എച്ച് 1ബി വിസകള്‍ മൂന്ന് വര്‍ഷത്തേക്ക് നിര്‍ത്തിവയ്ക്കാന്‍ റിപ്പബ്ലിക്കന്‍ നീക്കം

എച്ച് 1ബി വിസകള്‍ മൂന്ന് വര്‍ഷത്തേക്ക് നിര്‍ത്തിവയ്ക്കാന്‍ റിപ്പബ്ലിക്കന്‍ നീക്കം


വാഷിംഗ്ടണ്‍: അമേരിക്കയില്‍ വിദേശ തൊഴിലാളികള്‍ക്ക് അനുവദിക്കുന്ന എച്ച്- 1ബി വിസ  പദ്ധതി മൂന്ന് വര്‍ഷത്തേക്ക് നിര്‍ത്തിവയ്ക്കാന്‍ റിപ്പബ്ലിക്കന്‍ നിയമനിര്‍മ്മാതാക്കള്‍ നീക്കം തുടങ്ങി. പദ്ധതിയില്‍ വലിയ മാറ്റങ്ങള്‍ കൊണ്ടുവരുന്നതിന് പുതിയ ബില്‍ കോണ്‍ഗ്രസില്‍ അവതരിപ്പിച്ചു.

റിപ്പബ്ലിക്കന്‍ കോണ്‍ഗ്രസ്മാന്‍ ഏലി ക്രെയ്ന്‍ അവതരിപ്പിച്ച എന്‍ഡ് എച്ച്-1ബി വിസ അബ്യൂസ് ആക്ട് ഓഫ് 2026 ബില്‍ നിലവിലെ വിസാ സംവിധാനത്തെ പുനഃസംഘടിപ്പിച്ച് കൂടുതല്‍ കര്‍ശന നിബന്ധനകളോടെ വീണ്ടും ആരംഭിക്കാനാണ് ലക്ഷ്യമിടുന്നത്.

ഫെഡറല്‍ സര്‍ക്കാര്‍ വലിയ കോര്‍പ്പറേഷനുകളുടെ ലാഭത്തിനല്ല, കഠിനാധ്വാനം ചെയ്യുന്ന അമേരിക്കന്‍ പൗരന്മാര്‍ക്കാണ് പ്രവര്‍ത്തിക്കേണ്ടതെന്നും തകരാറിലായ എച്ച് 1ബി സംവിധാനം കാരണം യോഗ്യതയുള്ള അമേരിക്കക്കാര്‍ക്ക് ജോലികള്‍ നഷ്ടപ്പെടുന്നത് തടയേണ്ടത് തങ്ങളുടെ ബാധ്യതയാണെന്ന് ക്രെയിന്‍ പറഞ്ഞു.

ബില്ലിന് പിന്തുണയുമായി റിപ്പബ്ലിക്കന്‍ നേതാക്കളായ ബ്രാന്‍ഡണ്‍ ഗില്‍, പോള്‍ ഗോസര്‍, ആന്റി ഓഗ്ള്‍സ് എന്നിവര്‍ രംഗത്തെത്തി. അമേരിക്കന്‍ തൊഴിലാളികളുടെ താത്പര്യങ്ങള്‍ മുന്‍ഗണന നല്‍കുന്ന തരത്തില്‍ വിസാ സംവിധാനം ശക്തിപ്പെടുത്തണമെന്ന് അവര്‍ ആവശ്യപ്പെട്ടു.

ബില്ലില്‍ നിര്‍ദേശിച്ചിരിക്കുന്ന പ്രധാന മാറ്റങ്ങള്‍ പ്രകാരം നിലവിലെ വാര്‍ഷിക വിസാ പരിധിയായ 65,000 എന്നത് 25,000 ആയി കുറയ്ക്കുകയും ലോട്ടറി സംവിധാനം ഒഴിവാക്കി ശമ്പളത്തെ അടിസ്ഥാനമാക്കിയുള്ള തിരഞ്ഞെടുപ്പ് രീതി നടപ്പാക്കുകയും കുറഞ്ഞത് വര്‍ഷം 2 ലക്ഷം ഡോളര്‍ ശമ്പളം നിര്‍ബന്ധമാക്കാനുമാണ് നിര്‍ദേശം.

അമേരിക്കന്‍ തൊഴിലാളികളെ ലഭ്യമല്ലെന്ന് തൊഴിലുടമകള്‍ സാക്ഷ്യപ്പെടുത്തേണ്ടതും സമീപകാലത്ത് പിരിച്ചുവിടലുകള്‍ നടത്തിയിട്ടില്ലെന്ന് ഉറപ്പാക്കേണ്ടതും നിര്‍ബന്ധമാക്കും. എച്ച്-1ബി വിസാ തൊഴിലാളികള്‍ക്ക് ഒരേസമയം ഒന്നിലധികം ജോലികള്‍ ചെയ്യുന്നത് നിരോധിക്കുകയും മൂന്നാംകക്ഷി സ്റ്റാഫിംഗ് ഏജന്‍സികള്‍ വഴി നിയമനം നല്‍കുന്നതും തടയുകയും ചെയ്യും.

കൂടാതെ, വിസാ ഉടമകള്‍ക്ക് കുടുംബാംഗങ്ങളെ കൊണ്ടുവരുന്നത് വിലക്കുക,  ഓപ്ഷണല്‍ പ്രാക്ടിക്കല്‍ ട്രെയിനിംഗ് (ഒ പി ടി) പദ്ധതി അവസാനിപ്പിക്കുക, സ്ഥിരതാമസത്തിലേക്ക് മാറാനുള്ള വഴികള്‍ അടയ്ക്കുക തുടങ്ങിയ നിര്‍ദേശങ്ങളും ബില്ലില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

എച്ച് 1 ബി പദ്ധതി കുറഞ്ഞ ചെലവിലുള്ള വിദേശ തൊഴിലാളികളെ ഉപയോഗിച്ച് അമേരിക്കക്കാരെ മാറ്റിനിര്‍ത്താനുള്ള സംവിധാനമായി മാറിയിട്ടുണ്ടെന്ന്  പോള്‍ ഗോസര്‍ ആരോപിച്ചു. ഇത് അവസാനിപ്പിച്ച് അമേരിക്കന്‍ തൊഴിലവസരങ്ങള്‍ സംരക്ഷിക്കേണ്ട സമയമാണെന്നും അദ്ദേഹം പറഞ്ഞു.

എന്നാല്‍, ഈ നീക്കം വിവാദങ്ങള്‍ക്ക് ഇടയാക്കാനിടയുണ്ട്. അമേരിക്കന്‍ കമ്പനികള്‍ക്ക് സാങ്കേതികവിദ്യയിലും എഞ്ചിനീയറിംഗിലും ആവശ്യമായ കഴിവുള്ള തൊഴിലാളികളെ ലഭ്യമാക്കുന്നതില്‍ എച്ച് 1 ബി പദ്ധതി നിര്‍ണായകമാണെന്നാണ് വ്യവസായ വൃത്തങ്ങള്‍ വാദിക്കുന്നത്.

പ്രത്യേകിച്ച് ഇന്ത്യയില്‍ നിന്നുള്ള പ്രൊഫഷണലുകള്‍ എച്ച് 1 ബി വിസകളുടെ പ്രധാന ഗുണഭോക്താക്കളാണ്. അതിനാല്‍, ഈ മാറ്റങ്ങള്‍ ഇന്ത്യന്‍ ഐ ടി മേഖലക്കും വിദേശ തൊഴില്‍ അവസരങ്ങള്‍ തേടുന്നവര്‍ക്കും വലിയ സ്വാധീനം ചെലുത്താന്‍ സാധ്യതയുണ്ട്.