ന്യൂഡല്‍ഹി: ആഗോള സമ്പദ്വ്യവസ്ഥകളുടെ നിരയില്‍ ഇന്ത്യ ആറാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ഏകദേശം 4.15 ട്രില്യണ്‍ ഡോളര്‍ ജി ഡി പിയോടെ ഇന്ത്യ ഇപ്പോള്‍ യു കെയ്ക്ക് പിന്നിലാണ്. യു കെയുടേത് 4.26 ട്രില്യന്‍ ഡോളറാണ്.
ഇന്റര്‍നാഷണല്‍ മോണിറ്ററി ഫണ്ട് ഏപ്രില്‍ 14-ന് പുറത്തിറക്കിയ പുതിയ കണക്കുകള്‍ പ്രകാരം ഇന്ത്യയുടെ വളര്‍ച്ചാ സാധ്യത ശക്തമായിരിക്കുമ്പോഴും റാങ്കിംഗില്‍ ഇടിവ് രേഖപ്പെടുത്തി. 2026- 27 സാമ്പത്തിക വര്‍ഷത്തില്‍ 6.5 ശതമാനം യഥാര്‍ഥ ജി ഡി പി വളര്‍ച്ചയാണ് ഐ എം എഫ് പ്രവചിക്കുന്നത്. ആഭ്യന്തര കണക്കുകള്‍ പ്രകാരം 2025- 26ല്‍ 7.4 ശതമാനം വളര്‍ച്ചയും പ്രതീക്ഷിക്കുന്നു.
റാങ്കിംഗില്‍ ഇടിവുണ്ടാകാന്‍ പ്രധാന കാരണം ജി ഡി പി കണക്കാക്കുന്ന അടിസ്ഥാന വര്‍ഷത്തിലെ മാറ്റമാണെന്നാണ് വിലയിരുത്തല്‍. പുതിയ കണക്കെടുപ്പ് രീതിയില്‍ നാമമാത്ര ജി ഡി പി കുറയുകയും രൂപയുടെ മൂല്യം ഡോളറിനെതിരെ കുറഞ്ഞതും തിരിച്ചടിയായി.
2025-ല്‍ ഇന്ത്യയുടെ ജി ഡി പി 3.92 ട്രില്യണ്‍ ഡോളറായിരുന്നു. യു കെയുടെ 4 ട്രില്യണ്‍ ഡോളറിനേക്കാള്‍ കുറവാണ്. ഇതോടെ 2025-ല്‍ തന്നെ ജപ്പാനെ മറികടന്ന് നാലാം സ്ഥാനത്തെത്തുമെന്ന പ്രതീക്ഷ പിന്നോട്ടായി.
പുതിയ കണക്കുകള്‍ പ്രകാരം ഇന്ത്യയുടെ നാമമാത്ര ജി ഡി പി 357 ലക്ഷം കോടി മുതല്‍ 345.5 ലക്ഷം കോടിയായി താഴ്ത്തി തിരുത്തിയിട്ടുണ്ട്. 2025- 26ല്‍ ശരാശരി 1 ഡോളര്‍ എന്നത് 87 രൂപ എന്ന നിരക്കില്‍ കണക്കാക്കുമ്പോള്‍ ഡോളര്‍ അടിസ്ഥാനത്തില്‍ ജിഡിപി 4 ട്രില്യണ്‍ ഡോളറിന് താഴെയായിരിക്കും.
എന്നാല്‍ ദീര്‍ഘകാലത്തില്‍ ഇന്ത്യയുടെ സാധ്യതകള്‍ ശക്തമാണ്. 2031ഓടെ ജര്‍മനിയെ മറികടക്കുമെന്ന് പുതിയ കണക്കുകള്‍ സൂചിപ്പിക്കുന്നുത്.
2021 മുതല്‍ 2025 വരെ ഇന്ത്യ 8.56 ശതമാനം സംയുക്ത വാര്‍ഷിക വളര്‍ച്ച രേഖപ്പെടുത്തി പ്രധാന സമ്പദ്വ്യവസ്ഥകളില്‍ ഏറ്റവും വേഗത്തില്‍ വളരുന്ന രാജ്യമായി തുടരുന്നു.
ഐ ഡി എഫ് സി ഫസ്റ്റ് ബാങ്കിന്റെ മുഖ്യ സാമ്പത്തിക വിദഗ്ധ ഗൗറ സെന്‍ഗുപ്തയുടെ വിലയിരുത്തല്‍ പ്രകാരം ജി ഡി പി അടിസ്ഥാന വര്‍ഷത്തിലെ മാറ്റം മൂലം നാമമാത്ര ജി ഡി പി 4 ശതമാനം വരെ കുറഞ്ഞു. കൂടാതെ രൂപയുടെ മൂല്യം 11 ശതമാനം വരെ ഇടിഞ്ഞത് കൂടി ചേര്‍ന്നതോടെ റാങ്കിംഗില്‍ ഇടിവ് സംഭവിക്കുകയായിരുന്നു.
ഇന്ത്യയുടെ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് വി അനന്ത നാഗേശ്വരന്‍ മുന്‍പ് പറഞ്ഞതുപോലെ, 2026- 27ഓടെ 4 ട്രില്യണ്‍ ഡോളര്‍ ജി ഡി പി ഇന്ത്യ കൈവരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. എന്നാല്‍ ആഗോള റാങ്കിംഗ് ബാഹ്യ ഘടകങ്ങളെ ആശ്രയിച്ചായിരിക്കും നിര്‍ണയിക്കപ്പെടുക.
