വാഷിംഗ്ടൺ: ലെബനനിലെ സൈനിക നീക്കങ്ങൾ 'കൃത്യവും പരിമിതവുമായ' രീതിയിലേ തുടരാവൂ എന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനോട് നിർദ്ദേശിച്ച് അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപ്. വലിയ തോതിലുള്ള ആക്രമണങ്ങൾ ഒഴിവാക്കണമെന്നും, കെട്ടിടങ്ങൾ തകർക്കുന്ന തരത്തിലുള്ള നീക്കങ്ങൾ ഇസ്രായേലിന്റെ പ്രതിഛായക്ക് തിരിച്ചടിയാകുമെന്നും ട്രംപ് പറഞ്ഞു.
ലെബനൻ-ഇസ്രായേൽ വെടിനിർത്തൽ കരാർ മേയ് മധ്യത്തിൽ അവസാനിക്കാനിരിക്കെ, സംഘർഷം ശക്തമാകുകയാണ്. ഹിസ്ബുള്ളയുടെ റോക്കറ്റ്, ഡ്രോൺ ആക്രമണങ്ങൾക്ക് മറുപടിയായി ഇസ്രായേൽ വ്യോമാക്രമണം വ്യാപിപ്പിച്ചിരിക്കുകയാണ്.
നെതന്യാഹുവുമായി എല്ലാദിവസവും സംസാരിക്കുന്നുണ്ടെന്ന് ട്രംപ് വ്യക്തമാക്കി. ഹിസ്ബുള്ള ആക്രമണങ്ങളെ ചെറുക്കാൻ ശക്തമായ നടപടി വേണമെന്ന നിലപാട് നെതന്യാഹു വ്യക്തമാക്കിയതായും റിപ്പോർട്ടുകൾ പറയുന്നു. എന്നാൽ, 'കൃത്യമായ ലക്ഷ്യങ്ങളെ മാത്രമേ ആക്രമിക്കാവൂ' എന്നാണ് ട്രംപിന്റെ നിർദേശം.
ലെബനന്റെ പുതിയ നേത്യത്വം അമേരിക്കൻ നിലപാടിനോട് സഹകരിക്കുന്നവരാണ് എന്ന വിലയിരുത്തലും ട്രംപ് നടത്തി. ഇറാന്റെയും അതിന്റെ പിന്തുണയുള്ള ഹിസ്ബുള്ളയുടെയും ഇടപെടലാണ് ലെബനന്റെ സ്ഥിതി മോശമാക്കിയതെന്നും അദ്ദേഹം ആരോപിച്ചു.
അതേസമയം, വെടിനിർത്തൽ കരാർ നിലനിൽക്കുന്നതിനിടയിലും ഇരുവിഭാഗങ്ങളും ആക്രമണം തുടരുകയാണ്. ഹിസ്ബുള്ളയെ പ്രധാന ആക്രമണകാരികളായി അമേരിക്ക വിലയിരുത്തുമ്പോൾ, ഇസ്രായേലിനോട് നിയന്ത്രണം പാലിക്കണമെന്ന് വാഷിംഗ്ടൺ ആവശ്യപ്പെടുന്നു.
അമേരിക്കൻ ഇടപെടലിൽ ഇസ്രായേൽ-ലെബനൻ നയതന്ത്ര ചർച്ചകൾ നടന്നെങ്കിലും ഗണ്യമായ പുരോഗതി ഉണ്ടായിട്ടില്ല. ട്രംപ്, നെതന്യാഹു, ലെബനൻ പ്രസിഡന്റ് ജോസഫ് ഔൺ എന്നിവർ പങ്കെടുത്ത് ത്രികക്ഷി ചർച്ച നടത്താനുള്ള സാധ്യതയും പരിഗണനയിലാണ്.
ലെബനൻ ആക്രമണം നിയന്ത്രിക്കണം: നെതന്യാഹുവിനോട് ട്രംപിന്റെ നിർദേശം
