ധാക്ക: ബംഗ്ലാദേശില്‍ അടുത്തിടെ ഉണ്ടായ അക്രമസംഭവങ്ങള്‍ക്കിടെ കൊല്ലപ്പെട്ട ഹിന്ദു യുവാവ് ദിപു ചന്ദ്ര ദാസ് 'ദൈവനിന്ദ' നടത്തിയതിനല്ല ആള്‍ക്കൂട്ട ആക്രമണം നേരിട്ടതെന്ന കണ്ടെത്തലുമായി അന്വേഷണ ഏജന്‍സികള്‍. ദിപു മതത്തെ അപമാനിച്ചുവെന്ന ആരോപണം സ്ഥിരീകരിക്കുന്ന യാതൊരു തെളിവും ലഭിച്ചിട്ടില്ലെന്ന് ബംഗ്ലാദേശ് പൊലീസ്‌യും റാപിഡ് ആക്ഷന്‍ ബറ്റാലിയനും (RAB) വ്യക്തമാക്കി. സംഭവത്തിന് പിന്നില്‍ മതവൈരാഗ്യമല്ല, മറിച്ച് അദ്ദേഹം ജോലി ചെയ്തിരുന്ന ഫാക്ടറിയിലെ ആഭ്യന്തര തര്‍ക്കമാണെന്നാണ് ഇപ്പോഴത്തെ അന്വേഷണ നിഗമനം.
ദിപു മതത്തെ അപമാനിച്ചെന്ന ആരോപണം നിലവില്‍ വാക്കാലുള്ള പ്രചാരണമാത്രമാണെന്നും അന്വേഷണത്തില്‍ അത്തരം ഒരു തെളിവും കണ്ടെത്താനായിട്ടില്ലെന്നും മൈമന്‍സിംഗ് അഡീഷണല്‍ എസ്.പി. (അഡ്മിനിസ്‌ട്രേഷന്‍) അബ്ദുള്ള അല്‍ മാമുന്‍ പറഞ്ഞു. സംഭവത്തില്‍ ഇതുവരെ 12 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.
ധാക്ക ട്രിബ്യൂണ്‍ റിപ്പോര്‍ട്ട് ചെയ്തതുപോലെ, കൊല്ലപ്പെടുന്നതിന് മുമ്പ് തന്നെ ദിപുവിനും സഹപ്രവര്‍ത്തകര്‍ക്കുമിടയില്‍ ഫാക്ടറിയില്‍ സംഘര്‍ഷം നിലനിന്നിരുന്നു. ഫ്‌ലോര്‍ മാനേജറില്‍ നിന്ന് സൂപ്പര്‍വൈസര്‍ സ്ഥാനത്തേക്ക് സ്ഥാനക്കയറ്റത്തിനായുള്ള പരീക്ഷയില്‍ ദിപു പങ്കെടുത്തിരുന്നു. ഇതുമായി ബന്ധപ്പെട്ട് ചില ജീവനക്കാരുമായി തര്‍ക്കമുണ്ടായതായും കുടുംബം പറയുന്നു. മതനിന്ദ ആരോപണം ഉന്നയിച്ച് വ്യാജ കുറ്റം ചുമത്തി ദിപുവിനെ ജോലിയില്‍ നിന്ന് പുറത്താക്കിയെന്നാണ് ദിപുവിന്റെ സഹോദരന്‍ അപു റോബി ദാസ് ആരോപിക്കുന്നത. 'അവര്‍ എന്റെ സഹോദരനെ മര്‍ദിച്ച് ഫാക്ടറിയില്‍ നിന്ന് പുറത്താക്കി. പിടികൂടി മാപ്പ് പറഞ്ഞിട്ടും വിട്ടില്ല,' അപു പറഞ്ഞു.
ദിപുവിന്റെ സുഹൃത്ത് ഹിമേല്‍ പിന്നീട് ഫോണ്‍ ചെയ്ത്, പ്രവാചകന്‍ മുഹമ്മദ് നബിയെ അപമാനിച്ചുവെന്നാരോപിച്ച് ദിപുവിനെ പൊലീസ് സ്‌റ്റേഷനിലേക്ക് കൊണ്ടുപോയതായി അറിയിച്ചതായും, കുറച്ചുസമയം കഴിഞ്ഞ് വീണ്ടും വിളിച്ച് ദിപു മരിച്ചതായി പറഞ്ഞതായും അപു പറഞ്ഞു.
മൈമന്‍സിംഗ് RAB കമ്പനി കമാന്‍ഡര്‍ എം.ഡി. ഷംസുസ്സാമാനും മതനിന്ദ ആരോപണത്തിന് തെളിവില്ലെന്ന നിലപാട് ആവര്‍ത്തിച്ചു. 'സംഭവസ്ഥലത്തുണ്ടായിരുന്ന ആരും ദിപു മതത്തെ അപമാനിക്കുന്ന പരാമര്‍ശം നടത്തിയതായി സ്ഥിരീകരിച്ചിട്ടില്ല. സോഷ്യല്‍ മീഡിയയിലോ മറ്റോ അത്തരമൊരു പോസ്റ്റ് ഉണ്ടായിരുന്നെങ്കില്‍ അത് കണ്ടെത്താനാകുമായിരുന്നു. ഒന്നും ലഭിച്ചിട്ടില്ല,' എന്ന് അദ്ദേഹം വ്യക്തമാക്കി.
പ്രാദേശിക വാര്‍ഡ് അംഗമായ തോഫസ്സല്‍ ഹുസൈന്‍ പറയുന്നത്, ഇത് മതവികാരത്തിന്റെ പേരില്‍ ഉണ്ടായ അപ്രതീക്ഷിത ആക്രമണമല്ലെന്നാണ്. 'ഉല്‍പാദന ലക്ഷ്യങ്ങള്‍, ഓവര്‍ടൈം, തൊഴില്‍ സാഹചര്യങ്ങള്‍, തൊഴിലാളികളുടെ ആനുകൂല്യങ്ങള്‍ തുടങ്ങിയ വിഷയങ്ങളില്‍ ദിപുവിന് സഹപ്രവര്‍ത്തകരുമായി നീണ്ടുനിന്ന തര്‍ക്കങ്ങളുണ്ടായിരുന്നു. ഫാക്ടറിയില്‍ നിന്ന് അവനെ പുറത്താക്കാന്‍ ക്രമാനുഗതമായി ഒരു ഗൂഢാലോചന രൂപപ്പെട്ടിരിക്കാം,' അദ്ദേഹം പറഞ്ഞു.
ഇതിനിടെ, ദിപു ദാസിന്റെ 'ഭീകരമായ കൊലപാതകത്തില്‍' ഇന്ത്യ ശക്തമായ ആശങ്ക രേഖപ്പെടുത്തി. വിദേശകാര്യ മന്ത്രാലയ വക്താവ് രന്‍ധീര്‍ ജയ്‌സ്വാല്‍, ബംഗ്ലാദേശിലെ സാഹചര്യം ഇന്ത്യ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്നും, ന്യൂനപക്ഷങ്ങള്‍ക്കെതിരായ ആക്രമണങ്ങളില്‍ ശക്തമായ പ്രതിഷേധം അറിയിച്ചിട്ടുണ്ടെന്നും പറഞ്ഞു. ദിപുവിന്റെ കൊലപാതകത്തില്‍ കുറ്റക്കാരായവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടിട്ടുണ്ട്.
'ദൈവനിന്ദ' ആരോപണം തള്ളി അന്വേഷണം; ബംഗ്ലാദേശിലെ ഹിന്ദു യുവാവിന്റെ കൊലപാതകത്തിന് പിന്നില്‍ ഫാക്ടറി തര്‍ക്കമെന്ന് സൂചന
