ഗള്‍ഫ് രാജ്യങ്ങളിലേക്കുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസ് സര്‍വീസുകള്‍ പുന:രാരംഭിച്ചു

ഗള്‍ഫ് രാജ്യങ്ങളിലേക്കുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസ് സര്‍വീസുകള്‍ പുന:രാരംഭിച്ചു


ന്യൂഡല്‍ഹി: പശ്ചിമേഷ്യന്‍ സംഘര്‍ഷത്തെ തുടര്‍ന്ന് ആഗോള യാത്രാവ്യവസ്ഥയില്‍ ഉണ്ടായിരുന്ന തടസ്സങ്ങള്‍ക്കുശേഷം ഇന്ത്യയും ഗള്‍ഫ് രാജ്യങ്ങളുമായുള്ള വിമാന സര്‍വീസുകള്‍ സാധാരണ നിലയിലേക്ക് മടങ്ങുന്നു. എയര്‍ ഇന്ത്യ എക്‌സ്പ്രസ് ഗള്‍ഫ് മേഖലയിലേക്കുള്ള നിരവധി സര്‍വീസുകള്‍ പുന:രാരംഭിക്കുകയും പുതുക്കുകയും ചെയ്തതായി അറിയിച്ചു.

യു എ ഇയിലേക്കും മറ്റ് ഗള്‍ഫ് രാജ്യങ്ങളിലേക്കുമുള്ള സര്‍വീസുകള്‍ വര്‍ധിപ്പിച്ചതായി എയര്‍ലൈന്‍ അറിയിച്ചു. ഖത്തര്‍, ബഹ്‌റൈന്‍ എന്നിവിടങ്ങളിലേക്കുള്ള സര്‍വീസുകള്‍ പുനഃസ്ഥാപിച്ചപ്പോള്‍ ഒമാന്‍, സൗദി അറേബ്യ എന്നിവിടങ്ങളിലേക്കുള്ള സര്‍വീസുകള്‍ തുടരുന്നതാണ്. പുതുക്കിയ ഷെഡ്യൂള്‍ പ്രാബല്യത്തില്‍ വന്നു.

അമൃത്സര്‍, ബെംഗളൂരു, ഡല്‍ഹി, ഹൈദരാബാദ്, ജയ്പൂര്‍, കൊച്ചി, കോഴിക്കോട്, കണ്ണൂര്‍, ലഖ്‌നൗ, മംഗളൂരു, മുംബൈ, തിരുച്ചിറപ്പള്ളി, തിരുവനന്തപുരം, വാരാണസി എന്നിവിടങ്ങളില്‍ നിന്ന് സര്‍വീസുകള്‍ പുന:രാരംഭിച്ചിട്ടുണ്ട്. ഇതോടെ ഇന്ത്യ- ഗള്‍ഫ് ബന്ധം കൂടുതല്‍ ശക്തിപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു.

യു എ ഇയിലെ പ്രധാന വിമാനത്താവളങ്ങളിലേക്ക് സര്‍വീസുകള്‍ വിപുലീകരിച്ചു. ദുബായിലേക്ക് കണ്ണൂര്‍, ലഖ്‌നൗ, മംഗളൂരു, തിരുച്ചിറപ്പള്ളി എന്നിവിടങ്ങളില്‍ നിന്ന് സര്‍വീസുകള്‍ ഉണ്ടായിരിക്കും. അബുദാബിയിലേക്ക് ഡല്‍ഹി, കൊച്ചി, കോഴിക്കോട്, മംഗളൂരു, മുംബൈ എന്നിവിടങ്ങളില്‍ നിന്ന് സര്‍വീസുകള്‍ നടത്തും. ഷാര്‍ജയിലേക്ക് അമൃത്സര്‍, ജയ്പൂര്‍, കണ്ണൂര്‍, കോഴിക്കോട്, വാരാണസി എന്നിവിടങ്ങളില്‍ നിന്ന് സര്‍വീസുകള്‍ ലഭ്യമാണ്.

റാസ് അല്‍ ഖൈമയിലേക്ക് കൊച്ചി, കോഴിക്കോട് എന്നിവിടങ്ങളില്‍ നിന്ന് സര്‍വീസുകള്‍ തുടരും. അല്‍ ഐന്‍ നഗരത്തിലേക്ക് കോഴിക്കോട് നിന്ന് സര്‍വീസ് ഉണ്ടായിരിക്കും.

ഒമാനിലെ മസ്‌കത്തിലേക്ക് ഡല്‍ഹി, കണ്ണൂര്‍, മുംബൈ, തിരുവനന്തപുരം എന്നിവിടങ്ങളില്‍ നിന്ന് സര്‍വീസുകള്‍ ഉണ്ടായിരിക്കും. സൗദി അറേബ്യയിലെ ജിദ്ദയിലേക്ക് ബെംഗളൂരു, ഹൈദരാബാദ്, കോഴിക്കോട്, മംഗളൂരു എന്നിവിടങ്ങളില്‍ നിന്ന് സര്‍വീസുകള്‍ ലഭ്യമാണ്. റിയാദിലേക്ക് കണ്ണൂര്‍, കൊച്ചി എന്നിവിടങ്ങളില്‍ നിന്ന് സര്‍വീസ് ഉണ്ടാകും. ദമ്മാമിലേക്ക് കൊച്ചി, കോഴിക്കോട്, മംഗളൂരു എന്നിവിടങ്ങളില്‍ നിന്നുമാണ് സര്‍വീസുകള്‍.

ബഹ്‌റൈന്‍, ഖത്തര്‍ എന്നിവിടങ്ങളിലേക്കുള്ള സര്‍വീസുകളും പുന:രാരംഭിച്ചിട്ടുണ്ട്. കണ്ണൂര്‍, കോഴിക്കോട് എന്നിവിടങ്ങളില്‍ നിന്ന് ഈ രാജ്യങ്ങളിലേക്ക് സര്‍വീസുകള്‍ ലഭ്യമായതോടെ ഗള്‍ഫ് മേഖലയിലെ എയര്‍ലൈന്‍ ശൃംഖല കൂടുതല്‍ ശക്തിപ്പെട്ടതായി വിലയിരുത്തുന്നു.