വാഷിംഗ്ടണ്‍: അമേരിക്കന്‍ തീവ്ര വലതുപക്ഷ വക്താവായ നിക് ഫുവന്റസ് ഇന്ത്യന്‍ വംശജനായ റിപ്പബ്ലിക്കന്‍ നേതാവ് വിവേക് രാമസ്വാമിക്കെതിരെ വീണ്ടും വംശീയ അധിക്ഷേപം നടത്തി. അമെരിക്കന്‍ കണ്‍സര്‍വേറ്റീവ് സമ്മേളനമായ ആംഫെസ്റ്റില്‍ (AmFest) രാമസ്വാമി നടത്തിയ പ്രസംഗത്തെ തുടര്‍ന്നാണ് ഫുവന്റസിന്റെ വിദ്വേഷ പരാമര്‍ശങ്ങള്‍. അമേരിക്കന്‍ പൗരത്വവും തിരിച്ചറിയലും വംശപരമ്പരയിലല്ല, മൂല്യങ്ങളിലും ആശയങ്ങളിലുമാണെന്ന് രാമസ്വാമി പ്രസംഗത്തില്‍ വ്യക്തമാക്കിയിരുന്നു. ഇതിന് മറുപടിയായാണ് ഫുവന്റസ് 'ഇത് നിന്റെ നാടല്ല, ഇന്ത്യയിലേക്ക് മടങ്ങിപ്പോകണം ' എന്ന തരത്തിലുള്ള വാക്കുകള്‍ ഉപയോഗിച്ച് ആക്രമണം നടത്തിയത്.
രാമസ്വാമി അമേരിക്കന്‍ സംസ്‌കാരത്തില്‍ ലയിച്ചിട്ടില്ലെന്നും, ഇന്ത്യന്‍ വംശീയ തിരിച്ചറിയല്‍ തന്നെയാണ് അദ്ദേഹം പിന്തുടരുന്നതെന്നും ആരോപിച്ച ഫുവന്റസ്, കുടിയേറ്റ നിയമങ്ങളും ജന്മാവകാശ പൗരത്വവും ചൂണ്ടിക്കാട്ടി അധിക്ഷേപ പരാമര്‍ശങ്ങള്‍ തുടര്‍ന്നു. അമേരിക്കന്‍ സമൂഹത്തിലെ വെളുത്തവര്‍ഗക്കാര്‍ക്കു തുല്യമായി താന്‍ അമേരിക്കക്കാരനാണെന്ന് പറയാനുള്ള അവകാശം രാമസ്വാമിക്കില്ലെന്നു പറഞ്ഞ ഫുവന്റസ്, ഒഹായോ ഗവര്‍ണര്‍ സ്ഥാനത്തേക്കുള്ള അദ്ദേഹത്തിന്റെ ആഗ്രഹത്തെയും ചോദ്യം ചെയ്തു.
വിവാദപരമായ വംശീയ പരാമര്‍ശങ്ങള്‍ക്കായി മുന്‍പും വിമര്‍ശനം നേരിട്ടിട്ടുള്ള ഫുവന്റസിന്റെ ഈ പ്രസ്താവനകള്‍ക്കെതിരെ സാമൂഹിക മാധ്യമങ്ങളില്‍ കടുത്ത പ്രതിഷേധമാണ് ഉയരുന്നത്. കുടിയേറ്റക്കാരെയും ന്യൂനപക്ഷങ്ങളെയും ലക്ഷ്യമിട്ടുള്ള വിദ്വേഷ പ്രചാരണത്തിന്റെ ഭാഗമാണിതെന്ന് വിമര്‍ശകര്‍ ചൂണ്ടിക്കാട്ടുന്നു. അതേസമയം, അമേരിക്കന്‍ രാഷ്ട്രീയത്തില്‍ വര്‍ഗീയതയും വംശീയതയും വീണ്ടും തല ഉയര്‍ത്തുന്നുവെന്ന ആശങ്കയും ഈ സംഭവത്തിലൂടെ ശക്തമാകുകയാണ്.
'ഇത് നിന്റെ നാടല്ല': വിവേക് രാമസ്വാമിക്കെതിരെ വീണ്ടും വംശീയ അധിക്ഷേപവുമായി നിക് ഫുവന്റസ്
