വാഷിംഗ്ടൺ: യുഎസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപിന്റെ ചിത്രം ഉൾപ്പെടുത്തിയ പ്രത്യേക പാസ്‌പോർട്ട് പ്രഖ്യാപനത്തെ പരിഹസിച്ച് കാലിഫോർണിയ ഗവർണർ ഗാവിൻ ന്യൂസം രംഗത്ത്. സോഷ്യൽ മീഡിയയിൽ മുഴുവൻ ക്യാപ്പിറ്റൽ ലെറ്റേഴ്‌സിൽ തയ്യാറാക്കിയ തമാശ പോസ്റ്റാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.
കാലിഫോർണിയയുടെ 175ാം വാർഷികാഘോഷത്തിന്റെ ഭാഗമായി തന്റെ ചിത്രം ഉൾപ്പെടുത്തിയ 'പ്രത്യേക ഡ്രൈവിംഗ് ലൈസൻസ്' പുറത്തിറക്കുമെന്ന് ന്യൂസം പോസ്റ്റിൽ പരിഹസിച്ചു. 'ലോകത്തിലെ ഏറ്റവും മികച്ച ലൈസൻസാണിത്, പലരും പറയുന്നു' എന്ന രീതിയിൽ ട്രംപിന്റെ ശൈലി അനുകരിച്ചാണ് പോസ്റ്റ്. 'ഇത് എന്നെക്കുറിച്ചല്ല, അത്ര സുന്ദരമായ ചിത്രം ഉണ്ടായാലും' എന്ന വാചകവും പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
എന്നാൽ ഈ 'ന്യൂസം ലൈസൻസ്' യാഥാർത്ഥ്യമല്ല. ട്രംപിനെ ട്രോൾ ചെയ്യാനുള്ള ഒരു പരിഹാസപ്രകടനം മാത്രമാണിത് എന്നതാണ് ശ്രദ്ധേയം.
അതേസമയം, ട്രംപിന്റെ ചിത്രം ഉൾപ്പെടുത്തിയ ലിമിറ്റഡ് എഡിഷൻ യുഎസ് പാസ്‌പോർട്ട് യഥാർത്ഥ പദ്ധതിയാണ്. അമേരിക്കയുടെ സ്വാതന്ത്ര്യപ്രഖ്യാപനത്തിന്റെ 250ാം വാർഷികാഘോഷത്തിന്റെ ഭാഗമായി ഈ പ്രത്യേക പതിപ്പ് പുറത്തിറക്കാനാണ് തീരുമാനം. പാസ്‌പോർട്ടിൽ ട്രംപിന്റെ ചിത്രവും ഒപ്പും ഉൾപ്പെടുന്നതുമാണ്.
സാധാരണയായി ചരിത്രവുമായി ബന്ധപ്പെട്ട ചിഹ്നങ്ങൾ മാത്രമുള്ള പാസ്‌പോർട്ടുകളിൽ ജീവിച്ചിരിക്കുന്ന പ്രസിഡന്റിന്റെ ചിത്രം ഉൾപ്പെടുത്തുന്നത് അപൂർവമാണ്. ഈ നീക്കം വീണ്ടും വിവാദങ്ങൾക്ക് വഴിവെക്കുമെന്ന വിലയിരുത്തലും ഉയരുന്നു.
ട്രംപിന്റെ ചിത്രമുള്ള പാസ്‌പോർട്ടിനെ പരിഹസിച്ച് ന്യൂസം: 'എന്റെ ലൈസൻസും വരും' സോഷ്യൽ മീഡിയയിൽ വൈറൽ
