കോട്ടയം: വിരമിച്ചിട്ടും ഔദ്യോഗിക നക്ഷത്രമുദ്ര പതിപ്പിച്ച വാഹനത്തിൽ സഞ്ചരിച്ച സംഭവത്തിൽ മുൻ ഡിജിപിയായ ടോമിൻ ജെ തച്ചങ്കരിക്ക് മോട്ടോർ വാഹന വകുപ്പ് പിഴ ചുമത്തി. 250 രൂപയാണ് പിഴയായി ഈടാക്കിയത്. തുക അദ്ദേഹം അടച്ചതായും അധികൃതർ അറിയിച്ചു.
സംഭവത്തിൽ കേസെടുക്കാൻ സംസ്ഥാന പൊലീസ് മേധാവി നിർദേശം നൽകിയിരുന്നെങ്കിലും, പിഴ അടച്ച സാഹചര്യത്തിൽ കൂടുതൽ നിയമനടപടികൾ ആവശ്യമില്ലെന്നാണ് പൊലീസിന്റെ നിലവിലെ വിലയിരുത്തൽ. ചെറിയ പിഴയോടെ കേസ് അവസാനിപ്പിക്കാനാണ് ശ്രമമെന്നും സൂചനയുണ്ട്.
സ്വകാര്യ വാഹനത്തിൽ ഡിജിപി പദവിയെ സൂചിപ്പിക്കുന്ന നക്ഷത്രചിഹ്നം സ്ഥാപിച്ച് യാത്ര ചെയ്തതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നതോടെ വിവാദം ഉയർന്നിരുന്നു. ഒരു കേസുമായി ബന്ധപ്പെട്ട് കോട്ടയം കോടതിയിൽ എത്തിയപ്പോഴാണ് നമ്പർ പ്ലേറ്റിന് സമീപം സ്ഥാപിച്ചിരുന്ന ഔദ്യോഗിക മുദ്ര ശ്രദ്ധയിൽപ്പെട്ടത്.
നിയമലംഘനം ചൂണ്ടിക്കാട്ടിയതോടെ, സ്ഥലത്തുവെച്ച് തന്നെ ബോർഡ് മാറ്റാൻ ശ്രമിക്കുകയും വാഹനം അവിടെ നിന്ന് നീക്കുകയും ചെയ്തു. ഡ്രൈവറുടെ പിഴവാണെന്നും താൻ ഇത്തരത്തിൽ യാത്ര ചെയ്തിട്ടില്ലെന്നുമാണ് തച്ചങ്കരിയുടെ വിശദീകരണം.
കേരള പൊലീസ് ഡിജിപി റാങ്കിൽ സേവനമനുഷ്ഠിച്ചിരുന്ന തച്ചങ്കരി മൂന്ന് വർഷം മുമ്പാണ് വിരമിച്ചത്.
വിരമിച്ചിട്ടും ഔദ്യോഗിക നക്ഷത്രമുദ്ര പതിപ്പിച്ച വാഹനത്തിൽ സഞ്ചാരം: ടോമിൻ തച്ചങ്കരിക്ക് 250 രൂപ പിഴ
