ബാഗ്ദാദ്: ഇറാഖ് പ്രസിഡന്റ് നിസാർ അമീദി പുതിയ പ്രധാനമന്ത്രിയായി വ്യവസായി അലി അൽസൈദിയെ നാമനിർദ്ദേശം ചെയ്തു. യുഎസ് സമ്മർദ്ദവും രാഷ്ട്രീയ തർക്കങ്ങളും ശക്തമായ പശ്ചാത്തലത്തിലാണ് ഈ തീരുമാനം. മുൻ പ്രധാനമന്ത്രി നൂറി അൽ മാലികിയെ പിന്തുണയ്ക്കാനുള്ള തീരുമാനം പിൻവലിച്ചതിനുശേഷമാണ് ഭരണകക്ഷികളുടെ കൂട്ടായ്മയായ കോർഡിനേഷൻ ഫ്രെയിംവർക്ക് സൈദിയെ മുന്നോട്ട് വെച്ചത്.
മാലിക്കി വീണ്ടും അധികാരത്തിലെത്തുകയാണെങ്കിൽ ഇറാഖിന് നൽകിവരുന്ന പിന്തുണ കുറയ്ക്കുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് മുന്നറിയിപ്പ് നൽകിയതോടെയാണ് രാഷ്ട്രീയ സാഹചര്യത്തിൽ വലിയ മാറ്റം വന്നത്. ഇതിനെ തുടർന്ന് നീണ്ടുനിന്ന ചർച്ചകൾക്ക് ശേഷം ഭരണഘടനാപരമായ പ്രതിസന്ധി ഒഴിവാക്കാനായി പുതിയ സ്ഥാനാർത്ഥിയെ തെരഞ്ഞെടുത്തു.
സൈദിയെ സർക്കാർ രൂപീകരിക്കാൻ ചുമതലപ്പെടുത്തിയതായി ഔദ്യോഗിക പ്രസ്താവനയിൽ പ്രസിഡന്റ് അറിയിച്ചു. 30 ദിവസത്തിനകം മന്ത്രിസഭ രൂപീകരിക്കേണ്ടതുണ്ട്. എന്നാൽ ഭരണപരിവർത്തനങ്ങളിൽ സമയപരിധി പാലിക്കാത്ത ചരിത്രമുള്ള രാജ്യമാണ് ഇറാഖ്.
മാലിക്കിയും നിലവിലെ താൽക്കാലിക പ്രധാനമന്ത്രി മുഹമ്മദ് ഷിയ അൽ സുദാനിയും സ്ഥാനാർത്ഥിത്വം പിൻവലിച്ചതിനെ കോർഡിനേഷൻ ഫ്രെയിംവർക്ക് പ്രശംസിച്ചു. മാലിക്കിയുടെ പാർലമെന്ററി ഗ്രൂപ്പ് തലവൻ യാസർ അൽമാലിക്കിയും സൈദിക്ക് പിന്തുണ പ്രഖ്യാപിച്ചു.
2003ലെ ഇറാൻ-ഇറാഖ് യുദ്ധത്തിനുശേഷം അമേരിക്കയും ഇറാനും തമ്മിലുള്ള സ്വാധീന പോരാട്ടത്തിന്റെ പ്രധാന വേദിയായി ഇറാഖ് തുടരുകയാണ്. ഭരണക്രമത്തിൽ സാധാരണയായി പ്രധാനമന്ത്രി ഷിയ, സ്പീക്കർ സുന്നി, പ്രസിഡന്റ് കുർദിഷ് വിഭാഗത്തിൽ നിന്നായിരിക്കും എന്നതാണ് രാഷ്ട്രീയ പരമ്പര്യം.
ദേശീയ രാഷ്ട്രീയത്തിൽ ഏറെ പരിചിതനല്ലാത്ത സൈദി ഒരു ബിസിനസുകാരനും ബാങ്കറുമായും മീഡിയ ഉടമയുമാണ്. പൊതുപദവി വഹിച്ചിട്ടുമില്ല. വിജയിച്ചാൽ 40ാം വയസ്സിൽ ഇറാഖിന്റെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രിയാകും. രാഷ്ട്രീയ വിശകലന വിദഗ്ദ്ധരുടെ വിലയിരുത്തലിൽ, സാമ്പത്തിക- മാധ്യമ രംഗങ്ങളിലുള്ള അനുഭവം അദ്ദേഹത്തിന് ജനങ്ങളെയും നേതാക്കളെയും സ്വാധീനിക്കാൻ സഹായകരമാകും.
പ്രാദേശിക സംഘർഷങ്ങളും സുരക്ഷാ വെല്ലുവിളികളും തുടരുന്ന സാഹചര്യത്തിലാണ് പുതിയ സർക്കാരിന് രൂപം നൽകേണ്ടത്. അമേരിക്കയും ഇറാനും തമ്മിലുള്ള സംഘർഷം ശക്തമായതോടെ ഇറാഖും അതിന്റെ സ്വാധീനത്തിൽ കുടുങ്ങിയിരിക്കുകയാണ്. അമേരിക്ക പിന്തുണയ്ക്കുന്ന താൽപര്യങ്ങളെയും ഇറാൻ പിന്തുണയ്ക്കുന്ന സായുധസംഘങ്ങളെയും ചുറ്റിപ്പറ്റിയുള്ള ആക്രമണങ്ങൾ രാജ്യത്തിനകത്തും പുറത്തും പ്രശ്‌നങ്ങൾ സൃഷ്ടിച്ചിട്ടുണ്ട്.
പുതിയ പ്രധാനമന്ത്രി ഇറാൻ പിന്തുണയ്ക്കുന്ന സായുധസംഘങ്ങളെ നിയന്ത്രിക്കണമെന്ന അമേരിക്കയുടെ ആവശ്യവും നേരിടേണ്ടി വരും. കൂടാതെ ഗൾഫ് രാജ്യങ്ങളുമായുള്ള ബന്ധം മെച്ചപ്പെടുത്തുകയും വേണം. സാമ്പത്തികമായി എണ്ണ കയറ്റുമതിയിലാണ് രാജ്യത്തിന്റെ 90 ശതമാനം വരുമാനവും ആശ്രയിക്കുന്നത്. ഹോർമൂസ് കടലിടുക്കിൽ ഉണ്ടായ തടസ്സങ്ങൾ വരുമാനത്തെ ബാധിച്ചതോടെ സാമ്പത്തിക വെല്ലുവിളികളും ശക്തമായി തുടരുകയാണ്.
ഈ സാഹചര്യത്തിൽ സൈദിയുടെ നേതൃത്വത്തിൽ ഇറാഖ് പുതിയ രാഷ്ട്രീയ സ്ഥിരത കൈവരിക്കുമോ എന്നത് ശ്രദ്ധേയമായ ചോദ്യമായി മാറിയിരിക്കുകയാണ്.
ഇറാഖിൽ അലി അൽസൈദി പ്രധാനമന്ത്രിയാകും; യുഎസ് സമ്മർദ്ദത്തിനും ഇറാൻ സംഘർഷത്തിനും നടുവിൽ പുതിയ നീക്കം
