എൻഎച്ച്എഐ എൻജിനിയറിന് മേൽ ചെളിവാരിയ സംഭവം; നിതേഷ് റാണെക്ക് ഒരു മാസം തടവ്

എൻഎച്ച്എഐ എൻജിനിയറിന് മേൽ ചെളിവാരിയ സംഭവം; നിതേഷ് റാണെക്ക് ഒരു മാസം തടവ്


മുംബൈ:  മഹാരാഷ്ട്രയിലെ ബിജെപി മന്ത്രി നിതേഷ് റാണയ്ക്ക് 2019ലെ കേസിൽ ഒരു മാസം ജയിൽശിക്ഷ വിധിച്ചു. എൻഎച്ച്എഐ (ദേശീയ പാത അതോറിറ്റി) എൻജിനിയറുടെ മേൽ ചെളിവാരിയെറിഞ്ഞ സംഭവത്തിലാണ് സിന്ദുദുർഗ് കോടതി വിധി പ്രസ്താവിച്ചത്.

മുംബൈ-ഗോവ ദേശീയപാതയുടെ മോശം അവസ്ഥക്കെതിരെ നടത്തിയ പ്രതിഷേധത്തിനിടെയാണ് എൻഎച്ച്എഐ ഡെപ്യൂട്ടി എൻജിനിയറായ പ്രകാശ് ഷെഡേക്കറിനെതിരെ ആക്രമണം നടന്നത്. നിതേഷ് റാണെയും അനുയായികളും ചേർന്ന് എൻജിനിയറുടെ മേൽ ചെളിവാരിയിടുകയും, പൊതുജനങ്ങൾക്കുമുന്നിൽ ചെളിയിലൂടെ നടക്കാൻ നിർബന്ധിക്കുകയും ചെയ്തുവെന്നാണ് കേസ്.

മുൻ കേന്ദ്രമന്ത്രി നാരായൺ റാണെയുടെ മകനായ നിതേഷ് റാണെ ഉൾപ്പെടെ 30 പേരെ കേസിൽ പ്രതികളാക്കി. കലാപം, പൊതുജനസേവകനെ ആക്രമിക്കൽ, ഗൂഢാലോചന തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയിരുന്നെങ്കിലും തെളിവുകളുടെ അഭാവത്തിൽ ഭൂരിഭാഗം കുറ്റങ്ങളിൽ നിന്ന് കോടതി വെറുതെ വിട്ടു. എന്നാൽ പൊതുജനസേവനകനെ അപമാനിച്ചതിനും ഔദ്യോഗിക ചുമതല നിർവഹിക്കുന്നത് തടസ്സപ്പെടുത്തിയതിനുമുള്ള കുറ്റം തെളിഞ്ഞതായി കോടതി കണ്ടെത്തി.

വിധിക്ക് പിന്നാലെ റാണെയുടെ ശിക്ഷ കോടതി താൽക്കാലികമായി സസ്‌പെൻഡ് ചെയ്തിട്ടുണ്ട്. ഉയർന്ന കോടതിയിൽ അപ്പീൽ നൽകാൻ സമയം അനുവദിക്കുകയും, മറ്റു 29 പ്രതികളെ വെറുതെ വിടുകയും ചെയ്തു.

'ജനങ്ങളുടെ ബുദ്ധിമുട്ടുകൾ ചൂണ്ടിക്കാട്ടാനായിരുന്നു ഉദ്ദേശമെങ്കിലും ഒരു സർക്കാർ ഉദ്യോഗസ്ഥനെ പൊതുജനങ്ങൾക്കുമുന്നിൽ അപമാനിക്കാൻ അവകാശമില്ല,' എന്ന് അഡീഷണൽ സെഷൻസ് ജഡ്ജി വി എസ് ദേശ്മുഖ് വ്യക്തമാക്കി. ഇത്തരം പ്രവണതകൾ തുടരുകയാണെങ്കിൽ ഉദ്യോഗസ്ഥർക്ക് മാന്യമായി ജോലി ചെയ്യാൻ കഴിയില്ലെന്നും കോടതി നിരീക്ഷിച്ചു.

2019 ജൂലൈ 4നാണ് സംഭവം നടന്നത്. കങ്കാവലിയിലെ ഗാഡ് നദിയിലുണ്ടാക്കിയ പാലത്തിന് സമീപം റോഡ് വികസന പ്രവൃത്തികൾ പരിശോധിക്കാൻ എൻജിനിയറെ വിളിച്ചുവരുത്തിയ ശേഷമാണ് സംഭവം. മോശം റോഡും വെള്ളക്കെട്ടും കാരണം പ്രകോപിതരായ റാണെയും അനുയായികളും ചേർന്ന് ചെളിവാരിയെറിയുകയും ചെളിയിലൂടെ നടക്കാൻ നിർബന്ധിക്കുകയും ചെയ്തതായി പ്രോസിക്യൂഷൻ വ്യക്തമാക്കി.

ഉയർന്ന പദവിയിലുള്ള ഉദ്യോഗസ്ഥനെയാണ് പൊതുജനങ്ങൾക്കുമുന്നിൽ ഇത്തരത്തിൽ അപമാനിച്ചതെന്ന് കോടതി ചൂണ്ടിക്കാട്ടി. ഇത് ബോധപൂർവ്വമായ അപമാനവും പൊതുസമാധാനം ലംഘിക്കാൻ പ്രേരിപ്പിക്കുന്ന നടപടിയുമാണെന്ന് കോടതി വിലയിരുത്തി.