ഒ സി ഐ പദ്ധതിയില്‍ സമഗ്ര പരിഷ്‌ക്കാരങ്ങള്‍ നടപ്പാക്കി

ഒ സി ഐ പദ്ധതിയില്‍ സമഗ്ര പരിഷ്‌ക്കാരങ്ങള്‍ നടപ്പാക്കി


ന്യൂഡല്‍ഹി: പ്രവാസി ഇന്ത്യന്‍ സമൂഹവുമായി ബന്ധപ്പെട്ട ഓവര്‍സീസ് സിറ്റിസണ്‍ ഓഫ് ഇന്ത്യ (ഒ സി ഐ) പദ്ധതിയില്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം പത്ത് വര്‍ഷത്തിന് ശേഷം സമഗ്ര പരിഷ്‌കാരങ്ങള്‍ നടപ്പാക്കി. ഏപ്രില്‍ 1 മുതല്‍ പ്രാബല്യത്തില്‍ വന്ന പുതിയ സംവിധാനത്തില്‍ ആഗോളതലത്തില്‍ ഏകീകൃത ഫീസ് ഘടനയും കര്‍ശനമായ പാസ്പോര്‍ട്ട് അപ്ഡേറ്റ് നിയമങ്ങളും ഉള്‍പ്പെടുത്തിയിട്ടുണ്ട്.

പുതിയ പരിഷ്‌കാരങ്ങള്‍ ലോകമെമ്പാടുമുള്ള 100ലധികം ഇന്ത്യന്‍ എംബസികളും കോണ്‍സുലേറ്റുകളും വഴി സേവനങ്ങള്‍ ലളിതമാക്കുന്നതിനും ബയോമെട്രിക് പരിശോധന സംവിധാനം മെച്ചപ്പെടുത്തുന്നതിനുമാണെന്ന് അധികൃതര്‍ വ്യക്തമാക്കി.

ഏകീകൃത ആഗോള ഫീസ് സംവിധാനം

ഇതുവരെ വിവിധ രാജ്യങ്ങളിലെ മിഷനുകള്‍ വ്യത്യസ്ത ഫീസ് ഈടാക്കിയിരുന്ന സംവിധാനം ഒഴിവാക്കി, പുതിയ ഏകീകൃത ഫീസ് ഘടന നടപ്പാക്കി.

വിദേശത്ത് നിന്ന് പുതിയ ഒ സി ഐ അപേക്ഷയ്ക്ക് 275 ഡോളറും ഇന്ത്യയില്‍ നിന്ന് അപേക്ഷിക്കുമ്പോള്‍ 15,000 രൂപയുമാണ് ഫീസ്. 

പാസ്പോര്‍ട്ട് മാറ്റം അല്ലെങ്കില്‍ വ്യക്തിഗത വിവരങ്ങളില്‍ തിരുത്തല്‍ വരുത്തുമ്പോള്‍ ഒ സി ഐ കാര്‍ഡ് വീണ്ടും നല്‍കാന്‍ 25 ഡോളറാണ് അടക്കേണ്ടത്. 

പാസ്പോര്‍ട്ട് നഷ്ടപ്പെടുകയോ കേടാകുകയോ ചെയ്താല്‍ ഡ്യൂപ്ലിക്കേറ്റ് ഒ സി ഐ കാര്‍ഡ് നല്‍കാന്‍ 100 ഡോളര്‍ ഫീസ് നിശ്ചയിച്ചിട്ടുണ്ട്. കൂടാതെ പഴയ പേഴ്‌സണ്‍സ് ഓഫ് ഇന്ത്യ ഒറിജിന്‍ (പി ഐ ഒ) കാര്‍ഡുകളില്‍ നിന്ന് ഒ സി ഐയിലേക്ക് മാറുന്നതിനും 100 ഡോളര്‍ ഫീസ് ഈടാക്കും.

പുതിയ വിദേശ പാസ്പോര്‍ട്ട് ലഭിച്ചതിന് ശേഷം മൂന്ന് മാസത്തിനുള്ളില്‍ ഒ സി ഐ പ്രൊഫൈല്‍ അപ്ഡേറ്റ് ചെയ്യണം.

90 ദിവസത്തിനുള്ളില്‍ അപ്ഡേറ്റ് ചെയ്യാത്ത പക്ഷം 25 ഡോളര്‍ പിഴ ഈടാക്കും.

പ്രവാസി ഇന്ത്യന്‍ സമൂഹവുമായി ബന്ധപ്പെട്ട ഭരണസംവിധാനം ആധുനികമാക്കുകയും സേവനങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാക്കുകയും ചെയ്യുന്നതിനായാണ് ഈ മാറ്റങ്ങള്‍ കൊണ്ടുവന്നതെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു.