മുംബൈ: നവി മുംബൈ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ (എന്‍എംഐഎ) പ്രവര്‍ത്തനാരംഭത്തിന് മുന്നോടിയായി നവി മുംബൈയുടെ ആകാശം ദീപ്തിമയ കാഴ്ചയായി മാറി. 1,515 ഡ്രോണുകള്‍ അണിനിരന്ന ഭംഗിയാര്‍ന്ന ഡ്രോണ്‍ ഷോയില്‍, താമരപ്പൂവിന്റെ ത്രിമാന രൂപങ്ങള്‍, താമര ആകൃതിയിലെ ആന്തരിക ഡിസൈനുകള്‍, വിമാനത്താവളത്തിന്റെ ലോഗോ, 'ഗ്രീന്‍ എയര്‍പോര്‍ട്ട്' ആശയം, മുംബൈയുടെ മുകളിലൂടെ പറക്കുന്ന വിമാനം, 'റൈസ് ഓഫ് ഇന്ത്യ' തുടങ്ങിയ ദൃശ്യങ്ങള്‍ അത്ഭുതകരമായ ഏകോപനത്തോടെ ആകാശത്ത് തെളിഞ്ഞു.
വിമാനത്താവളത്തിന്റെ ശില്പസൗന്ദര്യവും ദര്‍ശനവും മുന്‍നിര്‍ത്തിയായിരുന്നു പ്രദര്‍ശനം.
ഭിന്നശേഷിക്കാര്‍, യുവ കായികതാരങ്ങള്‍, എന്‍എംഐഎ ജീവനക്കാര്‍ എന്നിവരടങ്ങിയ പ്രത്യേക സംഘമാണ് ഈ കാഴ്ചയുടെ സാക്ഷികളായത്. ഇന്ത്യയുടെ ദേശീയപുഷ്പമായ താമരയില്‍ നിന്നുള്ള പ്രചോദനമാണ് വിമാനത്താവളത്തിന്റെ രൂപകല്‍പ്പനയ്ക്ക് അടിസ്ഥാനം. 2018ല്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി ശിലാസ്ഥാപനം നിര്‍വഹിച്ച വിമാനത്താവളം, ഈ വര്‍ഷം ഒക്ടോബര്‍ 8ന് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തിരുന്നു. കോവിഡ് മഹാമാരിയുടെ രണ്ട് വര്‍ഷങ്ങള്‍ ഉള്‍പ്പെടെ ഏകദേശം എട്ട് വര്‍ഷത്തെ കാത്തിരിപ്പിന് ശേഷം പ്രവര്‍ത്തനസജ്ജമാകുന്ന എന്‍എംഐഎ, രാജ്യത്തെ വ്യോമയാന മേഖലയ്ക്ക് പുതിയ അധ്യായമാകുമെന്ന പ്രതീക്ഷയും ഡ്രോണ്‍ ഷോ ഉണര്‍ത്തി.
നവി മുംബൈ ആകാശത്ത് 1,515 ഡ്രോണുകളുടെ വിസ്മയം; അന്താരാഷ്ട്ര വിമാനത്താവള ഉദ്ഘാടനത്തിന് മുന്നോടിയായി ദീപ്ത പ്രദര്‍ശനം
