റെക്കോര്‍ഡില്‍ തൊട്ട എണ്ണ വിലയില്‍ ഇടിവ് രേഖപ്പെടുത്തി

റെക്കോര്‍ഡില്‍ തൊട്ട എണ്ണ വിലയില്‍ ഇടിവ് രേഖപ്പെടുത്തി


തെഹ്‌റാന്‍: പശ്ചിമേഷ്യന്‍ യുദ്ധം ശക്തമാകുമെന്ന ആശങ്ക ശക്തമായ സാഹചര്യത്തില്‍ റെക്കോര്‍ഡ് തുകയിലേക്ക് ഉയര്‍ന്ന എണ്ണ വില വ്യക്തമായ കാരണങ്ങളില്ലാതെ താഴ്ന്നു. ബാരലിന് 126 ഡോളറിന് മുകളിലെത്തി നാലുവര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന ആഗോള എണ്ണവില പിന്നീട് ഇടിയുകയായിരുന്നു. മിഡില്‍ ഈസ്റ്റിലെ എണ്ണ വിതരണം ദീര്‍ഘകാലം തടസ്സപ്പെടാനിടയുണ്ടെന്ന ആശങ്ക ആഗോള സാമ്പത്തിക വളര്‍ച്ചയെ ബാധിക്കുമെന്ന വിലയിരുത്തലാണ് വിപണിയെ ബാധിച്ചത്.

ദിവസത്തിന്റെ തുടക്കത്തില്‍ ആക്‌സിയോസ് റിപ്പോര്‍ട്ട് ചെയ്ത വിവരങ്ങള്‍ അടിസ്ഥാനമാക്കിയാണ് വിപണി ഉയര്‍ന്നത്. യു എസ് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ് ഇറാനെതിരായ സൈനിക ആക്രമണ പദ്ധതികളെക്കുറിച്ച് വ്യാഴാഴ്ച ബ്രീഫിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ടില്‍ സൂചിപ്പിച്ചിരുന്നു. ഇറാനെ ആണവ ചര്‍ച്ചകളിലേക്ക് തിരികെ കൊണ്ടുവരാനാണ് ഈ നീക്കമെന്നുമായിരുന്നു റിപ്പോര്‍ട്ട്.

എന്നാല്‍ വ്യക്തമായ കാരണങ്ങളൊന്നുമില്ലാതെ പിന്നീട് വില താഴുകയായിരുന്നു. ഫെബ്രുവരി 28ന് ആരംഭിച്ച ഇറാന്‍ യുദ്ധത്തിന് പിന്നാലെ വിപണിയിലെ അനിശ്ചിതത്വവും അതിവേഗ മാറ്റങ്ങളും ഇതിലൂടെ വ്യക്തമാകുന്നതായി എണ്ണ ബ്രോക്കറേജ് സ്ഥാപനമായ പി വി എമ്മിലെ തമാസ് വര്‍ഗ പറഞ്ഞു. ട്രംപ് കാലഘട്ടത്തിലെ വ്യാപാരത്തിന്റെ അനിശ്ചിത സ്വഭാവം ഇതിലൂടെ പ്രതിഫലിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ആഗോള ബെഞ്ച്മാര്‍ക്കായ ബ്രെന്റ് ക്രൂഡ് ഫ്യൂച്ചേഴ്‌സ് വില 2.05 ഡോളര്‍ (1.7 ശതമാനം) കുറഞ്ഞ് ബാരലിന് 115.98 ഡോളറായി. ഇടയ്ക്ക് ഇത് 126.41 ഡോളര്‍ വരെ ഉയര്‍ന്നിരുന്നു. 2022 മാര്‍ച്ച് 9നുശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിലയാണിത്. ജൂണ്‍ ഡെലിവറിയുള്ള കരാര്‍ വ്യാഴാഴ്ച കാലാവധി അവസാനിക്കുമ്പോള്‍ കൂടുതല്‍ സജീവമായ ജൂലൈ കരാര്‍ 109.93 ഡോളറിലേക്കും താഴ്ന്നു.

വ്യാപാര സമയത്ത് വലിയ തോതിലുള്ള വില്‍പ്പന ഓര്‍ഡറുകള്‍ രേഖപ്പെടുത്തിയതായും വിപണി വിവരങ്ങള്‍ സൂചിപ്പിക്കുന്നു. ആഗോള രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ തുടരുന്നതിനാല്‍ എണ്ണവിപണിയില്‍ അസ്ഥിരത തുടരുമെന്നാണു നിരീക്ഷണം.