ന്യൂഡല്‍ഹി: ഇന്ത്യന്‍ ആകാശത്ത് കൂടുതല്‍ മത്സരത്തിന് വഴിയൊരുക്കി മൂന്ന് പുതിയ വിമാനക്കമ്പനികള്‍ കൂടി രംഗത്തേക്ക് എത്തുന്നു. ഇതില്‍ രണ്ട് കമ്പനികള്‍ക്ക് കേന്ദ്ര വ്യോമയാന മന്ത്രാലയം നോ ഒബ്ജക്ഷന്‍ സര്‍ട്ടിഫിക്കറ്റ് (എന്‍ഒസി) അനുവദിച്ചു. കേരളം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന അല്‍ഹിന്ദ് എയര്‍, ഫ്‌ളൈ എക്‌സ്പ്രസ് എന്നീ കമ്പനികള്‍ക്കാണ് പുതുതായി എന്‍ഒസി ലഭിച്ചത്. ഉത്തര്‍പ്രദേശ് ആസ്ഥാനമായ ശംഖ് എക്‌സ്പ്രസിന് നേരത്തെ തന്നെ അനുമതി നല്‍കിയിരുന്നു. മൂന്നു കമ്പനികളും അടുത്ത വര്‍ഷം പ്രവര്‍ത്തനം ആരംഭിക്കുമെന്നാണ് വിവരം.
കൂടുതല്‍ ഓപ്പറേറ്റര്‍മാര്‍ക്ക് അവസരം നല്‍കുകയും യാത്രക്കാര്‍ക്ക് കൂടുതല്‍ സൗകര്യങ്ങള്‍ ഉറപ്പാക്കുകയും ചെയ്യുന്നതിനൊപ്പം വ്യോമയാന രംഗത്തെ കുത്തകാധിപത്യം ഒഴിവാക്കുകയെന്ന ലക്ഷ്യത്തോടെയാണ് കേന്ദ്ര സര്‍ക്കാരിന്റെ ഈ നീക്കം. അല്‍ഹിന്ദ് എയര്‍, ഫ്‌ളൈ എക്‌സ്പ്രസ് എന്നീ കമ്പനികള്‍ക്ക് എന്‍ഒസി നല്‍കിയ വിവരം കേന്ദ്ര വ്യോമയാന മന്ത്രി റാം മോഹന്‍ നായിഡു എക്‌സ് പോസ്റ്റിലൂടെ സ്ഥിരീകരിച്ചു.
ഇന്ത്യന്‍ ആകാശത്ത് സര്‍വീസ് ആരംഭിക്കാന്‍ ആഗ്രഹിക്കുന്ന ശംഖ് എയര്‍, അല്‍ഹിന്ദ് എയര്‍, ഫ്‌ളൈ എക്‌സ്പ്രസ് എന്നീ പുതിയ എയര്‍ലൈന്‍ കമ്പനികളുടെ പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തിയതായും മന്ത്രി അറിയിച്ചു. ശംഖ് എയറിന് മന്ത്രാലയത്തില്‍ നിന്ന് നേരത്തെ എന്‍ഒസി ലഭിച്ചിരുന്നുവെന്നും ഈ ആഴ്ചയാണ് അല്‍ഹിന്ദ് എയറിനും ഫ്‌ളൈ എക്‌സ്പ്രസിനും അനുമതി ലഭിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി. മോദി സര്‍ക്കാരിന്റെ നയങ്ങളുടെ ഫലമായി ലോകത്ത് അതിവേഗം വളരുന്ന വിമാന വിപണികളില്‍ ഒന്നായി ഇന്ത്യ മാറിയിട്ടുണ്ടെന്നും കൂടുതല്‍ എയര്‍ലൈന്‍ കമ്പനികളെ പ്രോത്സാഹിപ്പിക്കുകയാണ് മന്ത്രാലയത്തിന്റെ ലക്ഷ്യമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. ഉഡാന്‍ പദ്ധതി ഉള്‍പ്പെടെ സ്റ്റാര്‍ എയര്‍, ഇന്ത്യ വണ്‍ എയര്‍, ഫ്‌ളൈ 91 തുടങ്ങിയ ചെറുകിട കാരിയറുകള്‍ രാജ്യത്തെ റീജിയണല്‍ കണക്ടിവിറ്റിയില്‍ നിര്‍ണായക പങ്ക് വഹിച്ചിട്ടുണ്ടെന്നും ഇനിയും വളര്‍ച്ചയ്ക്ക് സാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
നിലവില്‍ ആഭ്യന്തര വ്യോമയാന രംഗത്ത് ഇന്‍ഡിഗോയും എയര്‍ ഇന്ത്യ ഗ്രൂപ്പുമാണ് ഏറ്റവും ശക്തമായ സാന്നിധ്യങ്ങള്‍. ഇതില്‍ ഏകദേശം 65 ശതമാനം വിപണി വിഹിതം ഇന്‍ഡിഗോയ്ക്കാണ്. കുറച്ച് കമ്പനികള്‍ മാത്രം വിപണി നിയന്ത്രിക്കുന്നത് ടിക്കറ്റ് നിരക്ക് വര്‍ധിക്കാനും യാത്രക്കാര്‍ക്ക് തിരഞ്ഞെടുപ്പുകള്‍ കുറയാനും കാരണമാകുമെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. ഈ സാഹചര്യം ഒഴിവാക്കി ആരോഗ്യകരമായ മത്സരം ഉറപ്പാക്കുന്നതിനായാണ് കൂടുതല്‍ വിമാനക്കമ്പനികളെ സര്‍ക്കാര്‍ പ്രോത്സാഹിപ്പിക്കുന്നത്.
അടുത്തിടെ ഇന്‍ഡിഗോ നേരിട്ട പ്രതിസന്ധിയുടെ ഭാഗമായി 10 ദിവസത്തിനിടെ ഏകദേശം 4,500 വിമാന സര്‍വീസുകള്‍ റദ്ദാക്കേണ്ടി വന്നിരുന്നു. ഇതുമൂലം ആഭ്യന്തരവും അന്താരാഷ്ട്രവുമായ സര്‍വീസുകള്‍ക്ക് വലിയ തിരിച്ചടിയാണ് ഉണ്ടായത്.
മൂന്ന് പുതിയ വിമാനക്കമ്പനികള്‍ക്ക് കൂടി കേന്ദ്രാനുമതി; രണ്ടെണ്ണം കേരളത്തില്‍ നിന്ന്
