വാഷിംഗ്ടൺ: അറേബ്യൻ കടലിൽ സംശയാസ്പദമായി കണ്ട ഒരു ചരക്കുകപ്പലിൽ യു.എസ്. മറൈൻ സേന നടത്തിയ അപ്രതീക്ഷിത റെയ്ഡ് 'ഫോൾസ് അലർട്ട്' ആയി മാറി. യു.എസ്. സെൻട്രൽ കമാൻഡ് (CENTCOM) പുറത്തുവിട്ട വീഡിയോയിലാണ് സംഭവത്തിന്റെ ദൃശ്യങ്ങൾ ഉൾപ്പെട്ടത്.
കോമറോസ് പതാകയിൽ സഞ്ചരിച്ചിരുന്ന 'എം/വി ബ്‌ളു സ്റ്റാർ III' എന്ന കപ്പൽ ഇറാനിലേക്ക് പോകുകയാണെന്ന സംശയത്തെ തുടർന്നാണ് നടപടി. ഹെലികോപ്റ്ററിൽ നിന്ന് ഇറങ്ങി മറൈൻ സേന കപ്പലിൽ കയറുകയും പരിശോധന നടത്തുകയും ചെയ്തു. എന്നാൽ പിന്നീട് നടത്തിയ പരിശോധനയിൽ കപ്പൽ ഇറാനിലേക്കല്ല, ഒമാനിലെ സോഹാർ തുറമുഖത്തിലേക്കാണ് പോകുന്നതെന്ന് വ്യക്തമായി.
31ാമത് മറൈൻ എക്‌സ്‌പെഡിഷനറി യൂണിറ്റ് അംഗങ്ങളാണ് കപ്പലിൽ കയറി പരിശോധന നടത്തിയത്. ലക്ഷ്യസ്ഥാനത്തെക്കുറിച്ചുള്ള ആശയക്കുഴപ്പമാണ് ഈ നടപടിക്ക് കാരണമായതെന്ന് അധികൃതർ അറിയിച്ചു. പരിശോധന പൂർത്തിയാക്കിയതിനു ശേഷം കപ്പൽ വിട്ടയച്ചു.
ഇറാനിലെ തുറമുഖങ്ങളിലേക്കുള്ള യു.എസ്. നിരോധനം തുടരുന്ന സാഹചര്യത്തിലാണ് സംഭവം. നിരോധനം നടപ്പിലാക്കിയതിന് ശേഷം 39 കപ്പലുകളെ ഇതിനകം വഴിതിരിച്ചുവിട്ടതായി സെൻട്രൽ കമാൻഡ് വ്യക്തമാക്കി.
ഇതിന്റെ ഭാഗമായി ഇറാനിലെ ചാബഹാർ തുറമുഖം മേഖലയിൽ കപ്പലുകളുടെ തിരക്ക് വർധിച്ചതായും റിപ്പോർട്ടുണ്ട്. മുമ്പ് ശരാശരി അഞ്ച് കപ്പലുകൾ മാത്രമുണ്ടായിരുന്നിടത്ത് ഇപ്പോൾ 20ൽ അധികം കപ്പലുകൾ കാത്തുനിൽക്കുന്നതായി കണക്കുകൾ സൂചിപ്പിക്കുന്നു.
അറേബ്യൻ കടലിൽ യു.എസ്. സേനയുടെ 'തെറ്റായ മുന്നറിയിപ്പ് ': കപ്പൽ പരിശോധിച്ച് വിട്ടയച്ചു
