വാഷിംഗ്ടണ്‍: ഇറാന്‍ മുന്നോട്ടുവെച്ച പുതിയ യുദ്ധവിരാമ നിര്‍ദ്ദേശം ട്രംപിന് താത്പര്യമില്ലെന്ന് റിപ്പോര്‍ട്ട്. ഹോര്‍മൂസ് കടലിടുക്ക് തുറക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതാണ് നിര്‍ദ്ദേശമെങ്കിലും ഇറാന്റെ ആണവ പദ്ധതിയെക്കുറിച്ച് വ്യക്തമായി അവതരിപ്പിക്കുന്നില്ലെന്നതാണ് അമേരിക്കയുടെ പ്രധാന വിമര്‍ശനം.
ട്രംപ് ഉപദേഷ്ടാക്കളുമായി നടത്തിയ യോഗത്തില്‍ നിര്‍ദേശം ട്രംപ് തള്ളിക്കളഞ്ഞിട്ടില്ലെങ്കിലും ഇറാന്‍ സത്യസന്ധമായി ചര്‍ച്ച നടത്തുന്നില്ലെന്ന സംശയം അദ്ദേഹം ഉയര്‍ത്തി. യൂറേനിയം സമ്പുഷ്ടീകരണം നിര്‍ത്തുകയോ ആണവായുധ വികസനം ഉപേക്ഷിക്കുകയോ ചെയ്യുന്നതില്‍ ഇറാന്‍ ഉറപ്പ് നല്‍കുന്നില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
വൈറ്റ് ഹൗസ് അടുത്ത ദിവസങ്ങളില്‍ പ്രതിനിര്‍ദേശം മുന്നോട്ടുവയ്ക്കാന്‍ സാധ്യതയുണ്ടെന്നാണ് വിവരം.
മാധ്യമങ്ങളിലൂടെ ചര്‍ച്ച നടത്തില്ല എന്നും തങ്ങളുടെ ചുവന്ന രേഖകള്‍ വ്യക്തമാണെന്നും വൈറ്റ് ഹൗസ് വക്താവ് അറിയിച്ചു. അതേസമയം യു എസ് വിദേശകാര്യ സെക്രട്ടറി മാര്‍ക്കോ റൂബിയോ ഇറാന്റെ നിര്‍ദേശം അംഗീകരിക്കാനാകില്ലെന്ന് വ്യക്തമാക്കി.
ആക്‌സിയോസ് പുറത്തുവിട്ട റിപ്പോര്‍ട്ടനുസരിച്ച് ഹോര്‍മൂസ് കടലിടുക്ക് വീണ്ടും തുറക്കാനും യുദ്ധം അവസാനിപ്പിക്കാനും ഇറാന്‍ നിര്‍ദേശം മുന്നോട്ടുവച്ചിട്ടുണ്ട്. എന്നാല്‍, ആണവ ചര്‍ച്ചകള്‍ പിന്നീട് പരിഗണിക്കാമെന്ന നിലപാടാണ് അവര്‍ സ്വീകരിച്ചിരിക്കുന്നത്.
