വാഷിംഗ്ടണ്‍: വാഷിംഗ്ടണ്‍ ഡി സി നഗര മേയര്‍ തെരഞ്ഞെടുപ്പില്‍ ഇന്ത്യന്‍ വംശജ റിനി സമ്പത്ത് മത്സര രംഗത്ത്. ദക്ഷിണേഷ്യന്‍ വംശജരില്‍ നിന്നുള്ള ആദ്യ സ്ഥാനാര്‍ഥിയാണ് അവര്‍.
31 വയസുകാരിയായ റിനി സമ്പത്ത് തമിഴ്‌നാട്ടിലെ തേനിയിലാണ് ജനിച്ചത്. ഏഴാം വയസ്സില്‍ കുടുംബത്തോടൊപ്പം അമേരിക്കയിലേക്ക് കുടിയേറിയ റിനി കഴിഞ്ഞ ഒരു ദശാബ്ദത്തിലേറെയായി വാഷിംഗ്ടണ്‍ ഡി സിയിലാണ് താമസിക്കുന്നത്. നിലവില്‍ സൈബര്‍സെക്യൂരിറ്റി മേഖലയിലെ സര്‍ക്കാര്‍ കരാര്‍ ജോലിയിലാണ് പ്രവര്‍ത്തിക്കുന്നത്. ഡെമോക്രാറ്റിക് പാര്‍ട്ടി അംഗമായ റിനി സമ്പത്ത് നഗരഭരണം മെച്ചപ്പെടുത്തലും ജനങ്ങളും പ്രാദേശിക ഭരണകൂടവും തമ്മിലുള്ള ബന്ധം മികച്ചതാക്കലും ലക്ഷ്യമിട്ടാണ് പ്രചാരണം നടത്തുന്നത്.
ഏഴാം വയസ്സില്‍ യു എസിലേക്ക് കുടിയേറിയ അഭിമാനിയായ പ്രവാസിയാണ് താനെന്നും അമേരിക്കന്‍ സ്വപ്‌നം സാക്ഷാത്കരിക്കാനാണ് തന്റെ കുടുംബം ഇവിടെ എത്തിയതെന്നും ആ സ്വപ്‌നം ഓരോ ഡി സി നിവാസിക്കും യാഥാര്‍ഥ്യമാക്കാന്‍ പ്രതിജ്ഞാബദ്ധയാണെന്നും അവര്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചു. ഇന്ത്യയിലേക്ക് മടങ്ങിപ്പോവുക എന്ന വിമര്‍ശനത്തിന് മറുപടിയായാണ് അവര്‍ ഇങ്ങനെ കുറിച്ചത്.
ഫിക്‌സ് ദി ബേസിക്‌സ് എന്ന പ്രമേയവും എ ന്യൂ ഡിസി എന്ന വാഗ്ദാനവുമാണ് റിനിയുടെ പ്രചാരണത്തിന്റെ ആധാരം. കുറഞ്ഞ വാടകയുള്ള വീടുകള്‍, വാടക നിയന്ത്രണം, അടിസ്ഥാന സൗകര്യ വികസനം, റോഡുകളിലെ കുഴികളും തകര്‍ന്ന പാതകളും പുനരുദ്ധരിക്കല്‍ എന്നിവയാണ് പ്രധാന വാഗ്ദാനങ്ങള്‍.
911, 311 അടിയന്തര സേവനങ്ങളുടെ പ്രതികരണ സമയം മെച്ചപ്പെടുത്തുക, ആരോഗ്യകരമായ ഭക്ഷ്യവസ്തുക്കള്‍ ലഭ്യമാക്കുന്ന കടകള്‍ വര്‍ധിപ്പിക്കുക, നടന്നു പോകുന്നവര്‍ക്കും സൈക്കിള്‍ യാത്രക്കാര്‍ക്കും പൊതുഗതാഗതത്തിനും മുന്‍ഗണന നല്‍കുന്ന രീതിയില്‍ റോഡുകള്‍ പുനര്‍ഡിസൈന്‍ ചെയ്യുക തുടങ്ങിയ പദ്ധതികളും അവര്‍ മുന്നോട്ടുവച്ചു. കൂടാതെ, പരിസ്ഥിതി സൗഹൃദ പൊതുസ്ഥലങ്ങളില്‍ നിക്ഷേപം വര്‍ധിപ്പിച്ച് ജീവിത നിലവാരം ഉയര്‍ത്താനും അവര്‍ ലക്ഷ്യമിടുന്നു.
മേയറായാല്‍ നഗരവാസികള്‍ക്ക് നല്‍കേണ്ട അടിസ്ഥാന സേവനങ്ങള്‍ ഉറപ്പാക്കുന്നതാണ് തന്റെ പ്രാഥമിക ലക്ഷ്യമെന്നും തകരാറിലായ സംവിധാനങ്ങള്‍ പരിഹരിക്കുകയും ഉത്തരവാദിത്വമുള്ള ഭരണകൂടം ഉറപ്പാക്കുകയും ചെയ്യുമെന്നും റിനി സമ്പത്ത് വ്യക്തമാക്കി.
വിദ്യാഭ്യാസ മേഖലയിലും വിദ്യാര്‍ഥികളുടെ ക്ഷേമത്തിലും പ്രത്യേക ശ്രദ്ധ ചെലുത്തുമെന്നും അവര്‍ അറിയിച്ചു. സുരക്ഷിതമായ സ്‌കൂള്‍ സൗകര്യങ്ങള്‍, സ്ഥിരതയുള്ള അധ്യാപക നിയമനം, ഹാജര്‍ വര്‍ധന, മാനസികാരോഗ്യ സേവനങ്ങളുടെ ലഭ്യത എന്നിവയും അവരുടെ പ്രചാരണ അജണ്ടയില്‍ ഉള്‍പ്പെടുന്നു.
