എഡ്മണ്ടണ്‍ (കാനഡ): ശക്തമായ നെഞ്ചുവേദനയോടെ ആശുപത്രിയില്‍ എത്തിച്ചിട്ടും മണിക്കൂറുകളോളം ചികിത്സ ലഭിക്കാതെ കാത്തിരിക്കേണ്ടിവന്നതിനെ തുടര്‍ന്ന് ഇന്ത്യന്‍ വംശജനായ യുവാവ് കാനഡയില്‍ മരിച്ചു. എഡ്മണ്ടണ്‍ നഗരത്തിലെ ഗ്രേ നണ്‍സ് ആശുപത്രിയില്‍ ചികിത്സ തേടിയ പ്രശാന്ത് ശ്രീകുമാര്‍ (44) ആണ് മരിച്ചത്.
ഡിസംബര്‍ 22നാണ് സംഭവം. കടുത്ത നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് പ്രശാന്തിനെ അടിയന്തരമായി ആശുപത്രിയില്‍ എത്തിച്ചെങ്കിലും ട്രയേജില്‍ പരിശോധിച്ച ശേഷം വെയിറ്റിംഗ് റൂമില്‍ ഇരിക്കാന്‍ നിര്‍ദേശിക്കുകയായിരുന്നു. എട്ട് മണിക്കൂറിലേറെ സമയം അദ്ദേഹം ചികിത്സയ്ക്കായി കാത്തുനിന്നതായി ബന്ധുക്കള്‍ ആരോപിക്കുന്നു.
പിന്നീട് ആശുപത്രിയിലെത്തിയ തന്നോട് 'അച്ഛാ ഈ വേദന എനിക്ക് സഹിക്കാനാവുന്നില്ല' എന്ന് പ്രശാന്ത് പറഞ്ഞതായി പിതാവ് കുമാര്‍ ശ്രീകുമാര്‍ മാധ്യമങ്ങളോട് പറഞ്ഞു. അസഹ്യമായ വേദനയെക്കുറിച്ച് പലതവണ ജീവനക്കാരെ അറിയിച്ചിട്ടും ആവശ്യമായ പരിശോധനകള്‍ നടത്തിയില്ലെന്നാണ് പരാതി. ഇസിജി നടത്തിയെങ്കിലും 'ഗൗരവമേറിയ പ്രശ്‌നങ്ങളില്ല' എന്ന് പറഞ്ഞ് ടൈലനോള്‍ മാത്രം നല്‍കി വീണ്ടും കാത്തിരിക്കാന്‍ നിര്‍ദേശിച്ചു.
ഇതിനിടെ നഴ്‌സുമാര്‍ ഇടയ്ക്കിടെ രക്തസമ്മര്‍ദ്ദം പരിശോധിച്ചിരുന്നുവെങ്കിലും അത് ക്രമാതീതമായി ഉയര്‍ന്നതായി പിതാവ് പറഞ്ഞു. 'അത് നിയന്ത്രണാതീതമായ നിലയിലായിരുന്നു,' എന്ന് കുമാര്‍ ശ്രീകുമാര്‍ പറഞ്ഞു. കുറച്ചു നിമിഷങ്ങള്‍ക്കകം പ്രശാന്ത് നെഞ്ചുപിടിച്ച് എഴുന്നേറ്റ് കുഴഞ്ഞുവീഴുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
സംഭവത്തെക്കുറിച്ച് പ്രശാന്തിന്റെ ഭാര്യ വിശദീകരിക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിട്ടുണ്ട്. രക്തസമ്മര്‍ദ്ദം 210 വരെ ഉയര്‍ന്നിട്ടും വേദന സംഹാരി മാത്രമാണ് നല്‍കിയതെന്ന് അവര്‍ വീഡിയോയില്‍ ആരോപിക്കുന്നു.
മൂന്ന് മക്കളുടെ പിതാവായ പ്രശാന്തിന്റെ മരണം കാനഡയിലെ ആരോഗ്യസംവിധാനത്തിന്റെ പ്രവര്‍ത്തനത്തെക്കുറിച്ച് കടുത്ത വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയിട്ടുണ്ട്. സംഭവത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം അധികൃതരെ സമീപിച്ചിട്ടുണ്ട്.
ആശുപത്രിയില്‍ എട്ടുമണിക്കൂര്‍ കാത്തിരുന്നിട്ടും ചികിത്സ കിട്ടിയില്ല; കാനഡയില്‍ ഇന്ത്യന്‍ വംശജനായ യുവാവ് മരിച്ചു
