'വേഗം ബുദ്ധിയുണ്ടാകണം',-ഇറാന് ട്രംപിന്റെ കടുത്ത മുന്നറിയിപ്പ്

'വേഗം ബുദ്ധിയുണ്ടാകണം',-ഇറാന് ട്രംപിന്റെ കടുത്ത മുന്നറിയിപ്പ്


വാഷിംഗ്ടൺ: ഇറാനുമായുള്ള ചർച്ചകൾ നിലച്ച സാഹചര്യത്തിൽ കടുത്ത മുന്നറിയിപ്പുമായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് രംഗത്ത്. 'ഇറാൻ ഉടൻ ബുദ്ധിയോടെ പ്രവർത്തിക്കണം' എന്നാണ് ട്രംപ് തന്റെ 'ട്രൂത്ത് സോഷ്യൽ' പ്ലാറ്റ്‌ഫോമിൽ കുറിച്ചത്.

'ആണവായുധമില്ലാത്ത ഒരു കരാറിൽ ഒപ്പിടാൻ പോലും ഇറാനിന് കഴിയുന്നില്ല. അവർ വേഗം ബുദ്ധിയുണ്ടാക്കണം' എന്നായിരുന്നു ട്രംപിന്റെ പ്രതികരണം. 'NO MORE MR. NICE GUY' എന്ന അടിക്കുറിപ്പോടെ ആയുധം പിടിച്ചിരിക്കുന്ന ട്രംപിന്റെ ചിത്രവും പോസ്റ്റിനൊപ്പമുണ്ട്.

 ഇറാനുമായുള്ള ആണവചർച്ചകളിൽ അമേരിക്ക കടുത്ത നിലപാട് തുടരുകയാണ്. ഏപ്രിൽ 13 മുതൽ ഇറാനിലെ തുറമുഖങ്ങളിലേക്കുള്ള കപ്പൽ ഗതാഗതത്തിന് അമേരിക്ക നാവിക ഉപരോധം ഏർപ്പെടുത്തിയിട്ടുണ്ട്. ഹോർമുസ് കടലിടുക്ക് മേഖലയിൽ ഗതാഗത നിയന്ത്രണവും ശക്തമാക്കി.

പാകിസ്താനിൽ നടക്കാനിരുന്ന രണ്ടാംഘട്ട പരോക്ഷ ചർച്ചകൾ പുരോഗതിയില്ലാതെ നിലച്ചു. അമേരിക്കൻ പ്രതിനിധി സംഘം പങ്കെടുക്കാനിരുന്ന സന്ദർശനം ട്രംപ് അവസാന നിമിഷം റദ്ദാക്കുകയായിരുന്നു. പുതിയ നിർദേശവുമായി ഇറാൻ മുന്നോട്ട് വരട്ടെ എന്നതാണ് അമേരിക്കയുടെ നിലപാട്.

അതേസമയം, ഉപരോധം പിൻവലിക്കുകയും ഹോർമുസ് കടലിടുക്ക് തുറക്കുകയും ദീർഘകാല വെടിനിർത്തൽ നടപ്പാക്കുകയും ചെയ്യുന്ന നിർദേശമാണ് ഇറാൻ മുന്നോട്ടുവച്ചതെന്നാണ് റിപ്പോർട്ടുകൾ. എന്നാൽ ഈ നിർദേശം ട്രംപ് തള്ളിയതായും അമേരിക്ക പ്രധാന ആവശ്യങ്ങൾ പരിഗണിച്ചശേഷമേ ചർച്ചകൾക്ക് തയ്യാറാകൂവെന്നും വ്യക്തമാക്കിയിട്ടുണ്ട്.