ഇസ്ലാമാബാദ്: റിപ്പോര്‍ട്ടുകള്‍ പ്രകാരം ലിബിയന്‍ നാഷണല്‍ ആര്‍മിക്കു നാലു ബില്യണ്‍ ഡോളര്‍ മൂല്യമുള്ള സൈനിക ഉപകരണങ്ങള്‍ വില്‍ക്കുന്നതിനുള്ള വന്‍ ആയുധ കരാര്‍ പാകിസ്ഥാന്‍ അന്തിമമാക്കിയതായി റിപ്പോര്‍ട്ട് ചെയ്യുന്നു. യുദ്ധവിമാനങ്ങള്‍, പരിശീലന വിമാനങ്ങള്‍, മറ്റ് വിവിധ സൈനിക ഉപകരണങ്ങള്‍ എന്നിവ ഈ കരാറില്‍ ഉള്‍പ്പെടുന്നു. പാകിസ്ഥാന്റെ ഇതുവരെ ഉണ്ടായ ഏറ്റവും വലിയ ആയുധ കയറ്റുമതി കരാറുകളിലൊന്നായാണ് ഇതിനെ വിശേഷിപ്പിക്കുന്നത്. ബെംഗാസിയില്‍ പാകിസ്ഥാന്‍ സൈന്യാധിപന്‍ ഫീല്‍ഡ് മാര്‍ഷല്‍ അസിം മുനീറും ലിബിയന്‍ നാഷണല്‍ ആര്‍മിയുടെ ഡെപ്യൂട്ടി കമാന്‍ഡറും തമ്മിലുള്ള കൂടിക്കാഴ്ചയിലാണ് കരാര്‍ ചര്‍ച്ച ചെയ്ത് അന്തിമരൂപം നല്‍കിയതെന്നാണ് റിപ്പോര്‍ട്ട്. ലിബിയയ്ക്കെതിരെ ഐക്യരാഷ്ട്രസഭയുടെ ആയുധ നിരോധനം നിലവിലുണ്ടെന്നിരിക്കെയാണ് ഈ കരാര്‍ ഉണ്ടായതെന്നതും ശ്രദ്ധേയമാണ്.
റിപ്പോര്‍ട്ടുകള്‍ പ്രകാരം ചൈനയുമായി ചേര്‍ന്ന് വികസിപ്പിച്ച ജെ എഫ് 17 മള്‍ട്ടിറോള്‍ യുദ്ധവിമാനങ്ങള്‍, സൂപ്പര്‍ മുഷാക് പരിശീലന വിമാനങ്ങള്‍, കൂടാതെ കര, കടല്‍, വ്യോമ മേഖലയുമായി ബന്ധപ്പെട്ട മറ്റ് സൈനിക ഉപകരണങ്ങള്‍ എന്നിവയുടെ കയറ്റുമതിയാണ് കരാറില്‍ ഉള്‍പ്പെട്ടിരിക്കുന്നത്.
