എഫ് ബി ഐ മുന്‍ ഡയറക്ടര്‍ ജെയിംസ് കോമിക്കെതിരെ വീണ്ടും കുറ്റപത്രം സമര്‍പ്പിച്ചു

എഫ് ബി ഐ മുന്‍ ഡയറക്ടര്‍ ജെയിംസ് കോമിക്കെതിരെ വീണ്ടും കുറ്റപത്രം സമര്‍പ്പിച്ചു


വാഷിംഗ്ടണ്‍: അമേരിക്കന്‍ ഫെഡറല്‍ അന്വേഷണ ഏജന്‍സിയായ ഫെഡറല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്റെ മുന്‍ ഡയറക്ടര്‍ ജെയിംസ് കോമിക്കെതിരെ വീണ്ടും കുറ്റപത്രം സമര്‍പ്പിച്ചു. യു എസ് നീതിന്യായ വകുപ്പ് ആണ് കേസ് മുന്നോട്ടുകൊണ്ടുപോകുന്നത്.

കേസിന്റെ വ്യക്തമായ കുറ്റങ്ങള്‍ പുറത്തുവിട്ടിട്ടില്ലെങ്കിലും കഴിഞ്ഞ വര്‍ഷം കോമി ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ച ഒരു ചിത്രവുമായി ബന്ധപ്പെട്ടതാണ് പുതിയ ആരോപണങ്ങളെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. '86 47 എന്ന സംഖ്യകള്‍ ചിപ്പികളിലൂടെ രൂപപ്പെടുത്തിയ ചിത്രം വിവാദമായിരുന്നു.

ഈ സംഖ്യകള്‍ എന്താണെന്ന് അറിയില്ലായിരുന്നുവെന്ന് കോമി വ്യക്തമാക്കിയിട്ടുണ്ടെങ്കിലും അമേരിക്കന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ് ഉള്‍പ്പെടെയുള്ള ഭരണകൂടം ഇത് 47-ാമത് പ്രസിഡന്റിനെതിരായ ഭീഷണിയെന്ന നിലയിലാണ് വ്യാഖ്യാനിച്ചത്. 86 എന്നത് സാധാരണയായി ഒഴിവാക്കുക എന്ന അര്‍ഥത്തില്‍ ഉപയോഗിക്കുന്ന സ്ലാങ്ങാണെന്ന് അധികൃതര്‍ ചൂണ്ടിക്കാട്ടുന്നു.

ഇതിന് മുമ്പ് 2020-ല്‍ കോണ്‍ഗ്രസില്‍ നല്‍കിയ സാക്ഷ്യത്തില്‍ തെറ്റായ വിവരങ്ങള്‍ നല്‍കിയതുമായി ബന്ധപ്പെട്ട് കോമിക്കെതിരെ സെപ്റ്റംബറില്‍ കേസ് എടുത്തിരുന്നു. എന്നാല്‍, പ്രോസിക്യൂട്ടറുടെ നിയമനം അസാധുവാണെന്ന് ചൂണ്ടിക്കാട്ടി ഫെഡറല്‍ ജഡ്ജി കേസ് തള്ളിയിരുന്നു.

ഇന്‍സ്റ്റാഗ്രാം പോസ്റ്റിനെ തുടര്‍ന്ന് യു എസ് സീക്രട്ട് സര്‍വീസ് കോമിയെ ചോദ്യം ചെയ്തിരുന്നു. വിവാദം ഉയര്‍ന്നതിനെ തുടര്‍ന്ന് അദ്ദേഹം പോസ്റ്റ് നീക്കം ചെയ്തു. അത് ഒരു രാഷ്ട്രീയ സന്ദേശമാണെന്ന് കരുതിയതായിരുന്നുവെന്നും പക്ഷേ അതിനെ ചിലര്‍ ഹിംസയുമായി ബന്ധിപ്പിക്കുമെന്ന് അറിഞ്ഞില്ലെന്നുമാണ് കോമിയുടെ വിശദീകരണം.

ട്രംപ് ഈ സംഭവത്തെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ചു. ഏതു കുട്ടിക്കും അതിന്റെ അര്‍ഥം മനസ്സിലാകും' എന്നാണ് അദ്ദേഹം പ്രതികരിച്ചത്.

പുതിയ കുറ്റപത്രം ഫെഡറല്‍ ഗ്രാന്‍ഡ് ജ്യൂറിയാണ് സമര്‍പ്പിച്ചത്. മുന്‍ കേസില്‍ കുറ്റം നിഷേധിച്ചിരുന്ന കോമി ഈ കേസിലും നിയമനടപടികള്‍ നേരിടേണ്ടിവരും.