ഒഹിയോ റിപ്പബ്ലിക്കന്‍ പ്രൈമറിയില്‍ വിവേക് രാമസ്വാമിക്ക് വന്‍ മുന്നേറ്റം; വിജയ സാധ്യത 97 ശതമാനം കവിഞ്ഞതായി റിപ്പോര്‍ട്ട്

ഒഹിയോ റിപ്പബ്ലിക്കന്‍ പ്രൈമറിയില്‍ വിവേക് രാമസ്വാമിക്ക് വന്‍ മുന്നേറ്റം; വിജയ സാധ്യത 97 ശതമാനം കവിഞ്ഞതായി റിപ്പോര്‍ട്ട്


വാഷിംഗ്ടണ്‍: വിവേക് രാമസ്വാമി ഒഹിയോ ഗവര്‍ണര്‍ സ്ഥാനത്തേക്കുള്ള റിപ്പബ്ലിക്കന്‍ പ്രൈമറിയില്‍ ശക്തമായ മുന്നേറ്റം കൈവരിച്ചതായി റിപ്പോര്‍ട്ട്. മെയ് 5ന് നടക്കുന്ന പ്രൈമറിയില്‍ പാര്‍ട്ടി നാമനിര്‍ദ്ദേശം നേടാനുള്ള അദ്ദേഹത്തിന്റെ സാധ്യത 97.6 ശതമാനമായി ഉയര്‍ന്നതായി പ്രവചന റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

കല്‍ഷി പോളിറ്റിക്‌സ് പുറത്തുവിട്ട കണക്കുകള്‍ പ്രകാരം മറ്റ് സ്ഥാനാര്‍ഥികളെ ഏറെ പിന്നിലാക്കി രാമസ്വാമി മുന്നിലാണ്. കേസി പുട്ട്ഷിന് 1.9 ശതമാനവും ഡേവ് യോസ്റ്റിന് 0.3 ശതമാനവുമാണ് വിജയ സാധ്യത. 

സമീപ ദിവസങ്ങളില്‍ രാമസ്വാമിയുടെ വിജയ സാധ്യത സ്ഥിരമായി ഉയര്‍ന്നതായി ഗ്രാഫുകള്‍ സൂചിപ്പിക്കുന്നു. ഇടക്കിടെ ചെറിയ ഇടിവ് ഉണ്ടായെങ്കിലും പിന്നീട് വേഗത്തില്‍ ഉയര്‍ന്ന് നിലവിലെ നിലയിലെത്തി.

വിപുലമായ ധനശേഖരണവും ശക്തമായ പ്രചാരണ ചെലവും അദ്ദേഹത്തിന്റെ മുന്നേറ്റത്തിന് പിന്തുണയായി. പ്രൈമറിക്ക് മുന്നോടിയായി 10 മില്യണ്‍ ഡോളറിന്റെ പരസ്യ ക്യാമ്പെയ്ന്‍ ആരംഭിച്ചതും ശ്രദ്ധേയമാണ്. മൊത്തം ഫണ്ടിംഗ് 50 മില്യണ്‍ ഡോളര്‍ കവിഞ്ഞതും 30 മില്യണ്‍ ഡോളറിലധികം കയ്യിലുള്ളതുമാണ്.

2024-ലെ റിപ്പബ്ലിക്കന്‍ പ്രസിഡന്‍ഷ്യല്‍ സ്ഥാനാര്‍ഥിത്വ മത്സരത്തില്‍ പങ്കെടുത്തിരുന്ന രാമസ്വാമി 2025 ഫെബ്രുവരിയിലാണ് ഗവര്‍ണര്‍ മത്സരത്തിലിറങ്ങിയത്. അന്നുതന്നെ അമേരിക്കന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ് അദ്ദേഹത്തെ പിന്തുണച്ചിരുന്നു. തുടര്‍ന്ന് ഒഹിയോ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ പിന്തുണയും ലഭിച്ചു.

ക്ലീവ്‌ലാന്‍ഡ് പൊലീസ് പട്രോള്‍മെന്‍ അസോസിയേഷന്‍, ബക്കൈ ഫയര്‍ആംസ് അസോസിയേഷന്‍ തുടങ്ങിയ സംഘടനകളുടെ പിന്തുണയും അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.

ഓഹിയോ ഗവര്‍ണര്‍ തെരഞ്ഞെടുപ്പ് നവംബര്‍ മൂന്നിനാണ് നടക്കുന്നത്. നിലവിലെ ഗവര്‍ണര്‍ മൈക് ഡിവൈന്‍ കാലാവധി പരിധി കാരണം വീണ്ടും മത്സരിക്കില്ല. അതിനാല്‍ തിരഞ്ഞെടുപ്പ് തുറന്ന പോരാട്ടമായിരിക്കുകയാണ്.