ന്യൂഡൽഹി: രാജ്യത്തെ പ്രധാന തിരിച്ചറിയൽ സംവിധാനമായ ആധാർ കാർഡിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി യൂണിക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ (UIDAI). വ്യക്തിഗത വിവരങ്ങളുടെ സുരക്ഷ ശക്തിപ്പെടുത്തുകയും ദുരുപയോഗം തടയുകയും ചെയ്യുന്നതിനായി ക്യൂ.ആർ കോഡ് അധിഷ്ഠിത സംവിധാനത്തിലേക്കാണ് ആധാർ മാറ്റം വരുത്തുന്നത്.
നിലവിലെ ആധാർ കാർഡിൽ പേര്, വിലാസം, ജനനത്തീയതി, 12 അക്ക നമ്പർ തുടങ്ങിയ വ്യക്തിഗത വിവരങ്ങൾ തുറന്ന നിലയിൽ അച്ചടിച്ചിരിക്കുന്നതാണ്. ഹോട്ടലുകൾ, സ്വകാര്യ സ്ഥാപനങ്ങൾ തുടങ്ങിയവിടങ്ങളിൽ ഈ വിവരങ്ങൾ ഫോട്ടോകോപ്പിയായി ശേഖരിക്കുന്നതിലൂടെ സ്വകാര്യതാ ആശങ്കകൾ ഉയർന്നിരുന്നു.
പുതിയ രൂപകൽപന: കുറഞ്ഞ വിവരങ്ങൾ, കൂടുതൽ സുരക്ഷ
പുതിയ സംവിധാനത്തിൽ ആധാർ കാർഡിൽ ഫോട്ടോയും സുരക്ഷിതമായ ഒരു ക്യൂ.ആർ കോഡും മാത്രമേ ഉണ്ടായിരിക്കൂ. പേര്, വിലാസം, ലിംഗം, ജനനത്തീയതി, ആധാർ നമ്പർ എന്നിവ ഉൾപ്പെടെയുള്ള വിവരങ്ങൾ മുഴുവനും എൻക്രിപ്റ്റ് ചെയ്ത് ക്യൂ.ആർ കോഡിനുള്ളിൽ സംഭരിക്കും.
ഇത് അധികൃതർ അംഗീകരിച്ച ആപ്ലിക്കേഷനുകളിലൂടെയോ സർക്കാർ അംഗീകൃത സ്‌കാനറുകളിലൂടെയോ മാത്രമേ ലഭ്യമാകൂ. അനധികൃതമായി വിവരങ്ങൾ ശേഖരിക്കുന്നതും പകർത്തുന്നതും ഇതിലൂടെ നിയന്ത്രിക്കാനാകും.
ഡിജിറ്റൽ പരിശോധനയ്ക്ക് പ്രാധാന്യം
ഫോട്ടോകോപ്പി സമർപ്പണത്തിന് പകരം ക്യൂ.ആർ കോഡ് സ്‌കാൻ ചെയ്ത് ആവശ്യമായ വിവരങ്ങൾ മാത്രം പരിശോധിക്കുന്ന രീതിയിലേക്കാണ് മാറ്റം. ഇത് 'ഡാറ്റ മിനിമൈസേഷൻ' ആവശ്യത്തിന് മാത്രം വിവരങ്ങൾ പങ്കിടുക-എന്ന ആശയം പ്രാവർത്തികമാക്കുന്നതാണ്.
സുരക്ഷയും തട്ടിപ്പു തടയലും ലക്ഷ്യം
ബാങ്കിംഗ്, ടെലികോം, സർക്കാർ സേവനങ്ങൾ എന്നിവയിൽ വ്യാപകമായി ഉപയോഗിക്കുന്ന ആധാറുമായി ബന്ധപ്പെട്ട തട്ടിപ്പുകളും വ്യാജരേഖകളും വർധിക്കുന്ന സാഹചര്യത്തിലാണ് പുതിയ നീക്കം. എൻക്രിപ്ഷനും റിയൽടൈം പരിശോധനയും ഉൾക്കൊള്ളുന്ന പുതിയ സംവിധാനം ഇത്തരം അപകടസാധ്യതകൾ കുറയ്ക്കുമെന്ന് അധികൃതർ പ്രതീക്ഷിക്കുന്നു.
'ആധാർ വിഷൻ 2032' പദ്ധതിയുടെ ഭാഗമായി നടപ്പാക്കുന്ന ഈ മാറ്റം ഡിജിറ്റൽ വ്യക്തിഗത ഡാറ്റ സംരക്ഷണ നിയമത്തോടും ആഗോള സ്വകാര്യതാ മാനദണ്ഡങ്ങളോടും യോജിച്ച രീതിയിലാണ് രൂപകൽപന ചെയ്തിരിക്കുന്നത്.
പുതിയ സംവിധാനത്തിലൂടെ ഉപയോക്താക്കൾക്ക് സ്വന്തം വിവരങ്ങളിൽ കൂടുതൽ നിയന്ത്രണം ലഭിക്കുകയും സ്വകാര്യത ഉറപ്പാക്കുകയും ചെയ്യും.
ക്യു.ആർ കോഡ് അധിഷ്ഠിത ആധാർ: സ്വകാര്യതയ്ക്കു മുൻഗണന നൽകി വലിയ മാറ്റത്തിനൊരുങ്ങുന്നു
