ഗാസയിലെ ഹമാസിന്റെ ഇന്റലിജന്‍സ് മേധാവിയെ കൊലപ്പെടുത്തിയെന്ന് ഐ ഡി എഫ്

ഗാസയിലെ ഹമാസിന്റെ ഇന്റലിജന്‍സ് മേധാവിയെ കൊലപ്പെടുത്തിയെന്ന് ഐ ഡി എഫ്


ടെ്ല്‍അവീവ്: ഹമാസിന്റെ സൈനിക ഇന്റലിജന്‍സ് വിഭാഗത്തിലെ മുതിര്‍ന്ന വ്യക്തി ഇയാദ് അഹമ്മദ് അബ്ദുല്‍ റഹ്മാന്‍ ഷംബാരി ഗാസ മുനമ്പില്‍ കൊല്ലപ്പെട്ടതായി ഇസ്രായേല്‍ പ്രതിരോധ സേന (ഐ ഡി എഫ്) അറിയിച്ചു. ഐ ഡി എഫിന്റെ കണക്കുകള്‍ പ്രകാരം ഹമാസിന്റെ സൈനിക ഇന്റലിജന്‍സിലെ ഓപ്പറേഷന്‍സ് വകുപ്പിന്റെ തലവനായ ഷംബാരി 2023 ഒക്ടോബര്‍ 7ന് ഇസ്രായേലിനെതിരെ ഗ്രൂപ്പ് നടത്തിയ ആക്രമണം ആസൂത്രണം ചെയ്യുന്നതില്‍ പ്രധാന പങ്കാണ് വഹിച്ചത്. പ്രസ്തുത ആക്രമണമാണ് ഇസ്രായേല്‍- ഹമാസ് യുദ്ധത്തിന് കാരണമായത്. 

ഒക്ടോബര്‍ 10ന് പ്രഖ്യാപിച്ച വെടിനിര്‍ത്തലിനെ തുടര്‍ന്ന് പോരാട്ടം നിര്‍ത്തിവച്ചിട്ടുണ്ടെങ്കിലും എന്‍ക്ലേവിലുടനീളം അക്രമം തുടരുകയാണ്. ഹമാസിന്റെ അധികാരത്തിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ഗാസ ആരോഗ്യ മന്ത്രാലയം, വെടിനിര്‍ത്തല്‍ ആരംഭിച്ചതിനുശേഷം കുറഞ്ഞത് 818 പാലസ്തീനികള്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട് ചെയ്തു. 

ഗാസ സിറ്റിയുടെ പടിഞ്ഞാറന്‍ അല്‍ റിമാല്‍ പ്രദേശത്ത് ഒരു വാഹനത്തിന് നേരെ ഡ്രോണ്‍ രണ്ട് മിസൈലുകള്‍ തൊടുത്തുവിട്ടതിനെ തുടര്‍ന്ന് നാല് പേര്‍ കൊല്ലപ്പെടുകയും ആറ് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി ഗാസ സിവില്‍ ഡിഫന്‍സ് ഏജന്‍സി എ എഫ് പിയോട് പറഞ്ഞു. കൊല്ലപ്പെട്ടവരില്‍ രണ്ട് പേര്‍ ഹമാസ് കമാന്‍ഡര്‍ ഇയാദ് അല്‍ ഷാന്‍ബാരിയും മകന്‍ സലാഹുമാണെന്ന് ഗാസ സുരക്ഷാ ഉദ്യോഗസ്ഥന്‍ തിരിച്ചറിഞ്ഞു. എന്നിരുന്നാലും മറ്റ് രണ്ട് പേരെ കുറിച്ച് വെളിപ്പെടുത്തിയിട്ടില്ല.