതിരെ ചുമത്തിയിട്ടുണ്ട്.
ആക്രമണത്തിന് ആഴ്ചകള്‍ക്ക് മുമ്പ് സിഡ്നിയുടെ തെക്കുപടിഞ്ഞാറന്‍ മേഖലയിലെ ക്യാമ്പ്‌സിയില്‍ ഇവര്‍ ഒരു എയര്‍ബിഎന്‍ബി താമസം ബുക്ക് ചെയ്തിരുന്നതായും പോലീസ് വെളിപ്പെടുത്തി. ഒക്ടോബര്‍ 20ന് ഓണ്‍ലൈനായി ചെയ്ത ബുക്കിംഗ് ഡിസംബര്‍ 2 മുതല്‍ 21 വരെയായിരുന്നു, ഇത് മുന്‍കൂര്‍ തയ്യാറെടുപ്പുകള്‍ നടത്തിയിരുന്നുവെന്ന് സൂചിപ്പിക്കുന്നു.
ആക്രമണ ദിനത്തിന്റെ പുലര്‍ച്ചെ 2.16ഓടെ ഇരുവരും എയര്‍ബിഎന്‍ബിയില്‍ നിന്ന് പുറപ്പെടുന്നതാണ് സിസിടിവി ദൃശ്യങ്ങളില്‍ പതിഞ്ഞത്. കമ്പിളിയില്‍ പൊതിഞ്ഞ നിലയില്‍ ആയുധങ്ങളെന്ന് സംശയിക്കുന്ന വസ്തുക്കള്‍ 2001 മോഡല്‍ ഹ്യുണ്ടായി എലാന്‍ട്ര കാറിലേക്ക് കയറ്റുന്നതായി ദൃശ്യങ്ങളില്‍ കാണാമെന്ന് പൊലീസ് പറയുന്നു. ഈ വാഹനം നവീദിന്റെ പേരിലാണ് രജിസ്റ്റര്‍ ചെയ്തിരുന്നത്. ഓസ്ട്രേലിയന്‍ ഫെഡറല്‍ പൊലീസ് റിപ്പോര്‍ട്ട് പ്രകാരം, തോക്കുകള്‍, താത്ക്കാലികമായി നിര്‍മിച്ച സ്ഫോടക ഉപകരണങ്ങള്‍, തീവ്രവാദ ചിഹ്നങ്ങളുള്ള പതാകകള്‍ എന്നിവ ഈ ആയുധശേഖരത്തില്‍ ഉള്‍പ്പെട്ടിരുന്നതായാണ് ആരോപണം.
അതേ ദിവസം വൈകിട്ട് ഏകദേശം 5.09ഓടെ, ഇരുവരും വീണ്ടും എയര്‍ബിഎന്‍ബിയില്‍ നിന്ന് പുറപ്പെടുന്നതായി സിസിടിവി ദൃശ്യങ്ങളില്‍ കാണാം. വാഹനം ബോണ്ടി ഭാഗത്തേക്ക് നീങ്ങി, ആക്രമണം തുടങ്ങുന്നതിന് തൊട്ടുമുമ്പ് ഫുട്ബ്രിഡ്ജിന് സമീപം പാര്‍ക്ക് ചെയ്തതായും പൊലീസ് പറഞ്ഞു. തുടര്‍ന്ന് ആയുധങ്ങളുമായി നടന്നു മുന്നേറിയ ഇവര്‍ ജനക്കൂട്ടത്തിന് നേരെ വെടിയുതിര്‍ക്കുകയായിരുന്നുവെന്നാണ് പൊലീസ് വിശദീകരിക്കുന്നത്.
