റഷ്യന്‍ സൈനികര്‍ സഹപ്രവര്‍ത്തകരെ തിന്നെന്ന് ആരോപണം; മോസ്‌കോ നിഷേധിച്ചു

റഷ്യന്‍ സൈനികര്‍ സഹപ്രവര്‍ത്തകരെ തിന്നെന്ന് ആരോപണം; മോസ്‌കോ നിഷേധിച്ചു


കീവ്: യുക്രെയ്‌നെതിരെ യുദ്ധം നടത്തുന്ന റഷ്യന്‍ സൈനികര്‍ ഭക്ഷ്യക്ഷാമം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് സഹപ്രവര്‍ത്തകരുടെ മൃതദേഹങ്ങള്‍ ഭക്ഷിച്ചതായി ആരോപണം. കീവിലെ സൈബര്‍സുരക്ഷാ വിദഗ്ധരാണ് ഇതുസംബന്ധിച്ച തെളിവുകള്‍ ലഭിച്ചതായി അവകാശപ്പെടുന്നത്.

അഞ്ച് വ്യത്യസ്ത സംഭവങ്ങളിലായി റഷ്യന്‍ സൈനികര്‍ ഇത്തരം പ്രവര്‍ത്തനം നടത്തിയെന്നാണ് ആരോപണം. 

ടെലഗ്രാം വഴിയുള്ള സൈനിക ഉദ്യോഗസ്ഥരുടെ ഓഡിയോ സന്ദേശങ്ങളും ചിത്രങ്ങളും പരിശോധിച്ചാണ് ഈ വിവരങ്ങള്‍ കണ്ടെത്തിയതെന്നാണ് റിപ്പോര്‍ട്ട്.

കഠിന ശൈത്യത്തില്‍ ഭക്ഷ്യവിതരണം തകരാറിലായ സാഹചര്യത്തിലാണ് ഇത്തരം സംഭവങ്ങള്‍ നടന്നതെന്നാണ് ഇന്റലിജന്‍സ് വൃത്തങ്ങള്‍ പറയുന്നത്. ഓരോ സംഭവവും ഒറ്റപ്പെട്ടതാണെന്നും ബന്ധപ്പെട്ട സൈനികരുടെ മാനസികാവസ്ഥയെക്കുറിച്ച് സംശയങ്ങള്‍ ഉയര്‍ന്നിട്ടുണ്ടെന്നും ദി സണ്‍ഡേടൈംസ് റിപ്പോര്‍ട്ട് ചെയ്തു.

എന്നാല്‍ ആരോപണങ്ങള്‍ റഷ്യ നിഷേധിച്ചു. ഇത് യുക്രെയ്ന്‍ സൈനിക ഇന്റലിജന്‍സ് സൃഷ്ടിച്ച പ്രചാരണമാണെന്നാണ് മോസ്‌കോയുടെ പ്രതികരണം.

ഡൊനെസ്‌ക് മേഖലയിലെ മിര്‍നോഹാര്‍ഡിന് സമീപം ഖ്രോമോയ് എന്ന കോള്‍ സൈന്‍ ഉപയോഗിച്ചിരുന്ന ഒരു സൈനികന്‍ കൊല്ലപ്പെട്ട സഹപ്രവര്‍ത്തകന്റെ കാല്‍ കഷണം മുറിച്ച് ഭക്ഷിക്കാന്‍ ശ്രമിച്ചതായി റിപ്പോര്‍ട്ടില്‍ പറയുന്നു. 2025 നവംബറില്‍ നടന്ന സംഭവത്തെക്കുറിച്ച് ടെലഗ്രാം സംഭാഷണത്തില്‍ ഒരു ഉദ്യോഗസ്ഥനാണ് മുകളിലുള്ള ഉദ്യോഗസ്ഥനെ അറിയിച്ചത്. സൈനികര്‍ക്ക് മതിയായ ഭക്ഷണം ലഭിക്കുന്നുണ്ടോ എന്ന ചോദ്യത്തിന് എല്ലാവരും ക്ഷാമാവസ്ഥയിലാണ് എന്ന മറുപടിയും ലഭിച്ചതായി റിപ്പോര്‍ട്ടില്‍ പറയുന്നു.

ചിത്രങ്ങള്‍ കൃത്രിമമല്ലെന്ന് തെളിയിക്കാന്‍ പ്രത്യേക എഐ പരിശോധനാ സോഫ്റ്റ്വെയര്‍ ഉപയോഗിച്ചതായും സ്വതന്ത്ര ശസ്ത്രക്രിയ വിദഗ്ധന്‍ പരിക്കുകള്‍ വിലയിരുത്തിയതായും യുക്രെയ്ന്‍ വൃത്തങ്ങള്‍ വ്യക്തമാക്കി.

മൃതദേഹം ഭക്ഷിച്ച സഹപ്രവര്‍ത്തകനെക്കുറിച്ച് പരാതി ഉയര്‍ത്തിയ സൈനികനും അത്തരം പ്രവൃത്തികള്‍ നിര്‍ത്താന്‍ നിര്‍ദ്ദേശിച്ച കമാന്‍ഡറുമുള്ള വിവരങ്ങളും പുറത്ത് വന്നിട്ടുണ്ട്. ഒരു യൂണിറ്റില്‍ മാംസഭക്ഷണം നിരോധിക്കുന്നു എന്ന ഉത്തരവും നല്‍കിയതായി റിപ്പോര്‍ട്ട് പറയുന്നു.

യുദ്ധകാലത്ത് ശത്രുവിനെ അപമാനിക്കാന്‍ ഇത്തരം ആരോപണങ്ങള്‍ ഉപയോഗിക്കപ്പെടാറുണ്ടെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. എങ്കിലും റഷ്യന്‍ സൈന്യത്തിലെ വിതരണ ശൃംഖലയിലെ ദൗര്‍ബല്യം യാഥാര്‍ഥ്യമാണെന്ന് നിരീക്ഷകര്‍ വിലയിരുത്തുന്നു.

യുക്രെയ്ന്‍ സൈന്യം ഡ്രോണ്‍ ആക്രമണങ്ങളിലൂടെ റഷ്യയുടെ ലോജിസ്റ്റിക് ശൃംഖലകള്‍ ലക്ഷ്യമിടുന്നതും വിതരണ പ്രതിസന്ധി രൂക്ഷമാക്കുന്ന ഘടകമായി കണക്കാക്കപ്പെടുന്നു.