ഇറാൻ യുദ്ധത്തിന്റെ പൂർണ്ണ വിവരങ്ങൾ ട്രംപിന് ലഭിക്കുന്നില്ലെന്ന് ആശങ്ക ഉയർത്തി ജെ.ഡി. വാൻസ്

ഇറാൻ യുദ്ധത്തിന്റെ പൂർണ്ണ വിവരങ്ങൾ ട്രംപിന് ലഭിക്കുന്നില്ലെന്ന് ആശങ്ക ഉയർത്തി ജെ.ഡി. വാൻസ്


വാഷിംഗ്ടൺ: അമേരിക്ക-ഇറാൻ സംഘർഷം രൂക്ഷമാകുന്നതിനിടെ, യുദ്ധത്തിന്റെ യഥാർത്ഥ അവസ്ഥയെക്കുറിച്ചുള്ള പൂർണ്ണ വിവരങ്ങൾ പ്രസിഡന്റ് ഡോണാൾഡ് ട്രംപ്ക്ക് ലഭിക്കുന്നില്ലെന്ന ആശങ്ക ഉയർത്തി ഉപരാഷ്ട്രപതി ജെ.ഡി. വാൻസ്. പെന്റഗൺ നൽകുന്ന വിവരങ്ങൾ 'ഏറ്റവും അനുകൂലമായ ചിത്രം' മാത്രമാണെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

 യുദ്ധം നീണ്ടുപോകുന്നതിനിടെ അമേരിക്കയുടെ ആയുധശേഖരം, പ്രത്യേകിച്ച് മിസൈൽ സംഭരണം, കുറയുമോ എന്ന ആശങ്കയാണ് വാൻസ് ഉന്നയിക്കുന്നതെന്ന്  'ദി അറ്റ്‌ലാന്റിക്' റിപ്പോർട്ട് ചെയ്യുന്നു.
പെന്റഗൺ നൽകുന്ന കണക്കുകൾക്കു വിശ്വാസ്യതയുണ്ടോ എന്ന കാര്യത്തിലും അദ്ദേഹം സംശയം പ്രകടിപ്പിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ട്.

അതേസമയം, 'എൻബിസി ന്യൂസ്' റിപ്പോർട്ട് പ്രകാരം, ഇറാൻ യുദ്ധവുമായി ബന്ധപ്പെട്ട ബ്രിഫിംഗുകളിൽ ട്രംപിന് രണ്ട് മിനിറ്റ് ദൈർഘ്യമുള്ള സോഷ്യൽ മീഡിയ വീഡിയോ ക്ലിപ്പുകൾ കാണിക്കുന്നതായും, അവയിൽ അമേരിക്കയുടെ 'വിജയങ്ങൾ' മാത്രമാണ് പ്രധാനമായി അവതരിപ്പിക്കുന്നതെന്നും ആരോപണം ഉയരുന്നു. ഇതോടെ യുദ്ധത്തിന്റെ പൂർണ്ണചിത്രം പ്രസിഡന്റിന് ലഭിക്കുന്നില്ലെന്ന ആശങ്ക ശക്തമായി.

ഇക്കാര്യത്തിൽ പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്തും ജോയിന്റ് ചീഫ്‌സ് ഓഫ് സ്റ്റാഫ് ചെയർമാൻ ഡാൻ കെയ്‌നും അമേരിക്കയ്ക്ക് മതിയായ ആയുധശേഖരം ഉണ്ടെന്നാണ് വ്യക്തമാക്കിയിട്ടുള്ളത്. എന്നാൽ തായ്‌വാൻ, ദക്ഷിണ കൊറിയ, യൂറോപ്പ് എന്നിവിടങ്ങളിലെ പ്രതിരോധത്തിനും ഈ ശേഖരം ആവശ്യമാണെന്ന് ചൂണ്ടിക്കാട്ടിയാണ് വാൻസ് ആശങ്ക പങ്കുവെച്ചത്.

വൈറ്റ് ഹൗസ് വൃത്തങ്ങൾ പറയുന്നത്, ദേശീയ സുരക്ഷാ സംഘത്തിലെ അംഗങ്ങൾ ഇത്തരത്തിലുള്ള ചോദ്യങ്ങൾ ഉയർത്തുന്നത് സാധാരണമാണെന്നതാണ്. അതേസമയം, യുദ്ധത്തിന്റെ യഥാർത്ഥ അവസ്ഥയെക്കുറിച്ചുള്ള പെന്റഗൺ വിലയിരുത്തലുകൾ 'അപൂർണ്ണമാണ്' എന്ന വിമർശനവും ഉയരുന്നുണ്ട്.

അമേരിക്ക ഇറാന്റെ സൈനിക ശേഷി കാര്യമായി തകർത്തുവെന്ന് അവകാശപ്പെടുമ്പോഴും, ഇറാൻ ഇപ്പോഴും തന്റെ വ്യോമസേനയുടെ വലിയൊരു പങ്കും മിസൈൽ സംവിധാനങ്ങളും പ്രവർത്തനക്ഷമമായി നിലനിർത്തുന്നുവെന്നാണ് റിപ്പോർട്ടുകൾ. മാർച്ചിൽ ഇറാനിലെ ആകാശപരിധിയിൽ പൂർണ്ണ നിയന്ത്രണമുണ്ടെന്ന് അമേരിക്ക അവകാശപ്പെട്ടതിന് പിന്നാലെ, ഒരു മാസം കഴിഞ്ഞ് ഇറാൻ സേന ഒരു അമേരിക്കൻ യുദ്ധവിമാനം തകർത്ത സംഭവവും സംശയങ്ങൾക്ക് ഇടയാക്കിയിട്ടുണ്ട്.