ന്യൂഡല്‍ഹി: ഡിജിറ്റല്‍ അറസ്റ്റ് തട്ടിപ്പ് കേസുകളുമായി ബന്ധപ്പെട്ട് 9400ലധികം സാമൂഹ മാധ്യമ അക്കൗണ്ടുകള്‍ നിരോധിച്ചതായി വാട്ട്സ്ആപ്പ് അറിയിച്ചു. തട്ടിപ്പുമായി ബന്ധപ്പെട്ട അക്കൗണ്ടുകള്‍ നിരോധിച്ചതിന്റെ ജനുവരി മുതലുള്ള കണക്കാണ് പുറത്ത് വന്നത്. സുപ്രിം കോടതിയില്‍ വാട്ട്‌സാപ്പ് നല്‍കിയ കണക്ക് കേന്ദ്ര സര്‍ക്കാരാണ് അറിയിച്ചത്. അറ്റോര്‍ണി ജനറല്‍ നല്‍കിയ സത്യവാങ്മൂലത്തിലാണ് ഇക്കാര്യം അറിയിച്ചത്.
കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള ഇന്ത്യന്‍ സൈബര്‍ ക്രൈം കോഓര്‍ഡിനേഷന്‍ സെന്ററിന്റെ നിര്‍ദേശപ്രകാരമാണ് ഈ നടപടി ഉണ്ടായത്.
ഇത്തരം തട്ടിപ്പുകള്‍ക്കായി ഉപയോഗിച്ച ഫോണുകളുടെ ഐഡികള്‍ ബ്ലോക്ക് ചെയ്യാനും സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇതിനുപുറമെ തട്ടിപ്പുകാര്‍ ഉപയോഗിച്ചിരുന്ന ആയിരക്കണക്കിന് സ്‌കൈപ്പ് ഐ ഡികളും റദ്ദാക്കി.
ഈ തട്ടിപ്പ് ശൃംഖലയെ തകര്‍ക്കുന്നതിനായി വെറും അക്കൗണ്ടുകള്‍ നിരോധിക്കുന്നതിലുപരിയായി ആ അക്കൗണ്ടുകള്‍ പ്രവര്‍ത്തിപ്പിച്ചിരുന്ന മൊബൈല്‍ ഫോണുകളുടെ ഉപകരണ ഐഡികള്‍ കൂടി ബ്ലോക്ക് ചെയ്യാന്‍ സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇത് തട്ടിപ്പുകാര്‍ക്ക് അതേ ഫോണ്‍ ഉപയോഗിച്ച് വീണ്ടും പുതിയ അക്കൗണ്ടുകള്‍ തുടങ്ങുന്നത് അസാധ്യമാക്കും.
