ടെഗുസിഗാല്‍പ (ഹോണ്ടുറാസ്): യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ പിന്തുണയോടെ മത്സരിച്ച കണ്‍സര്‍വേറ്റീവ് നേതാവ് നാസ്രി അസ്ഫുറ ഹോണ്ടുറാസിന്റെ പുതിയ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. നവംബര്‍ 30ന് നടന്ന പ്രസിഡന്‍ഷ്യല്‍ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ആഴ്ചകളോളം നീണ്ടുനിന്നതോടെ രാജ്യത്തിന്റെ ദുര്‍ബലമായ തെരഞ്ഞെടുപ്പ് സംവിധാനത്തെച്ചൊല്ലി വിവാദങ്ങള്‍ ഉയര്‍ന്നിരുന്നു. ഒടുവില്‍ ബുധനാഴ്ച തെരഞ്ഞെടുപ്പ് കമ്മിഷന്‍ ഫലം ഔദ്യോഗികമായി പ്രഖ്യാപിച്ചതോടെയാണ് അനിശ്ചിതത്വങ്ങള്‍ക്ക് വിരാമമായത്. നാഷണല്‍ പാര്‍ട്ടി സ്ഥാനാര്‍ഥിയായ അസ്ഫുറ 40.27 ശതമാനം വോട്ട് നേടിയാണ് വിജയം ഉറപ്പിച്ചത്. കണ്‍സര്‍വേറ്റീവ് ലിബറല്‍ പാര്‍ട്ടിയുടെ നാലാം തവണ സ്ഥാനാര്‍ഥിയായ സാല്‍വഡോര്‍ നസ്രല്ല 39.53 ശതമാനം വോട്ടോടെ രണ്ടാം സ്ഥാനത്തെത്തി.
ഹോണ്ടുറാസ് തലസ്ഥാനമായ ടെഗുസിഗാല്‍പയുടെ മുന്‍ മേയറായ അസ്ഫുറ, രണ്ടാം ശ്രമത്തിലാണ് രാജ്യത്തിന്റെ പരമോന്നത പദവിയിലെത്തുന്നത്. വോട്ടെണ്ണല്‍ പുരോഗമിച്ച ദിവസങ്ങളില്‍ ഇരുവരും സമനിലയില്‍ മുന്നേറിയതോടെ ഫലത്തെച്ചൊല്ലി ആഭ്യന്തരവും അന്താരാഷ്ട്രവുമായ ആശങ്കകള്‍ ശക്തമായിരുന്നു. ഫലം പ്രഖ്യാപിക്കപ്പെട്ടതോടെ അസ്ഫുറയുടെ തെരഞ്ഞെടുപ്പ് ആസ്ഥാനത്ത് അനുയായികള്‍ ആഹ്ലാദ പ്രകടനം നടത്തി. 'ഹോണ്ടുറാസിനെ ഭരിക്കാന്‍ ഞാന്‍ തയ്യാറാണ്; നിങ്ങളെ ഞാന്‍ നിരാശപ്പെടുത്തില്ല,' എന്ന് അസ്ഫുറ എക്‌സ് പ്ലാറ്റ്‌ഫോമില്‍ കുറിച്ചു.
നിലവിലെ ഇടതുപക്ഷ സര്‍ക്കാരിനും ഭരണകക്ഷിയായ ലിബ്രെ പാര്‍ട്ടിക്കും ഈ ഫലം വലിയ തിരിച്ചടിയായി. ഡെമോക്രാറ്റിക് സോഷ്യലിസ്റ്റ് നിലപാട് സ്വീകരിച്ച ലിബ്രെ പാര്‍ട്ടിയുടെ സ്ഥാനാര്‍ഥി 19.19 ശതമാനം വോട്ടോടെ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ലാറ്റിന്‍ അമേരിക്കയില്‍ വലതുപക്ഷ രാഷ്ട്രീയത്തിലേക്കുള്ള തിരിവിന്റെ ഭാഗമായി ഈ വിജയം വിലയിരുത്തപ്പെടുന്നു. ചിലിയിലും വലതുപക്ഷ നേതാവ് ഹോസെ ആന്റോണിയോ കാസ്റ്റ് അടുത്തിടെ അധികാരത്തിലെത്തിയിരുന്നു.
യുഎസ് സ്‌റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ അസ്ഫുറയെ അഭിനന്ദിച്ചു. 'ഹോണ്ടുറാസ് ജനങ്ങള്‍ അവരുടെ തീരുമാനം അറിയിച്ചിരിക്കുന്നു; മേഖലയിലെ സമാധാനത്തിനും സമൃദ്ധിക്കും അസ്ഫുറ സര്‍ക്കാരുമായി സഹകരിക്കാന്‍ യുഎസ് ആഗ്രഹിക്കുന്നു,' എന്നാണ് റൂബിയോയുടെ പ്രതികരണം. യൂറോപ്യന്‍ യൂണിയനും, അര്‍ജന്റീന പ്രസിഡന്റും ട്രംപിന്റെ സുഹൃത്തുമായ ഹാവിയര്‍ മിലെയിയടക്കമുള്ള ലാറ്റിന്‍ അമേരിക്കന്‍ വലതുപക്ഷ നേതാക്കളും അസ്ഫുറയ്ക്ക് അഭിനന്ദനം അറിയിച്ചു. അടിസ്ഥാന സൗകര്യ വികസനത്തിലൂടെ ശ്രദ്ധ നേടിയ പ്രായോഗിക ഭരണാധികാരിയായാണ് 67 വയസ്സുകാരനായ അസ്ഫുറയെ അനുയായികള്‍ വിലയിരുത്തുന്നത്. തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മുന്‍പ് ട്രംപ് നല്‍കിയ തുറന്ന പിന്തുണയും അദ്ദേഹത്തിന്റെ വിജയത്തില്‍ നിര്‍ണായകമായി.
ട്രംപിന്റെ പിന്തുണയോടെ ഹോണ്ടുറാസില്‍ അധികാരമാറ്റം; നാസ്രി അസ്ഫുറ പുതിയ പ്രസിഡന്റ്
