കാലിഫോർണിയ: അനധികൃതമായി അമേരിക്കയിൽ താമസിച്ച് കൊമേഴ്‌സ്യൽ ട്രക്കുകൾ ഓടിച്ചിരുന്ന 30 ഇന്ത്യൻ പൗരന്മാരടക്കം 49 പേരെ യുഎസ് ബോർഡർ പട്രോൾ അറസ്റ്റ് ചെയ്തു. കാലിഫോർണിയയിലെ എൽ സെൻട്രോ സെക്ടറിലുണ്ടായ പരിശോധനകളിലും വിവിധ ഏജൻസികൾ ചേർന്നുള്ള ഓപ്പറേഷനുകളിലുമാണ് ഇവരെ പിടികൂടിയതെന്ന് യുഎസ് കസ്റ്റംസ് ആൻഡ് ബോർഡർ പ്രൊട്ടക്ഷൻ (CBP) അറിയിച്ചു.
നവംബർ 23 മുതൽ ഡിസംബർ 12 വരെ നടന്ന പരിശോധനകളിൽ, ഇന്റര്‍സ്റ്റേറ്റുകളിലൂടെയും കുടിയേറ്റ പരിശോധനാ കേന്ദ്രങ്ങളിലൂടെയും സെമി ട്രക്കുകൾ ഓടിച്ചിരുന്ന 42 അനധികൃത കുടിയേറ്റക്കാരെയാണ് പിടികൂടിയത്. ഇവരിൽ 30 പേർ ഇന്ത്യയിൽ നിന്നുള്ളവരാണ്. രണ്ട് പേർ എൽ സാൽവഡോറിൽ നിന്നുള്ളവരും മറ്റ് ചിലർ ചൈന, എരിത്രിയ, ഹൈതി, ഹോണ്ടുറാസ്, മെക്‌സിക്കോ, റഷ്യ, സൊമാലിയ, ടർക്കി, യുക്രൈൻ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ളവരുമാണ്.
അറസ്റ്റിലായവരിൽ 31 പേർക്ക് കാലിഫോർണിയ നൽകിയ കൊമേഴ്‌സ്യൽ ഡ്രൈവർ ലൈസൻസുകളുണ്ടായിരുന്നു. ഫ്‌ളോറിഡ, ഇല്ലിനോയി, ഇൻഡിയാന, ഒഹായോ, മേരിലാൻഡ്, മിന്നസോട്ട, ന്യൂജേഴ്‌സി, ന്യൂയോർക്ക്, പെൻസിൽവേനിയ, വാഷിംഗ്ടൺ സംസ്ഥാനങ്ങൾ നൽകിയ ലൈസൻസുകളും ചിലർക്കുണ്ടെന്ന് സിബിപി വ്യക്തമാക്കി.
ഡിസംബർ 10, 11 തീയതികളിൽ യു.എസ്. ഇമിഗ്രേഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്‌സ്‌മെന്റിന്റെ ഹോംലാൻഡ് സെക്യൂരിറ്റി ഇൻവെസ്റ്റിഗേഷൻസ് വിഭാഗം നയിച്ച 'ഓപ്പറേഷൻ ഹൈവേ സെന്റിനൽ' എന്ന സംയുക്ത പരിശോധനയിലും കൂടുതൽ അറസ്റ്റുകൾ നടന്നു. ഒന്റാറിയോ, ഫോണ്ടാന നഗരങ്ങളിലായി നടന്ന ഈ രണ്ടുദിവസത്തെ പരിശോധനയിൽ അനധികൃതമായി കൊമേഴ്‌സ്യൽ ലൈസൻസുകൾ കൈവശംവെച്ച് ട്രക്കുകൾ ഓടിച്ചിരുന്ന 45 പേരെയാണ് പിടികൂടിയത്.
പരിശോധനയുടെ ആദ്യദിവസം ഒരു ഇന്ത്യൻ പൗരനും ഒരു താജിക് പൗരനും അറസ്റ്റിലായി. രണ്ടാംദിവസം നാലു ഇന്ത്യൻ പൗരന്മാരും ഒരു ഉസ്‌ബെക്ക് പൗരനും പിടിയിലായി. കാലിഫോർണിയയിലെ ട്രക്കിംഗ് കമ്പനികളെ കേന്ദ്രീകരിച്ചാണ് ഈ ഓപ്പറേഷൻ നടത്തിയത്. അനധികൃത കുടിയേറ്റക്കാർ ഓടിച്ച ട്രക്കുകൾ ഉൾപ്പെട്ട നിരവധി മരണാപകടങ്ങൾക്ക് പിന്നാലെയാണ് നടപടി ശക്തമാക്കിയത്.
2025ന് മുൻപ് ഉണ്ടായ നിയന്ത്രണമില്ലാത്ത അതിർത്തി പ്രതിസന്ധി ഇപ്പോഴും ഗുരുതരമായ ഭീഷണിയായി തുടരുന്നുവെന്ന് എൽ സെൻട്രോ സെക്ടർ ആക്ടിങ് ചീഫ് പട്രോൾ ഏജന്റ് ജോസഫ് റെമീനർ പറഞ്ഞു. ഇത്തരം ആളുകൾക്ക് ട്രക്കുകൾ ഓടിക്കാൻ ഒരിക്കലും അനുമതി നൽകേണ്ടതില്ലായിരുന്നുവെന്നും ലൈസൻസുകൾ നൽകിയ സംസ്ഥാനങ്ങളാണ് സമീപകാല മരണാപകടങ്ങൾക്ക് നേരിട്ട് ഉത്തരവാദികളെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
സമീപകാലങ്ങളിൽ അനധികൃതമായി യുഎസിൽ പ്രവേശിച്ച ചില ഇന്ത്യൻ പൗരന്മാർ ട്രക്കുകൾ ഓടിക്കുന്നതിനിടെ അപകടങ്ങൾ സൃഷ്ടിച്ച നിരവധി സംഭവങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. രാജീന്ദർ കുമാർ എന്ന 32കാരൻ ഓടിച്ച ട്രക്ക് ഇടിച്ചുണ്ടായ അപകടത്തിൽ രണ്ടു യുവാക്കൾ കൊല്ലപ്പെട്ടിരുന്നു. ഫ്‌ളോറിഡയിലും കാലിഫോർണിയയിലുമായി മറ്റ് ഇന്ത്യൻ പൗരന്മാർ ഉൾപ്പെട്ട അപകടങ്ങളിൽ കുട്ടികൾ ഉൾപ്പെടെ നിരവധി പേർക്ക് ഗുരുതരമായി പരുക്കേറ്റതായും അധികൃതർ വ്യക്തമാക്കി.
അമേരിക്കയിൽ അനധികൃത താമസം: ഇന്ത്യൻ പൗരന്മാർ ഉൾപ്പെടെ 49 ട്രക്ക് ഡ്രൈവർമാർ അറസ്റ്റിൽ
