ആർട്ടെമിസ് II സംഘം ട്രംപിനെ കണ്ടു; 'എനിക്കും ബഹിരാകാശ യാത്രക്ക് താൽപര്യമെന്ന് പ്രസിഡന്റിന്റെ തമാശ

ആർട്ടെമിസ് II സംഘം ട്രംപിനെ കണ്ടു; 'എനിക്കും ബഹിരാകാശ യാത്രക്ക് താൽപര്യമെന്ന് പ്രസിഡന്റിന്റെ തമാശ


വാഷിംഗ്ടണ്‍:  അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ആർട്ടെമിസ് II ദൗത്യത്തിലെ ബഹിരാകാശയാത്രികരെ വൈറ്റ് ഹൗസിൽ സ്വീകരിച്ചു. കമാൻഡർ റീഡ് വൈസ്മാൻ, പൈലറ്റ് വിക്ടർ ഗ്ലോവർ, മിഷൻ സ്‌പെഷലിസ്റ്റുകൾ ക്രിസ്റ്റിയാന കോച്ച്, ജെറമി ഹാൻസെൻ എന്നിവരാണ് സംഘത്തിൽ ഉണ്ടായിരുന്നത്.

സംഘത്തിന്റെ 'അസാധാരണ ധൈര്യത്തെ' ട്രംപ് പ്രശംസിച്ചു. അതോടൊപ്പം തന്നെ, താനും ഇത്തരമൊരു ദൗത്യത്തിൽ പങ്കെടുക്കാമെന്ന രീതിയിൽ തമാശയായി പ്രതികരിക്കുകയും ചെയ്തു. 'ഇത്തരം ദൗത്യത്തിന് വളരെ ബുദ്ധിയും ശാരീരികക്ഷമതയും വേണം. തനിക്ക് അതിൽ പ്രശ്‌നമൊന്നുമുണ്ടാകില്ല,' എന്നും അദ്ദേഹം പറഞ്ഞു.

തുടർന്ന്, ബഹിരാകാശ ദൗത്യങ്ങളിൽ പ്രസിഡന്റിനു പങ്കെടുക്കാമോ എന്ന ചോദ്യവും ട്രംപ് ഉന്നയിച്ചു. ഇതിനോട് പ്രതികരിച്ചുകൊണ്ട് 'അതിനെക്കുറിച്ച് പ്രവർത്തനം ആരംഭിക്കാം' എന്ന് നാസ മേധാവി ജാരേദ് ഐസക്മാൻ മറുപടി നൽകി.

ചന്ദ്രനിലേക്കുള്ള അടുത്ത ദൗത്യങ്ങളെക്കുറിച്ച് ട്രംപ് ആത്മവിശ്വാസം പ്രകടിപ്പിച്ചു. 'നാം ഷെഡ്യൂളിനേക്കാൾ മുന്നിലാണ്. മികച്ച സാധ്യതയുണ്ട്,' എന്ന് അദ്ദേഹം പറഞ്ഞു. നാസയുടെ പദ്ധതി പ്രകാരം 'ആർട്ടെമിസ് III മിഷൻ ' 2027ൽ വിക്ഷേപിക്കാനും, 2028ൽ വീണ്ടും മനുഷ്യരെ ചന്ദ്രനിലിറക്കാനുമാണ് ലക്ഷ്യമിടുന്നത്.

ഏപ്രിൽ 1ന് വിക്ഷേപിച്ച് 10ന് ഭൂമിയിലെത്തിയ ആർട്ടെമിസ് II, 1972ലെ അപ്പോളോ 17ന് ശേഷം ഭൂമിയുടെ ഭ്രമണപഥത്തിന് പുറത്തേക്കു മനുഷ്യരെ കൊണ്ടുപോയ ആദ്യത്തെ ദൗത്യമാണ്. 1970ലെ  അപ്പോളോ 13 സ്ഥാപിച്ച റെക്കോർഡും ഇതോടെ മറികടന്നതായി അധികൃതർ അറിയിച്ചു.