ലഖ്‌നൗ: ഉത്തർപ്രദേശിലെ ഏറ്റവും ദൈർഘ്യമേറിയ എക്‌സ്പ്രസ് വേയായ ഗംഗ എക്‌സ്പ്രസ് വേ പ്രധാനമന്ത്രി നരേന്ദ്രമോഡി രാജ്യത്തിന് സമർപ്പിച്ചു. മീററ്റിനെ പ്രയാഗ് രാജ് നഗരവുമായി ബന്ധിപ്പിക്കുന്ന ഈ മഹത്തായ പദ്ധതി യാഥാർഥ്യമായതോടെ ദൈർഘ്യമേറിയ യാത്ര സമയം ഗണ്യമായി ചുരുങ്ങും.
594 കിലോമീറ്റർ ദൈർഘ്യമുള്ള എക്‌സ്പ്രസ് വേയ്ക്ക് ഏകദേശം 36,230 കോടി രൂപയാണ് ചെലവ്. മുൻപ് ഏറെ സമയം എടുത്തിരുന്ന യാത്ര ഇനി ആറുമണിക്കൂറിൽ പൂർത്തിയാക്കാനാകും.
സംസ്ഥാനത്തിലെ പ്രധാന നഗരങ്ങളെ ബന്ധിപ്പിക്കുന്ന ഈ പാത നിലവിൽ ആറുവരിപ്പാതയായാണ് നിർമ്മിച്ചിരിക്കുന്നത്. ഭാവിയിൽ എട്ടുവരിപ്പാതയാക്കി വികസിപ്പിക്കാനാകുന്ന രീതിയിലാണ് രൂപകൽപ്പന. മണിക്കൂറിൽ 120 കിലോമീറ്റർ വരെ വേഗത്തിൽ സഞ്ചരിക്കാൻ സാധിക്കുന്ന വിധത്തിലാണ് പാത ഒരുക്കിയിരിക്കുന്നത്.
റെക്കോർഡ് വേഗത്തിലാണ് പദ്ധതിയുടെ നിർമാണം പൂർത്തിയായത്. ഗംഗ എക്‌സ്പ്രസ് വേ യാഥാർഥ്യമായതോടെ ഉത്തർപ്രദേശിന്റെ അടിസ്ഥാന സൗകര്യ വികസനത്തിന് വലിയ ഉത്തേജനം ലഭിക്കുമെന്ന വിലയിരുത്തലാണ് ഉയരുന്നത്.
ഗംഗ എക്‌സ്പ്രസ് വേ പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിച്ചു: മീററ്റ്-പ്രയാഗ് രാജ് യാത്ര ആറുമണിക്കൂറിൽ
