' 1971 ഓര്‍ത്ത് സംഘര്‍ഷം കുറയ്ക്കൂ': ഇന്ത്യ-ബംഗ്ലാദേശ് പിണക്കത്തില്‍ റഷ്യയുടെ ഇടപെടല്‍

' 1971 ഓര്‍ത്ത് സംഘര്‍ഷം കുറയ്ക്കൂ': ഇന്ത്യ-ബംഗ്ലാദേശ് പിണക്കത്തില്‍ റഷ്യയുടെ ഇടപെടല്‍


ധാക്ക: ബംഗ്ലാദേശില്‍ വീണ്ടും അശാന്തി പടരുന്നതിനിടെ ഇന്ത്യയുമായുള്ള ബന്ധം വേഗത്തില്‍ സാധാരണ നിലയിലാക്കണമെന്ന് റഷ്യ ധാക്കയോട് ആവശ്യപ്പെട്ടു. ഇന്ത്യ-ബംഗ്ലാദേശ് ബന്ധങ്ങളില്‍ സ്ഥിരത പുലര്‍ത്തുന്നത് ദക്ഷിണേഷ്യയിലെ സമാധാനത്തിനും സുരക്ഷയ്ക്കും അനിവാര്യമാണെന്ന് ബംഗ്ലാദേശിലെ റഷ്യന്‍ അംബാസഡര്‍ അലക്‌സാണ്ടര്‍ ഗ്രിഗോറിയേവിച്ച് ഖോസിന്‍ വ്യക്തമാക്കി. 1971ലെ വിമോചനസമരത്തില്‍ ഇന്ത്യ വഹിച്ച നിര്‍ണായക പങ്ക് മറക്കരുതെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു.

'1971ല്‍ ബംഗ്ലാദേശിന് സ്വാതന്ത്ര്യം ലഭിച്ചത് ഇന്ത്യയുടെ സഹായം കൊണ്ടാണ്. ആ സമയത്ത് റഷ്യയും ഇന്ത്യയോടൊപ്പം നിന്നു. ഇന്ത്യ, ബംഗ്ലാദേശ്, റഷ്യ-ഈ മൂന്നു രാജ്യങ്ങളും ഒരുമിച്ച് കൈകോര്‍ത്താണ് മുന്നേറിയത്. അതിനാല്‍ തന്നെ നിലവിലെ സംഘര്‍ഷം അതിലധികം കടക്കാതിരിക്കണം,' ഖോസിന്‍ പറഞ്ഞു. ഇന്ത്യ-ബംഗ്ലാദേശ് ബന്ധങ്ങളില്‍ പിണക്കം എത്രത്തോളം വേഗം കുറയ്ക്കുന്നതാണ് എല്ലാവര്‍ക്കും ഗുണകരമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം, വിദ്യാര്‍ത്ഥി നേതാവ് ഷരീഫ് ഉസ്മാന്‍ ഹാദിയുടെ വധമാണ് ബംഗ്ലാദേശിനെ വീണ്ടും കലുഷിതമാക്കിയിരിക്കുന്നത്. ജൂലൈ വിപ്ലവത്തിന്റെ മുഖ്യ നേതാക്കളിലൊരാളായ ഹാദിയെ ഡിസംബര്‍ 12ന് ധാക്കയിലെ ബിജോയ്‌നഗറില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ മുഖംമൂടി ധരിച്ച അക്രമികള്‍ വെടിവെച്ചിരുന്നു. ഗുരുതരമായി പരിക്കേറ്റ ഹാദി സിംഗപ്പൂരില്‍ ചികിത്സയിലിരിക്കെ മരിച്ചു. ഇതിനെ തുടര്‍ന്നുണ്ടായ പ്രതിഷേധങ്ങളില്‍ മാധ്യമസ്ഥാപനങ്ങളായ പ്രഥമ ആലോ, ഡെയ്‌ലി സ്റ്റാര്‍ എന്നിവയുടെ ഓഫിസുകള്‍ക്ക് നേരെ ആക്രമണമുണ്ടായി. പ്രമുഖ സാംസ്‌കാരിക കേന്ദ്രമായ ചായാനോട്ടിനെയും ബംഗ്ലാദേശിന്റെ സ്ഥാപകപിതാവ് ഷെയ്ഖ് മുജീബുര്‍ റഹ്മാന്റെ ധന്‍മണ്ടിയിലെ വസതിയും പ്രതിഷേധക്കാര്‍ തകര്‍ത്തു.

ഇന്ത്യന്‍ നയതന്ത്ര സ്ഥാപനങ്ങളും ആക്രമണത്തിന്റെ ഇരയായി. ചട്ടോഗ്രാമിലെ അസിസ്റ്റന്റ് ഇന്ത്യന്‍ ഹൈ കമ്മീഷണറുടെ വസതിയിലേക്ക് കല്ലേറുണ്ടായി. ഹാദിയുടെ സംസ്‌കാരത്തിന് പിന്നാലെ പ്രതിഷേധക്കാര്‍ പാര്‍ലമെന്റ് മന്ദിരത്തിലേക്ക് കയറി സുരക്ഷാ ബാരിക്കേഡുകള്‍ തകര്‍ത്തതും സ്ഥിതിഗതികള്‍ കൂടുതല്‍ ഗുരുതരമാക്കി. ഇതിനിടെ ഖുല്‍നയില്‍ മറ്റൊരു വിദ്യാര്‍ത്ഥി നേതാവായ മുഹമ്മദ് മൊതാലിബ് സിക്ക്ദാറിന് വെടിയേറ്റു. ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍ കഴിയുന്ന ഇയാളുടെ നില അതീവ ആശങ്കാജനകമാണെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.

അശാന്തി രൂക്ഷമായ പശ്ചാത്തലത്തില്‍ ഇന്ത്യ-ബംഗ്ലാദേശ് നയതന്ത്രബന്ധങ്ങളിലും വിള്ളല്‍ വീണിട്ടുണ്ട്. ചിറ്റഗോംഗിലെ ഇന്ത്യന്‍ അസിസ്റ്റന്റ് ഹൈ കമ്മീഷനിലേക്ക് പ്രതിഷേധക്കാര്‍ കടന്നുകയറാന്‍ ശ്രമിച്ചതിന് പിന്നാലെ ഇന്ത്യ അവിടെ വിസാ സേവനങ്ങള്‍ നിര്‍ത്തിവച്ചു.  പ്രതികാരമായി ധാക്ക സര്‍ക്കാര്‍ ന്യൂഡല്‍ഹിയിലെയും ത്രിപുരയിലെയും ബംഗ്ലാദേശ് മിഷനുകളില്‍ വിസാ സേവനം താല്‍ക്കാലികമായി നിര്‍ത്തി. കഴിഞ്ഞ ദിവസങ്ങളില്‍ ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം ബംഗ്ലാദേശ് അംബാസഡറെ വിളിച്ചുവരുത്തി ശക്തമായ പ്രതിഷേധം അറിയിച്ചിരുന്നു. അതേസമയം, ബംഗ്ലാദേശ് സര്‍ക്കാര്‍ ഇന്ത്യന്‍ ഹൈ കമ്മീഷണറെയും വിളിച്ചുവരുത്തിയതോടെ ഇരു രാജ്യങ്ങള്‍ക്കിടയിലെ പിണക്കം തുടരുകയാണ്.