ലണ്ടൻ: വടക്കൻ ലണ്ടനിലെ ഗോൾഡേഴ്‌സ് ഗ്രീൻ പ്രദേശത്ത് രണ്ട് പേർക്ക് കുത്തേറ്റ് പരിക്കേറ്റ സംഭവത്തിൽ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു. യഹൂദ സമൂഹം കൂടുതലായി താമസിക്കുന്ന പ്രദേശമായതിനാൽ സംഭവം ആശങ്ക ഉയർത്തിയിരിക്കുകയാണ്.
കത്തി കൈയിൽ പിടിച്ച് പൊതുജനങ്ങളെ ആക്രമിക്കാൻ ശ്രമിച്ചയാളെ ഷോമ്രിം എന്ന യഹൂദ സുരക്ഷാ സംഘടനയുടെ അംഗങ്ങൾ തടഞ്ഞുവെന്നാണ് വിവരം. തുടർന്ന് സ്ഥലത്തെത്തിയ പൊലീസ് ടേസർ ഉപയോഗിച്ച് പ്രതിയെ കീഴടക്കി.
സംഭവത്തെക്കുറിച്ച് ലണ്ടൻ മെട്രോപൊളിറ്റൻ പൊലീസ് ഔദ്യോഗികമായി വിശദീകരണം നൽകിയിട്ടില്ല. കഴിഞ്ഞ ഒരുമാസത്തിനിടെ യഹൂദ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട ആക്രമണശ്രമങ്ങളിൽ ഇരുപതിലധികം പേരെ ഭീകരവിരുദ്ധ വിഭാഗം അറസ്റ്റ് ചെയ്തിട്ടുണ്ട്.
ഇതിനിടെ, അതേ പ്രദേശത്ത് സ്ഥിതി ചെയ്യുന്ന സ്മാരകഭിത്തിയിൽ തീ വെച്ച സംഭവവും പൊലീസ് അന്വേഷിച്ചുവരികയാണ്. ആദ്യം 2023 ഒക്ടോബർ 7ലെ ഹമാസ് ആക്രമണത്തിൽ കൊല്ലപ്പെട്ടവരെ അനുസ്മരിച്ച് സ്ഥാപിച്ച ഈ ഭിത്തി പിന്നീട് ഇറാനിൽ സർക്കാർ വിരുദ്ധ പ്രക്ഷോഭങ്ങളിൽ കൊല്ലപ്പെട്ടവർക്കായി സമർപ്പിച്ചിരുന്നു.
തിങ്കളാഴ്ച അർധരാത്രിയോടെ നടന്ന തീ വെപ്പിൽ ഭിത്തിക്ക് വലിയ നാശനഷ്ടമുണ്ടായിട്ടില്ലെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്.
ലണ്ടനിൽ കുത്തേറ്റ് രണ്ടുപേർക്ക് പരുക്ക്: പ്രതി പിടിയിൽ, സുരക്ഷ ശക്തമാക്കി പൊലീസ്
